
മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ഏകദിന ലോകകപ്പ് കീരീടം നേടി ചരിത്രനേട്ടം സ്വന്തമാക്കിയപ്പോള്‍ ബിസിസിഐയും സംസ്ഥാന സര്‍ക്കാരുകളുമെല്ലാം താരങ്ങള്‍ക്ക് കോടികളാണ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഈ വിസ്മയ വിജയത്തിനിടയിലും പരമ്പരകള്‍ക്ക് പോകാന്‍ വിമാന ടിക്കറ്റിന് പോലും കാശില്ലാതിരുന്നൊരു ഭൂതകാലം ഇന്ത്യൻ വനിതാ താരങ്ങള്‍ക്ക് ഉണ്ടായിരുന്നുവെന്നത് അധികം ആരാധകരും ഓര്‍ക്കുന്നുണ്ടാവില്ല. ചരിത്രത്തില്‍ അധികം പുറകിലേക്കൊന്നും പോകാതെ തന്നെ ആ കഥകള്‍ നമുക്ക് കേള്‍ക്കാനാകും. 2003-2005 സീസണില്‍ സ്പോണ്‍സര്‍മാരുടെയോ ബിസിസിഐയുടെയോ പിന്തുണയില്ലാതെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങള്‍ വിമാന ടിക്കറ്റിന് പോലും കാശില്ലാതെ വിഷമിച്ചപ്പോള്‍ അന്ന് ടീമിനെ സഹായിച്ചത് ബോളിവുഡ് താരവും ക്രിക്കറ്റ് അവതാരകയുമായ മന്ദിരാ ബേദിയായിരുന്നു.
അന്ന് ഇന്ത്യൻ വനിതാ ടീം ബിസിസിഐയുടെ കീഴിലായിരുന്നില്ല, വുമണ്‍സ് ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കീഴിലായിരുന്നു കളിച്ചിരുന്നത്. കളിക്കാര്‍ക്കോ മത്സരങ്ങൾക്കോ ഇത്രയധികം കാഴ്ചക്കാരെ കിട്ടാതിരുന്ന അക്കാലത്ത് ടീമീന് സ്ഥിരമായൊരു സ്പോണ്‍സര്‍ പോലുമില്ലായിരുന്നു. എന്നാല്‍ അക്കാലത്ത് വിമാനടിക്കറ്റെടുക്കാൻ പോലും ടീം ബുദ്ധിമുട്ടിയപ്പോള്‍ മന്ദിരാ ബേദിയായിരുന്നു സഹായവുമായി എത്തിയത്. സിനിമാ മേഖലയിലെ തന്‍റെ സ്വാധീനം ഉപയോഗിച്ച് സ്പോണ്‍സര്‍മാരെ സംഘടിപ്പിച്ചുകൊടുത്തും വിദേശ പരമ്പരകള്‍ക്കായി വിമാന ടിക്കറ്റിന് പണം കണ്ടെത്തിയും മന്ദിരാ ബേദി ഇന്ത്യൻ ടീമിനെ സഹായിച്ചു.
ഒരിക്കൽ ഒറു ജൂവലറിയുടെ പരസ്യത്തില്‍ അഭിനയിച്ചതിന് കിട്ടിയ മുഴുവന്‍ തുകയും അവര്‍ ടീമിന് നല്‍കിയെന്ന് വനിതാ ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറി നൂതന്‍ ഗവാസ്കര്‍ പറഞ്ഞു. ആ പണം ഉപയോഗിച്ചാണ് ഇന്ത്യൻ വനിതാ ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനത്തിനായി താരങ്ങള്‍ക്ക് ടിക്കറ്റെടുത്തത്.1973ല്‍ രൂപികരീച്ച വുമൺ ക്രിക്കറ്റ് അസോസിയേഷന്‍ 2006 വരെ സ്വതന്ത്ര സംഘടനയായാണ് പ്രവര്‍ത്തിച്ചത്. 2006ലാണ് വുമൺ ക്രിക്കറ്റ് അസോസിയേഷനെ ബിസിസിഐയുടെ കീഴിലാക്കിയത്. ഇന്ത്യൻ വിജയത്തില്‍ ഇന്നലെ ടീമിനെ അഭിനന്ദിച്ച് മന്ദിരാ ബേദിയും രംഗത്തെത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക