അഞ്ച് വിക്കറ്റ് നഷ്ടമായത് വെറും 15 റണ്‍സിന്! മോശം റെക്കോര്‍ഡിന്റെ പട്ടികയില്‍ ന്യൂസിലന്‍ഡ്

By Web TeamFirst Published Jan 21, 2023, 3:24 PM IST
Highlights

ഇന്ത്യക്കെതിരായ ഏകദിനങ്ങളില്‍ ഇത്രയും നേരിയ റണ്‍സിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമാകുന്ന ഒന്നാമത്തെ ടീമായിരിക്കുകയാണ് ന്യൂസിലന്‍ഡ്. മൂന്ന് ടീമുകള്‍ പിന്നാലെയുണ്ട്. ഇക്കാലം വരെ ഇംഗ്ലണ്ടിന്റെ പേരിലായിരുന്നു ഈ മോശം റെക്കോര്‍ഡ്.

റായ്പൂര്‍: റായ്പൂരില്‍ ഇന്ത്യക്കെതിരെ രണ്ടാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന്റെ മുന്‍നിരയക്ക് പിടിച്ചുനില്‍ക്കാന്‍ സാധിച്ചിരുന്നില്ല. 10.3 ഓവറില്‍ സ്‌കോര്‍ബോര്‍ഡില്‍ 15 റണ്‍സ് മാത്രമുള്ളപ്പോള്‍ അവരുടെ അഞ്ച് മുന്‍നിര താരങ്ങളെല്ലാം പവലിയനില്‍ തിരിച്ചെത്തിയിരുന്നു. ഫിന്‍ അലന്‍ (0), ഡെവോണ്‍ കോണ്‍വെ (7), ഹെന്റി നിക്കോള്‍സ് (2), ഡാരില്‍ മിച്ചല്‍ (1), ടോം ലാഥം (1) എന്നിവര്‍ക്ക് തിളങ്ങാനായിരുന്നില്ല. അഞ്ചില്‍ രണ്ട് വിക്കറ്റും വീഴ്ത്തിയത് മുഹമ്മദ് ഷമിയായിരുന്നു. തകര്‍ച്ചയ്ക്ക് പിന്നാലെ മോശം റെക്കോര്‍ഡിന്റെ പട്ടികയില്‍ ഇടം പിടിച്ചു ന്യൂസിലന്‍ഡ്. 

ഇന്ത്യക്കെതിരായ ഏകദിനങ്ങളില്‍ ഇത്രയും നേരിയ റണ്‍സിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടമാകുന്ന ഒന്നാമത്തെ ടീമായിരിക്കുകയാണ് ന്യൂസിലന്‍ഡ്. മൂന്ന് ടീമുകള്‍ പിന്നാലെയുണ്ട്. ഇക്കാലം വരെ ഇംഗ്ലണ്ടിന്റെ പേരിലായിരുന്നു ഈ മോശം റെക്കോര്‍ഡ്. ഈ വര്‍ഷം ഓവലില്‍ ഇംഗ്ലണ്ടിന് അഞ്ചിന് 26 എന്ന നിലയില്‍ തകര്‍ന്നിരുന്നു. പാകിസ്ഥാന്‍ മൂന്നാമതായി. 1997ല്‍ കൊളംബോയില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ അഞ്ചിന് 29 എന്ന നിലയിലായിരുന്നു. 2005ല്‍ ഹരാരെയില്‍ സിംബാബ്‌വെ അഞ്ചിന് 30 എന്ന നിലയിലുമായി. 

ന്യൂസിലന്‍ഡ് മുന്‍നിരയുടെ മോശം പ്രകടനം കൂടിയാണിത്. 2001ല്‍ ശ്രീലങ്കയ്‌ക്കെതിരെ കൊളംബോയില്‍ അഞ്ചിന് 18 എന്ന നിലയില്‍ തകര്‍ന്നത് രണ്ടാം സ്ഥാനത്തായി. 2010ല്‍ മിര്‍പൂരില്‍ ബംഗ്ലാദേശിനെതിരെ അഞ്ചിന് 20 നിലയിലുമായിരുന്നു ന്യൂസിലന്‍ഡ്. 2003ല്‍ ഓസ്‌ട്രേലിയക്കെതിരെ  ഫരീദാബാദില്‍ അഞ്ചിന് 21 എന്ന നിലയിലും കിവീസ് തകരുകയുണ്ടായി.

ന്യൂസിലന്‍ഡിന് ഇന്ന് ജയിച്ചാല്‍ മാത്രമെ പരമ്പരയിലേക്ക് തിരിച്ചുവരാന്‍ സാധിക്കൂ. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. എന്നാല്‍ അത്ര നല്ല സൂചനയില്ല റായ്പൂരില്‍ നിന്ന് ലഭിക്കുന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 23 ഓവറില്‍ ആറിന് 67 എന്ന നിലയിലാണ് സന്ദര്‍ശകര്‍. അഞ്ച് താരങ്ങള്‍ക്ക് പുറമെ മൈക്കല്‍ ബ്രേസ്‌വെല്ലിന്റെ (22) വിക്കറ്റും അവര്‍ക്ക് നഷ്ടമായി. ഷമിക്കാണ് വിക്കറ്റ്. ഗ്ലെന്‍ ഫിലിപ്‌സ് (22), മിച്ചല്‍ സാന്റ്‌നര്‍ (6) എന്നിവരാണ് ക്രീസില്‍.

ഏകദിന ലോകകപ്പിന് ശേഷം രോഹിത് ശര്‍മ്മയുടെ വിരമിക്കല്‍? പുതിയ സൂചന പുറത്ത്

click me!