സ്‌റ്റോയിനിസിന്റെ പോരാട്ടം പാഴായി; ഓസീസിനെതിരായ ടി20 പരമ്പരയില്‍ കിവീസിന് തുടര്‍ച്ചയായ രണ്ടാം ജയം

Published : Feb 25, 2021, 11:13 AM IST
സ്‌റ്റോയിനിസിന്റെ പോരാട്ടം പാഴായി; ഓസീസിനെതിരായ ടി20 പരമ്പരയില്‍ കിവീസിന് തുടര്‍ച്ചയായ രണ്ടാം ജയം

Synopsis

അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ കിവീസ് 2-0ത്തിന് മുന്നിലെത്തി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് നേടി.  

ഡ്യുനെഡിന്‍: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ന്യൂസിലന്‍ഡിന് തുടര്‍ച്ചയായ രണ്ടാം ജയം. ഡ്യുനെഡിനില്‍ നടന്ന മത്സരത്തില്‍ നാല് റണ്‍സിന്റെ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ കിവീസ് 2-0ത്തിന് മുന്നിലെത്തി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് നേടി. ഓസീസിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്.

മത്സരത്തില്‍ ഓസീസ് തോല്‍വി ഉറപ്പിച്ചതായിരുന്നു. എന്നാല്‍ അവസാന ഏഴ് ഓവറുകളില്‍ മാര്‍കസ് സ്‌റ്റോയിനിസ് (37 പന്തില്‍ 78), ഡാനിയേല്‍ സാംസ് (15 പന്തില്‍ 41) എന്നിവര്‍ നടത്തിയ പോരാട്ടാണ് അവരെ വിജയത്തിന് അടുത്തെത്തിച്ചത്. 13 ഓവറില്‍ ആറിന് 113 എന്ന നിലയിലായിരുന്നു ഓസീസ്. എന്നാല്‍ ഇരുവരും കൂട്ടിച്ചേര്‍ത്ത 92 റണ്‍സ് സന്ദര്‍ശകരെ വിജയത്തിനടുത്തെത്തിച്ചു. അവസാന ഓവര്‍ എറിയാനെത്തിയ ജയിംസ് നീഷാമാണ് മത്സരം കിവീസിന് അനുകൂലമാക്കിയത്.

അവസാന ഓവറില്‍ 15 റണ്‍സാണ് ഓസീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ആദ്യ പന്തില്‍ തന്നെ നീഷാം സാംസിനെ പുറത്താക്കി. അടുത്ത രണ്ട് പന്തുകളിലും റണ്‍സ് വിട്ടുകൊടുത്തില്ല. എന്നാല്‍ നാലാം പന്തില്‍ സ്റ്റോയിനിസ് സിക്‌സര്‍ പായിച്ചു. അഞ്ചാം പന്തില്‍ നീഷാം തിരിച്ചടിച്ചു. സ്‌റ്റോയിനിസ് പുറത്ത്. അവസാന പന്തില്‍ ജേ റിച്ചാര്‍ഡ്‌സണ്‍ ബൗണ്ടറി പായിച്ചെങ്കിലും കിവീസ് ജയം ഉറപ്പാക്കിയിരുന്നു. നേരത്തെ ട്രന്റ് ബോള്‍ട്ട് എറിഞ്ഞ 18-ാം ഓവറാണ് മത്സരം മാറ്റിയത്. ആ ഓവറില്‍ ആറ് റണ്‍സ് മാത്രമാണ് ബോള്‍ട്ട് വിട്ടുകൊടുത്തത്.

സ്റ്റോയിനിസ്, സാംസ് എന്നിവരെ കൂടാതെ ജോഷ് ഫിലിപ്പെ (45) മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. മാത്യു വെയ്ഡ് (24), ആരോണ്‍ ഫിഞ്ച് (12), ഗ്ലെന്‍ മാക്‌സ്‌വെല്‍ (3), ആഷ്ടണ്‍ അഗര്‍ (0), മിച്ചല്‍ മാര്‍ഷ് (0) എന്നിവര്‍ നിരാശപ്പെടുത്തി. നാല് ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടിയ മിച്ചല്‍ സാന്റ്‌നറാണ് കിവീസ് ബൗളര്‍മാരില്‍ തിളങ്ങിയത്. നീഷാം രണ്ടും ടിം സൗത്തി, ഇഷ് സോഥി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നേരത്തെ മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ 97 റണ്‍സാണ് ന്യൂസിലന്‍ഡിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 50 പന്തില്‍ എട്ട് സിക്‌സിന്റേയും ആറ് ഫോറിന്റേയും സഹായത്തോടെയാണ് ഗപ്റ്റില്‍ ഇത്രയും റണ്‍സെടുത്തത്. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (35 പന്തില്‍ 53), ജയിംസ് നീഷാം (16 പന്തില്‍ പുറത്താവാതെ 45) നിര്‍ണായക സംഭാവന നല്‍കി. ടിം സീഫെര്‍ട്ട് (3), ഗ്ലെന്‍ ഫിലിപ്‌സ് (8), ഡെവോണ്‍ കോണ്‍വെ (2), മിച്ചല്‍ സാന്റ്‌നര്‍ (0), ടിം സൗത്തി (6) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. കെയ്ല്‍ ജാമിസണ്‍ (0) നീഷാമിനൊപ്പം പുറത്താവാതെ നിന്നു. കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

9 ദിവസത്തെ ഇടവേളയില്‍ 6 ദിവസവും മദ്യപാനം, ആഷസിൽ നാണംകെട്ട ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരെ പുതിയ ആരോപണം
ഇന്ത്യൻ താരങ്ങള്‍ മോശമായി പെരുമാറി, നടപടി ആവശ്യപ്പെട്ട് ഐസിസിക്ക് പരാതി നല്‍കാനൊരുങ്ങി മൊഹ്സിന്‍ നഖ്‌വി