'ഒരു രാജ്യവും ഐസിസിക്ക് മുകളിലല്ല'; ലോകകപ്പ് വിവാദങ്ങളില്‍ മൗനം വെടിഞ്ഞ് ജയ് ഷാ

Published : Mar 15, 2026, 04:16 PM IST
Jay Shah

Synopsis

ടി20 ലോകകപ്പിന് മുൻപുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് ഐസിസി ചെയർമാൻ ജയ് ഷാ. ഒരു രാജ്യവും ഐസിസിക്ക് മുകളിലല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ടൂർണമെന്റിന്റെ റെക്കോർഡ് വിജയത്തെക്കുറിച്ചും ഇന്ത്യൻ ടീമിന്റെ ഭാവി ലക്ഷ്യങ്ങളെക്കുറിച്ചും സംസാരിച്ചു.

മുംബൈ: ടി20 ലോകകപ്പിന് തൊട്ടുമുമ്പ് ബംഗ്ലാദേശും പാകിസ്ഥാനും ഉയര്‍ത്തിയ ഭീഷണികളെയും തുടര്‍ന്നുണ്ടായ നാടകീയ നീക്കങ്ങളെയും കുറിച്ച് ആദ്യമായി പ്രതികരിച്ച് ഐസിസി ചെയര്‍മാന്‍ ജയ് ഷാ. ഒരു ടീമും ക്രിക്കറ്റ് സംഘടനയ്ക്ക് മുകളിലല്ലെന്നും എല്ലാ ടീമുകളുടെയും കൂട്ടായ്മയാണ് ഐസിസിയെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈയില്‍ നടന്ന ഒരു പുരസ്‌കാര ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ബംഗ്ലാദേശിനെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാന്‍ ഭീഷണിപ്പെടുത്തിയെങ്കിലും പിന്നീട് കളിക്കാന്‍ തീരുമാനിച്ചു.

ജയ് ഷായുടെ പ്രതികരണം.... ''ഈ ലോകകപ്പ് വളരെ പ്രധാനപ്പെട്ടതായിരുന്നു. ടൂര്‍ണമെന്റിന് മുന്‍പ് പല ടീമുകളുടെയും പങ്കാളിത്തത്തെക്കുറിച്ച് ഒരുപാട് ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഐസിസി ചെയര്‍മാന്‍ എന്ന നിലയില്‍ എനിക്ക് പറയാനുള്ളത്, ഒരു ടീമും സംഘടനയേക്കാള്‍ വലുതല്ല എന്നാണ്. ഒരു ടീം മാത്രമല്ല സംഘടനയെ നിര്‍മ്മിക്കുന്നത്, മറിച്ച് എല്ലാ ടീമുകളുടെയും ഒത്തുചേരലാണത്.'' ജയ് ഷാ പറഞ്ഞു.

റെക്കോര്‍ഡുകള്‍ തകര്‍ത്ത് ലോകകപ്പ്

വിവാദങ്ങള്‍ക്കിടയിലും ടൂര്‍ണമെന്റ് വന്‍ വിജയമായതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ബംഗ്ലാദേശിന് പകരം സ്‌കോട്ട്‌ലന്‍ഡിനെ ഉള്‍പ്പെടുത്തിയാണ് ടൂര്‍ണമെന്റ് നടത്തിയത്. ചരിത്രത്തിലാദ്യമായി 7.2 ദശലക്ഷം (72 ലക്ഷം) പേര്‍ ഒരേസമയം മത്സരം തത്സമയം കണ്ടു. ഇത് ലോക റെക്കോര്‍ഡാണ്. യുഎസ്എ, സിംബാബ്വെ, നേപ്പാള്‍ തുടങ്ങിയ ടീമുകള്‍ വമ്പന്‍മാരെ വിറപ്പിച്ചത് ക്രിക്കറ്റിന്റെ വളര്‍ച്ചയെയാണ് കാണിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൂര്യയ്ക്കും ഗംഭീറിനും ഷായുടെ സന്ദേശം

ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനോടും പരിശീലകന്‍ ഗൗതം ഗംഭീറിനോടും ഭാവി ലക്ഷ്യങ്ങളെക്കുറിച്ച് ജയ് ഷാ സംസാരിച്ചു. 2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണമെഡല്‍ നേടുക എന്നതിലാവണം ഇന്ത്യയുടെ ശ്രദ്ധയെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ''സൂര്യയോടും ഗൗതം ഭായിയോടും എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ. മുകളില്‍ നിന്ന് താഴേക്ക് വീഴാന്‍ മാസങ്ങള്‍ മതി, എന്നാല്‍ താഴെ നിന്ന് മുകളിലേക്ക് എത്താന്‍ വര്‍ഷങ്ങള്‍ അധ്വാനിക്കണം. കഠിനാധ്വാനം തുടരുക. ഞാന്‍ ബിസിസിഐയില്‍ ഉണ്ടായിരുന്നപ്പോള്‍ 2028 ഒളിമ്പിക്‌സ് വരെയാണ് പ്ലാന്‍ ചെയ്തിരുന്നത്. ഇപ്പോള്‍ നിങ്ങള്‍ 2030, 2031, 2036 വര്‍ഷങ്ങളിലേക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തണം.'' അദ്ദേഹം പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പാകിസ്ഥാന്‍ ക്രിക്കറ്റില്‍ അഴിച്ചുപണി; കോച്ച് മൈക്ക് ഹെസ്സന്റെ സ്ഥാനം തെറിച്ചേക്കുമെന്ന് സൂചന
'ശ്രേയസിനെ വിട്ടുകൊടുത്തത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെയ്ത വലിയ മണ്ടത്തരം'; രൂക്ഷ വിമര്‍ശനവുമായി അനില്‍ കുംബ്ലെ