
കാര്‍ഡിഫ്: ഇംഗ്ലണ്ടിനെതിരെ ഒന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് 292 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിന് ജോസ് ബട്‌ലര്‍ (72), ബെന്‍ സ്‌റ്റോക്‌സ്, (52), ഡേവിഡ് മലാന്‍ (54), ലിയാം ലിവിംഗ്‌സ്റ്റണ്‍ (52) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ന്യൂസിലന്‍ഡിനായി രചിന്‍ രവീന്ദ്ര മൂന്ന് വിക്കറ്റ് വീഴ്ത്തി. നാല് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നേരത്തെ, അവസാനിച്ച ടി20 പരമ്പര 2-2 സമനിലയില്‍ അവസാനിച്ചിരുന്നു.
മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ ഹാരി ബ്രൂക്ക് (25) - മലാന്‍ സഖ്യം 80 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ തുടര്‍ച്ചയായ രണ്ട് ഓവറുകളില്‍ ഇംഗ്ലണ്ടിന് വിക്കറ്റ് നഷ്ടമായി. മലാനെ, ലോക്കി ഫെര്‍ഗൂസണ്‍ ആദ്യം മടക്കി. മലാനെ, രചിന്‍ ബൗള്‍ഡാക്കുകയായിരുന്നു. ജൂ റൂട്ടിന് (6) തിളങ്ങാനായതുമില്ല. രചിനാണ് വിക്കറ്റ് വീഴ്ത്തിയതും. പിന്നീട് അഞ്ചാം വിക്കറ്റില്‍ സ്റ്റോക്‌സ് - ബട്‌ലര്‍ സഖ്യം കൂട്ടിചേര്‍ത്ത 88 റണ്‍സാണ് ഇംഗ്ലണ്ടിനെ രക്ഷിച്ചത്.
വിരമിക്കലിന് ശേഷം തിരിച്ചെത്തിയ സ്‌റ്റോക്‌സ് അവസരം മുതലാക്കുകയും ചെയ്യും. ഏകദിന ലോകകപ്പ് മുന്നില്‍ നില്‍ക്കെയാണ് സ്‌റ്റോക്‌സിനെ തിരിച്ചുവിളിച്ചത്. 69 പന്തുകള്‍ നേരിട്ട സ്റ്റോക്‌സ് ഒരു സിക്‌സും മൂന്ന് ഫോറും നേടി. സ്‌റ്റോക്‌സ് മടങ്ങിയ ശേഷം ലിവിംഗ്‌സറ്റണ്‍ മികച്ച പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റന്‍ ബട്‌ലര്‍ക്കൊപ്പം 77 റണ്‍സ് ചേര്‍ക്കാനും ലിവിംഗ്സ്റ്റണായി. ഇരുവരും മടങ്ങിയപ്പോള്‍ പ്രതീക്ഷിച്ച പോലെ സ്‌കോര്‍ ഉയര്‍ത്താന്‍ ഇംഗ്ലണ്ടിനായതുമില്ല. ക്രിസ് വോക്‌സ് (4), ഡേവിഡ് വില്ലി (21) പുറത്താവാതെ നിന്നു.
രചിന് പുറമെ ടിം സൗത്തി രണ്ട് വിക്കറ്റെടുത്തു. ലോക്കി ഫെര്‍ഗൂസണ് ഒരു വിക്കറ്റുണ്ട്. മറുപടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലന്‍ഡ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സെടിത്തിട്ടുണ്ട്. ഡെവോണ്‍ കോണ്‍വെ (6), വില്‍ യംഗ് (2) എന്നിവരാണ് ക്രീസില്‍.