സ്ഥിരത കാണിക്കാതെ ഇന്ത്യന്‍ ബൗളര്‍മാര്‍ റണ്‍സ് വഴങ്ങുന്നു എന്ന പഴിയാണ് ഷര്‍ദ്ദുലിനെ ചൊടിപ്പിച്ചത്

റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര നഷ്‌ടമാകാതിരിക്കാന്‍ ടീം ഇന്ത്യ ഇന്ന് ഇറങ്ങുകയാണ്. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് റാഞ്ചിയില്‍ നടക്കും. മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കടുത്ത ഭാഷയിലുള്ള മറുപടിയാണ് ഇന്ത്യന്‍ പേസര്‍ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ നല്‍കിയത്. ഇന്ത്യന്‍ ബൗളര്‍മാര്‍ റണ്‍സ് വഴങ്ങുന്നു എന്ന പഴിയാണ് ഷര്‍ദ്ദുലിനെ ചൊടിപ്പിച്ചത്. 

'ഇന്ത്യയില്‍ കളിക്കുമ്പോള്‍ എതിര്‍ ടീമിലെ ബൗളര്‍മാരും റണ്‍സേറെ വഴങ്ങാറുണ്ട്. വിമര്‍ശിക്കുമ്പോള്‍ അവരേയും വിമര്‍ശിക്കണം. റണ്‍സേറെ വിട്ടുകൊടുത്തിട്ടും ദക്ഷിണാഫ്രിക്കയ്ക്കാതിരായ ടി20 പരമ്പര നമ്മള്‍ നേടി. ഏതെങ്കിലുമൊരു താരത്തിന്‍റെ സ്ഥിരതയെക്കുറിച്ച് ചോദിക്കും മുമ്പ് നിങ്ങള്‍ ടീം കളിച്ച മത്സര സാഹചര്യവും പിച്ചും പരിശോധിക്കണം. എല്ലാ ബൗളര്‍മാരും റണ്‍സ് വഴങ്ങിയ ചുരുക്കം സാഹചര്യങ്ങളിലേ ഏകദിനത്തില്‍ 350 റണ്‍സ് ഒരു ടീം നേടിയിട്ടുള്ളൂ. ഇന്ത്യയില്‍ നടന്ന ഒരു മത്സരങ്ങളും ഏകപക്ഷീയമായിരുന്നില്ല. പിച്ചിന്‍റെ സാഹചര്യം പ്രശ്‌നമാകാതെ മികച്ച പോരാട്ടം ഞങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. ഇവിടെ ഒന്നോ രണ്ടോ മത്സരങ്ങള്‍ തോറ്റിറ്റുണ്ടാകും. പക്ഷേ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ടീം ഇന്ത്യ വിജയിച്ചതും ഇവിടെയാണ്. അതിനാല്‍ ഈ ടീമിനുള്ളില്‍ ഏറെ സ്ഥിരതയുണ്ട് എന്നാണ് എന്‍റെ വിശ്വാസം'- ഷര്‍ദ്ദുല്‍ പറ‌ഞ്ഞു. 

ധോണിയുടെ അസാന്നിധ്യം ഇന്ത്യന്‍ ബൗളര്‍മാരുടെ സ്ഥിരതയെ ബാധിക്കുന്നുണ്ടോ ഇപ്പോള്‍ എന്ന ചോദ്യത്തിനും ഠാക്കൂര്‍ മറുപടി നല്‍കി. 'എല്ലാ താരങ്ങളും ധോണിയെ മിസ്സ് ചെയ്യും. അദ്ദേഹത്തിന്‍റെ പരിചയസമ്പത്ത് തന്നെ കാരണം. 300ലധികം ഏകദിനങ്ങളും 90ലധികം ടെസ്റ്റ് മത്സരങ്ങളും ധോണി കളിച്ചിട്ടുണ്ട്. അതിനാല്‍ ധോണിയോളം പരിചയസമ്പത്തുള്ള ഒരാളെ കണ്ടെത്തുക എളുപ്പമല്ല. ഞങ്ങളുടെ തലമുറ ധോണിക്ക് കീഴില്‍ കളിച്ചവരാണ്, അതിനാല്‍ തീര്‍ച്ചയായും അദ്ദേഹത്തെ മിസ്സ് ചെയ്യും' എന്നും ഷര്‍ദ്ദുല്‍ കൂട്ടിച്ചേര്‍ത്തു. 

ടി20 ലോകകപ്പ്: ബുമ്രയുടെ പകരക്കാരന്‍റെ പേരായി, ഇന്ന് പ്രഖ്യാപനം?