
ദുബായ്: ന്യൂസിലന്‍ഡിനെതിരായ വെല്ലിംഗ്ടൺ ടെസ്റ്റ് സമനിലയിൽ അവസാനിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താനുള്ള ഇന്ത്യയുടെ വഴി കൂടുതൽ കടുപ്പമേറിയതായി. ഈ സൈക്കിളിൽ ഇനി അവശേഷിക്കുന്ന ആറ് ടെസ്റ്റ് മത്സരങ്ങളും ജയിച്ചാൽ പോലും ഇന്ത്യക്ക് ഫൈനലിലെത്താൻ മറ്റ് ടീമുകളുടെ ഫലം കൂടി കാത്തിരിക്കണം.
അവശേഷിക്കുന്ന ആറ് ടെസ്റ്റും ജയിച്ചാലും ഇന്ത്യക്ക് നേടാൻ കഴിയുന്ന പരമാവധി പോയിന്‍റ് ശതമാനം 66.67 ആയി കുറഞ്ഞതോടെ, മറ്റു ടീമുകളുടെ മത്സരഫലങ്ങളും ഇന്ത്യയുടെ ഫൈനൽ പ്രവേശനത്തിൽ നിർണായകമാവും. പ്രത്യേകിച്ച് പോയിന്‍റ് പട്ടികയില്‍ ഇന്ത്യക്ക് മുന്നിലുളള ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് ടീമുകളില്‍ ഏതെങ്കിലും ഒരു ടീം 68-70 പോയിന്‍റ് ശതമാനത്തിന് ഫിനിഷ് ചെയ്യാൻ സാധ്യതയുള്ളതിനാൽ ഫൈനലുറപ്പിക്കാൻ ഇന്ത്യക്ക് ഇനിയുള്ള ആറ് മത്സരങ്ങളും ജയിച്ചാൽ മാത്രം മതിയാവില്ല.
നിലവിലെ ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്ക പോയിന്‍റ് പട്ടികയില്‍ 75.00 പോയിന്‍റ് ശതമാനവുമായി ഒന്നാം സ്ഥാനത്താണ്. ബംഗ്ലാദേശിനെതിരെ ഒരു ടെസ്റ്റും ഇംഗ്ലണ്ടിനെതിരെ സ്വന്തം നാട്ടിൽ നടക്കുന്ന അഞ്ച് ടെസ്റ്റുകളും, 2027 ഫെബ്രുവരിയിൽ ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റുകളുമടക്കം ഏഴ് മത്സരങ്ങളാണ് ദക്ഷിണാഫ്രിക്കക്ക് ഇനി ബാക്കിയുള്ളത്. ഇതിൽ നാല് വിജയങ്ങൾ നേടിയാൽ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് 64 ശതമാനത്തിന് മുകളിലെത്താനും ഫൈനൽ ബെർത്ത് ഉറപ്പിക്കാനും സാധിക്കും.
ഡിസംബർ-ജനുവരി മാസങ്ങളിൽ നടക്കുന്ന ഓസ്‌ട്രേലിയ-ന്യൂസിലൻഡ് നാല് മത്സര ടെസ്റ്റ് പരമ്പരയാകും ഇന്ത്യയുടെ വിധി നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകുക. ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പര സമനിലയിലാകുകയോ, ഇരുടീമുകളും വിജയങ്ങൾ പങ്കിടുകയോ ചെയ്താൽ ഫൈനലിലെത്താനുള്ള ഇന്ത്യയുടെ സാധ്യത ഉയരും. അതുവഴി മാത്രമേ ഇരുടീമുകളുടെയും പോയിന്‍റ് ശതമാനം ഇന്ത്യക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരങ്ങളിലേക്ക് പോകുന്നത് തടയാനാവു.
അവശേഷിക്കുന്ന ആറ് ടെസ്റ്റുകളും (ന്യൂസിലന്‍ഡിനെതിരെ-1, ഓസ്ട്രേലിയക്കെതിരെ-5) ഇന്ത്യക്കിനി പരമാവധി 144 പോയിന്‍റും 66.67 പോയിന്‍റ് ശതമാനവും നേടാനെ കഴിയു. അവശേഷിക്കുന്ന ആറ് കളികളില്‍ അഞ്ച് ജയവും ഒരു സമനിലയുമാണ് നേടുന്നതെങ്കിൽ 62.96 പോയിന്‍റ് ശതമാനത്തിലും (136 പോയിന്‍റ്), അഞ്ച് ജയവും ഒരു തോൽവിയുമാണെങ്കിൽ 61.11 ശതമാനത്തിലും (132 പോയിന്‍റ്) ഇന്ത്യയുടെ പോരാട്ടം അവസാനിക്കും.പോയിന്‍റ് പട്ടികയിൽ തൊട്ടുമുകളിലുള്ള ന്യൂസിലൻഡിനെയും ഓസ്‌ട്രേലിയയെയും നേരിട്ടുള്ള പോരാട്ടങ്ങളിൽ വീഴ്ത്തുക എന്നതാണ് ഇന്ത്യക്ക് മുന്നിലുള്ള ഏറ്റവും എളുപ്പമുള്ള വഴി. അടുത്ത ആഴ്ച ക്രൈസ്റ്റ്ചർച്ചിൽ വെള്ളിയാഴ്ച തുടങ്ങുന്ന രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിനെ തോല്‍പിച്ചാൽ പോയിന്‍റ് പട്ടികയിലും പോയിന്‍റ് ശതമാനത്തിലും ന്യൂസിലന്‍ഡിനെ മറികടക്കാൻ ഇന്ത്യക്ക് കഴിയും.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
എന്നാല്‍ 2027 ജനുവരിയിൽ അഞ്ച് മത്സരങ്ങളടങ്ങുന്ന ബോർഡർ-ഗവാസ്കർ ട്രോഫിക്കായി ഓസ്‌ട്രേലിയ ഇന്ത്യയിലെത്തുമ്പോൾ ശുഭ്മാൻ ഗില്ലിനും സംഘത്തിനും തങ്ങളുടെ വിധി സ്വന്തം കൈകളിലായിരിക്കും. ക്രൈസ്റ്റ്ചർച്ചിലെ വിജയത്തോടൊപ്പം, സ്വന്തം മണ്ണിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ കുറഞ്ഞത് 4-1 അല്ലെങ്കിൽ 5-0 എന്ന നിലയിൽ പരമ്പര സ്വന്തമാക്കാൻ സാധിച്ചാൽ മാത്രമേ ഇന്ത്യക്ക് പോയിന്‍റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തി ഫൈനൽ ഉറപ്പിക്കാൻ സാധിക്കു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!