
ബുലവായോ: അണ്ടർ 19 ലോകകപ്പിലെ സൂപ്പർ സിക്സ് പോരാട്ടത്തിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമ്പോൾ മൈതാനത്തിന് പുറത്തെ ചർച്ചയായി ടോസിനിടെ നടന്ന നാടകീയ രംഗങ്ങൾ. ടോസിനായി മൈതാന മധ്യത്തിലെത്തിയ ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെ പാക് നായകൻ ഫർഹാൻ യൂസഫിന് ഹസ്തദാനം നൽകാൻ തയ്യാറായില്ല.
ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമുകൾ കഴിഞ്ഞ കുറച്ചുകാലമായി തുടരുന്ന ഔദ്യോഗിക നിലപാടിന്‍റെ ഭാഗമായാണ് ഈ നടപടി. 2025-ൽ പഹൽഗാം ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരോടുള്ള ആദരസൂചകമായി സൂര്യകുമാർ യാദവിന്‍റെ നേതൃത്വത്തിലുള്ള സീനിയർ ടീമും ഏഷ്യാ കപ്പില്‍ പാകിസ്ഥാനുമായി കൈ കൊടുക്കാതെ പിരിഞ്ഞിരുന്നു. തുടർന്ന് ഇന്ത്യൻ വനിതാ ടീമും ഇന്ത്യ എ ടീമും ഇതേ പാത പിന്തുടർന്നു. ബിസിസിഐ നിലപാടിനൊപ്പം ജൂനിയർ ടീമും നിൽക്കുന്നതിനാലാണ് അണ്ടര്‍ 19 ലോകകപ്പിലും ഇരു ക്യാപ്റ്റൻമാരും കൈ കൊടുക്കാതെ നടന്നകന്നത്.
ടോസിനുശേഷമുള്ള പതിവ് ഹസ്തദാനം ഒഴിവാക്കുമെന്ന കാര്യം ഇന്ത്യൻ ടീം നേരത്തെ തന്നെ മാച്ച് ഒഫീഷ്യൽസിനെ അറിയിച്ചിരുന്നു. നേരത്തെ ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനിടെ ഇരു ക്യാപ്റ്റൻമാരും കൈ കൊടുക്കാതിരുന്നത് വിവാദമായിരുന്നു. എന്നാല്‍ ക്യാപ്റ്റന് പകരം വൈസ് ക്യാപ്റ്റനാണ് ടോസിനെത്തിയതെന്നും അദ്ദേഹത്തിന് പറ്റിയൊരു കൈയബദ്ധമാണതെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വിശദീകരിച്ചു, മത്സരശേഷം ഇരു ടീമിലെ താരങ്ങളും കൈ കൊടുക്കുകയും ചെയ്തു.
മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മികച്ച തുടക്കം ലഭിച്ചെങ്കിലും ഇന്ത്യൻ മധ്യനിര പാക് ബൗളിംഗിന് മുന്നിൽ പതറിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 252 റണ്‍സെ നേടാനായുള്ളു. നെറ്ററ്റ് റണ്‍ റേറ്റില്‍ ഏറെ പിന്നിലുള്ള പാകിസ്ഥാനെ ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യം 33.3 ഓവറില്‍ മറികടന്നാലെ സെമിയിലെത്താനാവു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ക്യാപ്റ്റൻ ആയുഷ് മാത്രെ പൂജ്യത്തിന് നഷ്ടമായപ്പോൾ, വൈഭവ് സൂര്യവൻഷി (30), ആരോൺ ജോർജ്ജ് (16) എന്നിവർക്കും വലിയ സ്കോറുകൾ നേടാനായില്ല. 68 റണ്‍സടിച്ച വേദാന്ത് ത്രിവേദിയും 35 റണ്‍സടിച്ച കനിഷ്ക് ചൗഹാനും 29 റണ്‍സെടുത്ത ആര്‍ എസ് അംബ്രീഷുമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!