
മുംബൈ: ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ഏകദിന പരമ്പയിലേക്കുള്ള ടീമിന്‍റെ നായകനാക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ശ്രേയസ് അയ്യരുടെ അഭാവത്തില്‍ തിലക് വര്‍മയാണ് ദക്ഷിണാഫ്രിക്ക എക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയെ നയിക്കുക. ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റനായ റുതുരാജ് ഗെയ്ക്‌വാദാണ് വൈസ് ക്യാപ്റ്റൻ. മുന്‍ നായകന്‍മാരായ വിരാട് കോലിയെയും രോഹിത് ശര്‍മയെയും ഇന്ത്യ എ ടീമിലേക്ക് പരിഗണിച്ചില്ല.
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്ക് മുമ്പ് മത്സരപരിചയം കിട്ടാനായി ഇരുവരെയും എ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനെയാണ് ഏകദിന ടീമിലെടുത്തിരിക്കുന്നത്. പഞ്ചാബ് കിംഗ്സ് താരം പ്രഭ്സിമ്രാന്‍ സിംഗാണ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്‍. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ കളിക്കുന്ന തിലക് വര്‍മക്ക് പുറമെ അര്‍ഷ്ദീപ് സിംഗ്, അഭിഷേക് ശര്‍മ, ഹര്‍ഷിത് റാണ എന്നിവരെയും ടീമിലേക്ക് പരിഗണിച്ചപ്പോള്‍ ഏകദിനങ്ങളില്‍ മികച്ച റെക്കോര്‍ഡുള്ള സഞ്ജുവിനെ വിക്കറ്റ് കീപ്പറായി പരിഗണിക്കാതിരുന്നത് അപ്രതീക്ഷിതമായി.
റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിലേക്കും സഞ്ജുവിനെ സെലക്ടര്‍മാര്‍ പരിഗണിച്ചിരുന്നില്ല. ജിതേഷ് ശര്‍മയാണ് റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ ഇന്ത്യയെ നയിക്കുന്നത്. റിയാന്‍ പരാഗും ഏകദിന ടീമില്‍ തിരിച്ചെത്തി. ഇന്ത്യൻ ടെസ്റ്റ് ടീമിലുള്‍പ്പെട്ടതിനാല്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെയും എ ടീമിലേക്ക് പരിഗണിച്ചില്ല. ഈ മാസം 13, 16, 19 തീയതികളിലാണ് ഇന്ത്യ എ ദക്ഷിണാഫ്രിക്ക എ ഏകദിന പരമ്പര. രാജ്കോട്ടിലെ നിരഞ്ജന്‍ഷാ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക.
തിലക് വർമ്മ (സി), റുതുരാജ് ഗെയ്‌ക്‌വാദ് (വിസി), അഭിഷേക് ശർമ്മ, റിയാൻ പരാഗ്, ഇഷാൻ കിഷൻ (ഡബ്ല്യുകെ), ആയുഷ് ബദോണി, നിഷാന്ത് സിന്ധു, വിപ്രജ് നിഗം, മാനവ് സുത്താർ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ഖലീല്‍ അഹമ്മദ്, പ്രഭ്സിമ്രാന്‍ സിംഗ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക