
ദില്ലി: വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി മഹേന്ദ്ര സിംഗ് ധോണി 2004ലെ പാക്കിസ്ഥാന്‍ പര്യടനത്തില്‍ തന്നെ ഇന്ത്യന്‍ ടീമില്‍ എത്തേണ്ടതായിരുന്നുവെന്ന് ഇന്ത്യയുടെ മുന്‍ പരിശീലകന്‍ ജോണ്‍ റൈറ്റ്. 2004ല്‍ പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയില്‍ ധോണിയെ ടീമിലെടുക്കണമെന്ന് ഗാംഗുലി ശക്തമായി ആവശ്യപ്പെട്ടെങ്കിലും പാര്‍ഥിവ് പട്ടേലാണ് മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ എത്തിയതെന്നും ജോണ്‍ റൈറ്റ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
15 വര്‍ഷത്തിനുശേഷം ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലേക്ക് നടത്തിയ പര്യടനത്തില്‍ മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളുമാണുണ്ടായിരുന്നത്. ടെസ്റ്റില്‍ പാര്‍ഥിവ് പട്ടേലും ഏകദിനത്തില്‍ രാഹുല്‍ ദ്രാവിഡുമായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കാത്തത്. ടെസ്റ്റ് പരമ്പര 2-1നും ഏകദിന പരമ്പര 3-2നുമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ധോണി പാക്കിസ്ഥാന്‍ പര്യടനത്തിനുള്ള ടീമിലെത്തുമായിരുന്നു. അദ്ദേഹത്തെ ടീമിലെടുക്കാന്‍ ഗാംഗുലി അതിയായി ആഗ്രഹിച്ചിരുന്നു. ടീമിന്റെ പടിവാതിലിലായിരുന്നു ധോണി. ആര്‍ക്കും അനുകൂലമാകാവുന്ന തീരുമാനമായിരുന്നു അത്. പക്ഷെ അവസാന നിമിഷം ധോണി ടീമില്‍ നിന്ന് പുറത്തായി.
ആഭ്യന്തര ക്രിക്കറ്റിലെ ധോണിയുടെ പ്രകടനം ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു അക്കാലത്ത്. അതുകൊണ്ടുതന്നെ ധോണിയെക്കുറിച്ച് ഗാംഗുലിക്കും മതിപ്പായിരുന്നു. ടീമിലെത്തുന്ന യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന നായകനായിരുന്നു ഗാംഗുലി. ഞാന്‍ ആദ്യമായി ധോണിയെന്ന പേര് കേള്‍ക്കുന്നതും അപ്പോഴായിരുന്നു-ജോണ്‍ റൈറ്റ് പറഞ്ഞു.
പാക്കിസ്ഥാന്‍ പര്യടനം നഷ്ടമായെങ്കിലും അതേവര്‍ഷം ഡിസംബറില്‍ ധോണി ഇന്ത്യന്‍ ഏകദിന ടീമിലെത്തി. 23-ാം വയസില്‍ ബംഗ്ലാദേശിനെതിരെ ആയിരുന്നു ധോണിയുടെ അരങ്ങേറ്റം. ആദ്യമത്സരത്തില്‍ റണ്ണൗട്ടായി പുറത്തായ ധോണി കരിയറിലെ തന്റെ അവസാന ഏകദിനത്തിലും റണ്ണൗട്ടായാണ് പുറത്തായത്. 2005ല്‍ ശ്രീലങ്കക്കെതിരെ ആയിരുന്നു ധോണി ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!