ഇന്ത്യന്‍ ക്രിക്കറ്റ് ടീം സ്‌പ്ലിറ്റ് ക്യാപ്റ്റന്‍സിയിലേക്ക് തിരിയുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്

മുംബൈ: ഈ വര്‍ഷത്തെ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ഒന്നോ അതിലധികമോ ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ചേക്കുമെന്ന് സൂചന. രോഹിത്തിന്‍റെ പിന്‍ഗാമിയെ ചൊല്ലി ബിസിസിഐ ഇതിനകം ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഏകദിന, ടെസ്റ്റ് നായക പദവികള്‍ ആര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ ലോകകപ്പിന് ശേഷം ബിസിസിഐ തീരുമാനം കൈക്കൊള്ളും. നിലവില്‍ വൈസ് ക്യാപ്റ്റനായ ഹാര്‍ദിക് പാണ്ഡ്യ ഏകദിനത്തിലും കെ എല്‍ രാഹുല്‍ ടെസ്റ്റിലും നായകനായേക്കും എന്നാണ് ഇന്‍സൈഡ് സ്‌പോര്‍ടിന്‍റെ റിപ്പോര്‍ട്ട്. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീം സ്‌പ്ലിറ്റ് ക്യാപ്റ്റന്‍സിയിലേക്ക് തിരിയുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്. മുപ്പത്തിയാറുകാരനായ രോഹിത് ശര്‍മ്മയുടെ ട്വന്‍റി 20 ക്യാപ്റ്റന്‍സി ഏതാണ്ട് അവസാനിച്ച മട്ടാണ്. ഹാര്‍ദിക് പാണ്ഡ്യയെ ടി20 ക്യാപ്റ്റനായി ഇതിനകം ബിസിസിഐ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്. 'തീര്‍ച്ചയായും രോഹിത്തിന്‍റെ പിന്‍ഗാമിയുടെ കാര്യത്തില്‍ പദ്ധതികളുണ്ട്. എന്നാല്‍ ഭാവി ക്യാപ്റ്റനെ കുറിച്ച് സംസാരിക്കാനുള്ള സമയമല്ല ഇത്. രോഹിത് നമ്മുടെ ക്യാപ്റ്റനാണ്, ഏത് തീരുമാനവും ലോകകപ്പിന് ശേഷമേ കൈക്കൊള്ളൂ. തന്‍റെ ഭാവി സംബന്ധിച്ചുള്ള തീരുമാനം രോഹിത് ലോകകപ്പിന് ശേഷം കൈക്കൊണ്ടേക്കും. ഏകദിനത്തില്‍ നിലവിലെ വൈസ് ക്യാപ്റ്റനായ ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റന്‍സി ഏറ്റെടുക്കാനാണ് സാധ്യത' എന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 

ജസ്പ്രീത് ബുമ്ര ടെസ്റ്റില്‍ ഭാവി നായകനായേക്കും എന്ന സൂചനകള്‍ മുമ്പ് വന്നിരുന്നെങ്കിലും താരത്തിനെ പരിക്ക് അടിക്കടി പിടികൂടുന്നത് ടീമിനെ ആശങ്കപ്പെടുത്തുന്നുണ്ട്. മാത്രമല്ല, ബുമ്ര ഓള്‍-ഫോര്‍മാറ്റ് പ്ലെയര്‍ ആയതിനാല്‍ അധിക സമ്മര്‍ദം നല്‍കാനുമാവില്ല. ടെസ്റ്റ് ക്യാപ്റ്റന്‍സിയിലേക്ക് മുമ്പ് പറഞ്ഞുകേട്ടിരുന്ന മറ്റൊരു പേര് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്‍റേതാണ്. ട്വന്‍റി 20 ഫോര്‍മാറ്റില്‍ നിന്ന് രോഹിത് ശര്‍മ്മ, വിരാട് കോലി തുടങ്ങിയ സീനിയര്‍ താരങ്ങളെ ഒഴിവാക്കിയുള്ള ഭാവി പദ്ധതികള്‍ ബിസിസിഐ ഇതിനകം തുടങ്ങിയിട്ടുണ്ട്. 

കോണ്‍വെയെ മടക്കിയ ഹാര്‍ദ്ദിക്കിന്‍റെ വണ്ടര്‍ ക്യാച്ച്-വീഡിയോ