
ക്രൈസ്റ്റ്ചര്‍ച്ച്: ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ന്യൂസിലന്‍ഡിന് ജയം. ക്രൈസ്റ്റ്ചര്‍ച്ചില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗല്‍ ന്യൂസിലന്‍ഡ് 17.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 70 റണ്‍സ് നേടി പുറത്താവാതെ നിന്ന ഡെവോണ്‍ കോണ്‍വെയാണ് ന്യൂസിലന്‍ഡിനെ വിജയത്തിലേക്ക് നയിച്ചത്.
ഓപ്പണറായെത്തിയ കോണ്‍വെ 50 പന്തില്‍ ഒരു സിക്‌സിന്റേയും ഏഴ് ഫോറിന്റേയും സഹായത്തോടെയാണ് 70 റണ്‍സെടുത്തത്. സഹ ഓപ്പണര്‍ ഫിന്‍ അലനെ (16) നേരത്തെ നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണെ കൂട്ടുപിടിച്ച് കോണ്‍വെ കിവീസിനെ മുന്നോട്ട് നയിച്ചു. ഇരുവരും 85 റണ്‍സ് കൂട്ടിചേര്‍ത്തു. വിജയത്തിനടുത്ത് വില്യംസണിന്റെ (30) വിക്കറ്റ് നഷ്ടമായെങ്കിലും ഗ്ലെന്‍ ഫിലിഫ്‌സിന്റെ (9 പന്തില്‍ 23) കൂറ്റനടികള്‍ ന്യൂസിലന്‍ഡിനെ വിജയത്തിലേക്ക് നയിച്ചു. രണ്ട് വീതം സിക്‌സും ഫോറും അടങ്ങുന്നതായിരുന്നു ഫിലിപ്‌സിന്റെ ഇന്നിംഗ്‌സ്. ബംഗ്ലാദേശിനായി ഷൊറിഫുള്‍ ഇസ്ലാം, ഹസന്‍ മഹ്മൂദ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
നേരത്തെ, 33 റണ്‍സ് നേടിയ നജ്മുല്‍ ഹുസൈന്‍ ഷാന്റോ മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ തിളങ്ങിയത്. അഫിഫ് ഹുസൈന്‍ (24), നൂറുല്‍ ഹസന്‍ (25) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങള്‍. മെഹ്ദി ഹസന്‍ മിറാസ് (5), ലിറ്റണ്‍ ദാസ് (15), മൊസദെക് ഹുസൈന്‍ (2), യാസിര്‍ അലി (7), ഷാക്കിബ് അല്‍ ഹസന്‍ (16), ടസ്‌കിന്‍ അഹമ്മദ് (3) എന്നിവരാണണ് പുരത്തായ മറ്റു ബംഗ്ലാദേശ് താരങ്ങള്‍. ഹസന്‍ മഹ്മൂദ് (1), നൂറുല്‍ ഹസനൊപ്പം പുറത്താവാതെ നിന്നു.
ട്രന്റ് ബോള്‍ട്ട്, ടിം സൗത്തി, മൈക്കല്‍ ബ്രേസ്‌വെല്‍, ഇഷ് സോധി എന്നിവര്‍ ന്യൂസിലന്‍ഡിനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത ബ്രേസ്‌വെല്ലാണ് മത്സരത്തിലെ താരം.