
ക്രൈസ്റ്റ്‌ചര്‍ച്ച്: ഓക്ടോബറിൽ നടക്കാനിരിക്കുന്ന ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ടീമില്‍ 15-കാരൻ വൈഭവ് സൂര്യവംശിയെ ഉൾപ്പെടുത്തുമെന്ന അഭ്യൂഹങ്ങൾക്കിടെ താരത്തിന് വെല്ലുവിളിയുമായി ന്യൂസിലൻഡ് മുഖ്യ പരിശീലകൻ റോബ് വാൾട്ടർ. വേഗതയ്ക്കും ബൗൺസിനും പേരുകേട്ട ന്യൂസിലൻഡ് പിച്ചുകളിൽ വൈഭവ് എങ്ങനെ ബാറ്റ് വീശുമെന്ന് കാണാൻ താൻ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് റോബ് വാൾട്ടർ വ്യക്തമാക്കി.
ഐപിഎല്ലിലും ഇന്ത്യ അണ്ടർ-19 ടീമിനായും മിന്നുന്ന പ്രകടനം പുറത്തെടുത്ത വൈഭവ് സൂര്യവംശി ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ സെഞ്ചുറികൾ നേടിയിട്ടുണ്ടെങ്കിലും ഇതുവരെ ന്യൂസിലൻഡിൽ കളിച്ചിട്ടില്ല. നിലവിൽ അഫ്ഗാനിസ്ഥാതിനും ജപ്പാനുമെതിരായ ടി20 മത്സരങ്ങളിൽ ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ വൈഭവിന് അവസരം ലഭിച്ചിരുന്നില്ല. ഒക്ടോബറിൽ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കായി ഇന്ത്യ ന്യൂസിലൻഡിലേക്ക് പറക്കാനിരിക്കെയാണ് കിവി കോച്ചിന്‍റെ ഈ വാക്കുകൾ.
ഐപിഎല്ലിൽ ലോകത്തിലെ മികച്ച ബോളർമാർക്കെതിരെ സൂര്യവംശി അനായാസം ആധിപത്യം പുലർത്തുന്നത് കണ്ടതാണെന്നും എന്നാൽ വേഗതയേറിയ പിച്ചുകളിലേക്ക് വരുമ്പോൾ ആ ബാറ്റിങ് ശൈലി എങ്ങനെ മാറിമറിയുമെന്ന് കാണാനാണ് തങ്ങൾക്ക് താൽപര്യമെന്നും വാൾട്ടർ പറഞ്ഞു. സ്വന്തം നാട്ടിലെ സാഹചര്യങ്ങളിൽ ഇത്തരം യുവതാരങ്ങൾക്കെതിരെ എങ്ങനെ പന്തെറിയണമെന്ന് തങ്ങൾ കൃത്യമായി തയ്യാറെടുക്കുമെന്നും സമ്മർദ്ദഘട്ടങ്ങളിൽ താരം എങ്ങനെ പ്രതികരിക്കുമെന്ന് കാണുന്നത് കൗതുകകരമായിരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയോടേറ്റ തോൽവിയുടെ ഓർമ്മകൾ ഇപ്പോഴും മനസ്സിലുണ്ടെങ്കിലും പുതിയൊരു പരമ്പരയിൽ മികച്ച തുടക്കം കുറിക്കാനാണ് ന്യൂസിലൻഡ് ലക്ഷ്യമിടുന്നത്. അവസാന ഏഴ് വർഷത്തിനിടെ ഇന്ത്യ നടത്തുന്ന മൂന്നാമത്തെ ന്യൂസിലൻഡ് പര്യടനമാണിത്. ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വൈഭവ് ടീമിൽ ഇടംപിടിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!