
മുംബൈ: വിരാട് കോലി-രോഹിത് ശര്‍മയ യുഗത്തിനുശേഷം ഇന്ത്യൻ ടീം ആദ്യമായി ഇറങ്ങുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഒരു പതിറ്റാണ്ടിനിടെ ആദ്യമായാണ് വിരാട് കോലിയും രോഹിത് ശര്‍മും ഇല്ലാതെ ഇന്ത്യ വിദേശത്ത് ഒരു ടെസ്റ്റ് പരമ്പരക്കിറങ്ങുന്നത്.
യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ടീമിനെ നയിക്കുന്നത് 25കാരനായ യശസ്വി ജയ്സ്വാളാണ്. കെ എല്‍ രാഹുലും ജസ്പ്രീത് ബുമ്രയും രവീന്ദ്ര ജഡേജയുമാണ് ടീമിലെ ഏറ്റവും പരിചയ സമ്പന്നരായ താരങ്ങള്‍. ഇംഗ്ലണ്ടിനെതിരെ വെള്ളിയാഴ്ച ലീഡ്സില്‍ തുടങ്ങുന്ന ആദ്യ ടെസ്റ്റില്‍ യശസ്വി ജയ്സ്വാളിനൊപ്പം കെ എല്‍ രാഹുലിനെയാണ് രവി ശാസ്ത്രി ഓപ്പണറായി നിര്‍ദേശിക്കുന്നത്. മൂന്നാം നമ്പറില്‍ ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് നേടിയ സായ് സുദര്‍ശന് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരം നല്‍കണമെന്ന് രവി ശാസ്ത്രി പറഞ്ഞു. നാലാമനായി ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും അഞ്ചാമനായി മലയാളിതാരം കരുൺ നായരും. റിഷഭ് പന്തും രവീന്ദ്ര ജഡേജയുമാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
ഓൾറൗണ്ടറായി പരിഗണിക്കുന്നത് ഷാർദ്ദുൽ താക്കൂർ, നിതീഷ് കുമാർ റെഡ്ഡി എന്നിവരിൽ ഒരാളെ. ബൗളിംഗിനാണ് പ്രധാന്യമെങ്കിൽ ഷാർദുലിനെയും ബാറ്റിംഗിനാണ് പ്രാധാന്യം എങ്കിൽ നിതീഷിനെയും പരിഗണിക്കാമെന്നും രവി ശാസ്ത്രി നിർദേശിക്കുന്നു. മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര പ്രസിദ്ധ് കൃഷ്ണ അല്ലെങ്കിൽ അർഷ്ദീപ് സിംഗ് എന്നിവരെ പേസർമാരായും രവി ശാസ്ത്രി ടീമിൽ ഉൾപ്പെടുത്തി.
രവി ശാസ്ത്രി തെരഞ്ഞെടുത്ത ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ
യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), കരുൺ നായർ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ/നിതീഷ് കുമാര്‍ റെഡ്ഡി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ /അർഷ്ദീപ് സിംഗ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക