പവര്‍പ്ലേയില്‍ ഗുപ്റ്റില്‍ വെടിക്കെട്ട്; കിവീസിന് ഗംഭീര തുടക്കം

By Web TeamFirst Published Feb 11, 2020, 12:32 PM IST
Highlights

ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ കെ എല്‍ രാഹുലിന്‍റെ സെഞ്ചുറിയുടെയും ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ചുറിയുടെയും കരുത്തില്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 296 റണ്‍സെടുത്തു

ബേ ഓവല്‍: മൂന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ 296 റണ്‍സ് പിന്തുടരുന്ന ന്യൂസിലന്‍ഡിന് ഗംഭീര തുടക്കം. ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്റ്റിലും ഹെന്‍‌റി നിക്കോള്‍സും തകര്‍ത്തടിക്കുമ്പോള്‍ കിവീസ് പവര്‍പ്ലേയില്‍ 65 റണ്‍സ് നേടി. ഒരു വിക്കറ്റ് പോലും വീഴ്‌ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായിട്ടില്ല. ഗുപ്റ്റില്‍ 27 പന്തില്‍ 43 റണ്‍സും ഹെന്‍‌റി 33 പന്തില്‍ 20 റണ്‍സും എടുത്തിട്ടുണ്ട്. 

ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ കെ എല്‍ രാഹുലിന്‍റെ സെഞ്ചുറിയുടെയും ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ചുറിയുടെയും കരുത്തില്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 296 റണ്‍സെടുത്തു. രാഹുലിന്‍റെ നാലാം ഏകദിന സെഞ്ചുറിയാണ് ബേ ഓവലില്‍ പിറന്നത്. ഏകദിനത്തില്‍ അഞ്ചാം നമ്പറില്‍ ഇതാദ്യമായാണ് രാഹുല്‍ മൂന്നക്കം കാണുന്നത്. മനീഷ് പാണ്ഡെയുടെ പ്രകടനവും നിര്‍ണായകമായി. ന്യൂസിലന്‍ഡിനായി ഹാമിഷ് ബെന്നറ്റ് നാല് വിക്കറ്റ് നേടി. 

സ്‌കോര്‍ ബോര്‍ഡില്‍ 62 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് മുന്‍നിര ബാറ്റ്സ്‌മാന്‍മാരെ ഇന്ത്യക്ക് നഷ്‌ടമായിരുന്നു. ഒരു റണ്‍സെടുത്ത ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ രണ്ടാം ഓവറിലെ അവസാന പന്തില്‍ കെയ്‌ല്‍ ജമൈസണ്‍ ബൗള്‍ഡാക്കി. വിരാട് കോലിയെ ഏഴാം ഓവറില്‍ ഹാമിഷ് ബെന്നറ്റിന്‍റെ പന്തില്‍ ജമൈസണ്‍ പിടിച്ചു. ഒന്‍പത് റണ്‍സ് മാത്രമാണ് കിംഗ് കോലിക്ക് നേടാനായത്. 42 പന്തില്‍ 40 റണ്‍സെടുത്ത പൃഥ്വി ഷാ ബെന്നറ്റിന്‍റെ 13-ാം ഓവറിലെ ആദ്യ പന്തില്‍ റണ്‍ഔട്ടായി. 

ഇതിനുശേഷം 100 റണ്‍സ് കൂട്ടുകെട്ടുമായി ഇന്ത്യയെ കരകയറ്റി ശ്രേയസും രാഹുലും. എട്ടാം ഫിഫ്റ്റി നേടിയ ശ്രേയസ് 63 പന്തില്‍‍ 62 റണ്‍സെടുത്ത് മടങ്ങി. രാഹുല്‍ 104 പന്തില്‍ നാലാം സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ, ബെന്നറ്റ് എറിഞ്ഞ 47-ാം ഓവറില്‍ അടുത്ത പന്തുകളില്‍ രാഹുലും പാണ്ഡെയും പുറത്തായി. രാഹുല്‍ 113 പന്തില്‍ 112 ഉം പാണ്ഡെ 48 പന്തില്‍ 42 ഉം റണ്‍സെടുത്തു. അവസാന ഓവറുകളില്‍ ജഡേജയും(8*) ഠാക്കൂറും(7) സൈനിയും(8*) ഇന്ത്യയെ 300ന് അടുത്തെത്തിച്ചു

ബേ ഓവലില്‍ ടോസ് നേടിയ കിവീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ കേദാര്‍ ജാദവിന് പകരം മനീഷ് പാണ്ഡെ പ്ലേയിംഗ് ഇലവനിലെത്തി. ന്യൂസിലന്‍ഡ് നിരയില്‍ നായകന്‍ കെയ്‌ന്‍ വില്യംസണ്‍ തിരിച്ചെത്തി. ചാപ്‌മാനും ടോം ബ്ലെന്‍ഡലും പുറത്തിരിക്കുമ്പോള്‍ സ്‌പിന്നര്‍ മിച്ചല്‍ സാന്‍റ്‌നറും മടങ്ങിയെത്തി. ഇന്ന് തോറ്റാല്‍ ഇന്ത്യ 3-0ന് വൈറ്റ്‌വാഷ് ചെയ്യപ്പെടും. ആദ്യ രണ്ട് ഏകദിനങ്ങളും ന്യൂസിലന്‍ഡ് വിജയിച്ചിരുന്നു. 

click me!