ബിഗ് ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസൺ മാർച്ചിൽ ആരംഭിക്കും, കൂടുതൽ അന്താരാഷ്ട്ര താരങ്ങൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇർഫാൻ പത്താൻ നയിച്ച മുംബൈ മറൈൻസ് ആയിരുന്നു ആദ്യ സീസണിലെ ചാമ്പ്യന്മാർ.
ദില്ലി: ബിഗ് ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസൺ മാർച്ചിൽ ആരംഭിക്കും. ക്രിക്കറ്റ് ലോകത്തെ പ്രമുഖ താരങ്ങൾ ഈ സീസണിലും എത്തുമെന്നാണ് സംഘാടകര്‍ അറിയിച്ചിട്ടുള്ളത്. ആദ്യ സീസണിൽ ശിഖർ ധവാൻ, സുരേഷ് റെയ്‌ന, ഇർഫാൻ പത്താൻ തുടങ്ങിയവർ പങ്കെടുത്തിരുന്നു. അടുത്ത സീസണിൽ കൂടുതൽ വലിയ അന്താരാഷ്ട്ര താരങ്ങളും പ്രതിഭകളും ഉണ്ടാകുമെന്നും രാജ്യത്തെ ക്രിക്കറ്റ് ആരാധകർക്ക് ആവേശകരമായ അനുഭവം സമ്മാനിക്കുമെന്നും സംഘാടകർ അറിയിച്ചു. ദില്ലിയിൽ നടന്ന ബിസിഎൽ കർട്ടൻ റെയ്സർ ചടങ്ങിൽ പ്രമുഖർ പങ്കെടുത്തു. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയമായ പ്രീ-സീസൺ പരിപാടികളിൽ ഒന്നായിരുന്നു ഇത്.
കൂടാതെ, ആദ്യ സീസണിൽ കളിച്ച മൻപ്രീത് ഗോണി, ഫൈസ് ഫസൽ, അനുരീത് സിംഗ്, ഈശ്വർ പാണ്ഡെ എന്നിവരടക്കമുള്ള നിരവധി അന്താരാഷ്ട്ര, ഐപിഎൽ, ഫസ്റ്റ് ക്ലാസ് കളിക്കാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.ആദ്യ സീസണിലെ ആറ് ഫ്രാഞ്ചൈസി ഉടമകളും പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. മുംബൈ മറൈൻസ്, യുപി ബ്രിജ് സ്റ്റാർ, നോർത്തേൺ ചലഞ്ചേഴ്സ്, സതേൺ സ്പാർട്ടൻസ്, എംപി ടൈഗേഴ്സ് എന്നീ ടീമുകൾക്കൊപ്പം, ഗുജറാത്ത് ഡയമണ്ട്സ് എന്ന പുതിയ ടീമിനെ സീസൺ 2-വിലേക്ക് സ്വാഗതം ചെയ്തു.
ഇർഫാൻ പത്താന്‍റെ നേതൃത്വത്തിലുള്ള മുംബൈ മറൈൻസ് ആണ് ആദ്യ സീസണിൽ ചാമ്പ്യൻമാരായത്. ശിഖർ ധവാൻ, സുരേഷ് റെയ്ന തുടങ്ങിയ പ്രമുഖ താരങ്ങൾ അണിനിരന്ന ടീമുകളെ മറികടന്നാണ് മുംബൈ കിരീടം നേടിയത്.ആദ്യ സീസൺ ബിസിഎൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. 206 ദശലക്ഷം കാഴ്ചക്കാരിലേക്ക് എത്തുകയും സോണി ലിവ്, ഫാൻകോഡ്, സോണി ടിവി എന്നിവയിലായി 16.1 ദശലക്ഷം ലൈവ് വ്യൂവർഷിപ്പ് നേടുകയും ചെയ്തു. രാജ്യവ്യാപകമായുള്ള ടാലന്‍റ് ഹണ്ട് വഴി കണ്ടെത്തിയ 60-ൽ അധികം യുവ ക്രിക്കറ്റർമാർക്ക് സീസൺ 1 അവസരം നൽകി.


