ജേഴ്സിയില്‍ നിന്ന് മദ്യക്കമ്പനിയുടെ ലോഗോ മാറ്റാന്‍ മൊയീന്‍ അലി ആവശ്യപ്പെട്ടിട്ടില്ലെന്ന് ചെന്നൈ ടീം

By Web TeamFirst Published Apr 6, 2021, 9:36 AM IST
Highlights

എന്നാല്‍ മൊയീന്‍ അലി ഇത്തരത്തില്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കാശി വിശ്വനാഥന്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. ഇതു സംബന്ധിച്ച മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കാശി വിശ്വനാഥന്‍ വ്യക്തമാക്കി.

ചെന്നൈ: ഐപിഎല്‍ പതിനാലാം സീസണുള്ള തന്‍റെ ടീം ജേഴ്സിയില്‍ നിന്ന് മദ്യക്കമ്പനിയുടെ ലോഗോ നീക്കം ചെയ്യാന്‍ മൊയീന്‍ അലി ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത നിഷേധിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ചെന്നൈ ആസ്ഥാനമായ ഡിസ്റ്റലറിയുടെ ലോഗോയുള്ള ടീം ജേഴ്സി ധരിക്കാനാവില്ലെന്ന് മൊയിന്‍ അലി ആവശ്യപ്പെട്ടതായും ഇക്കാര്യം ടീം മാനേജ്മെന്‍റ് അംഗീകരിച്ചതായും റിപ്പോര്‍ട്ട് വന്നിരുന്നു.

എന്നാല്‍ മൊയീന്‍ അലി ഇത്തരത്തില്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കാശി വിശ്വനാഥന്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. ഇതു സംബന്ധിച്ച മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കാശി വിശ്വനാഥന്‍ വ്യക്തമാക്കി.

ലഹരിവസ്‌തുക്കളുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കുകയോ ലോഗോയുള്ള കിറ്റുകള്‍ ഉപയോഗിക്കുകയോ ചെയ്യില്ല എന്ന നിലപാട് മൊയീന്‍ അലി സ്വീകരിക്കുന്നത് ഇതാദ്യമല്ല. ഇംഗ്ലീഷ് ടീമിലും ആഭ്യന്തര ക്രിക്കറ്റിലും വിദേശ ടി20 ലീഗുകളിലും ഈ നിലപാട് അദേഹം തുടര്‍ന്നുപോരുന്നു. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല, അഫ്‌ഗാന്‍റെ റാഷിദ് ഖാന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും സമാന നിലപാട് മുമ്പ് സ്വീകരിച്ചിട്ടുണ്ട്.

ഇക്കുറി താരലേലത്തില്‍ ഏഴ് കോടി രൂപയ്‌ക്കാണ് അലിയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയത്. 2018 മുതല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായാണ് താരം കളിച്ചിരുന്നത്. ആര്‍സിബിയില്‍ 19 മത്സരങ്ങള്‍ കളിച്ച താരം 309 റണ്‍സും 10 വിക്കറ്റും നേടി. മൂന്ന് തവണ ചാമ്പ്യന്‍മാരായിട്ടുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യ മത്സരത്തില്‍ ഈ മാസം പത്തിന് ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ് നേരിടുക. ചെന്നൈയെ ധോണിയും ഡല്‍ഹിയെ റിഷഭ് പന്തുമാണ് നയിക്കുന്നത്.

click me!