കോലിക്കും ശ്രേയസിനും അര്‍ധ സെഞ്ചുറി; ഹാമില്‍ട്ടണില്‍ ഇന്ത്യ ശക്തമായ നിലയില്‍

By Web TeamFirst Published Feb 5, 2020, 9:53 AM IST
Highlights

നായകന്‍ വിരാട് കോലി 61 പന്തിലും ശ്രേയസ് അയ്യര്‍ 66 പന്തിലും അര്‍ധ സെഞ്ചുറി തികച്ചു. കോലിയുടെ 58-ാം ഏകദിന ഫിഫ്റ്റിയും ശ്രേയസിന്‍റെ ഏഴാം അര്‍ധവുമാണ് ഹാമില്‍ട്ടണില്‍ പിറന്നത്. 

ഹാമില്‍ട്ടണ്‍: ഹാമില്‍ട്ടണ്‍ ഏകദിനത്തില്‍ ഓപ്പണര്‍മാര്‍ പുറത്തായശേഷം ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. നായകന്‍ വിരാട് കോലി 61 പന്തിലും ശ്രേയസ് അയ്യര്‍ 66 പന്തിലും അര്‍ധ സെഞ്ചുറി തികച്ചു. കോലിയുടെ 58-ാം ഏകദിന ഫിഫ്റ്റിയും ശ്രേയസിന്‍റെ ഏഴാം അര്‍ധവുമാണ് ഹാമില്‍ട്ടണില്‍ പിറന്നത്. എന്നാല്‍ അര്‍ധ സെഞ്ചുറിക്ക് പിന്നാലെ 51ല്‍ നില്‍ക്കേ കോലി പുറത്തായി. 33 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 177/3 എന്ന സ്‌കോറിലാണ് ഇന്ത്യ. ശ്രേയസ് അയ്യര്‍ക്കൊപ്പം കെ എല്‍ രാഹുലാണ് ക്രീസില്‍.

ഹാമില്‍ട്ടണില്‍ പുതു ഓപ്പണര്‍മാര്‍ കരുതലോടെയാണ് തുടങ്ങിയത്. പതുക്കെ ഗിയര്‍ മാറ്റിയ ഇരുവരും എട്ടാം ഓവറില്‍ 50 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു. എന്നാല്‍ ഇതേ ഓവറിലെ അവസാന പന്തില്‍ ഷായെ ഗ്രാന്‍‌ഹോം വിക്കറ്റ് കീപ്പര്‍ ടോം ലാഥമിന്‍റെ കൈകളിലെത്തിച്ചു. 21 പന്തില്‍ 20 റണ്‍സാണ് കരിയറിലെ ആദ്യ ഏകദിനത്തില്‍ ഷായുടെ സമ്പാദ്യം. തൊട്ടടുത്ത ഓവറില്‍ മായങ്ക് അഗര്‍വാളിനെ സൗത്തിയുടെ പന്തില്‍ ടോം ബ്ലെന്‍‌ഡല്‍ പിടികൂടി. മായങ്ക് 31 പന്തില്‍ 32 റണ്‍സെടുത്തു. 

ഓപ്പണര്‍മാരായ പൃഥ്വി ഷായും മായങ്ക് അഗര്‍വാളും അടുത്തടുത്ത ഓവറുകളില്‍ പുറത്തായ ശേഷം ഇന്ത്യയെ മുന്നോട്ടുനയിക്കുകയിരുന്നു കോലിയും ശ്രേയസ് അയ്യരും. ഇരുവരും മൂന്നാം വിക്കറ്റില്‍ 102 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 29-ാം ഓവറില്‍ ഇഷ് സോധിയുടെ പന്തില്‍ കോലി ബൗള്‍ഡാവുകയായിരുന്നു. 

ആദ്യ ഏകദിനത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അഞ്ചാം നമ്പറിലെത്തുന്ന കെ എൽ രാഹുലായിരിക്കും വിക്കറ്റ് കീപ്പർ. പരുക്കേറ്റ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ഇല്ലാതെയിറങ്ങുന്ന ന്യൂസിലൻഡിനെ നയിക്കുന്നത് വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ ടോം ലാഥമാണ്. ട്വന്‍റി 20 പരമ്പരയിലെ അഞ്ചു കളിയും ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ.

click me!