ഫാബ് ഫോര്‍ അല്ല, ഫാബ് ഫൈവ്, കോലി, റൂട്ട്, സ്മിത്ത്, വില്യംസണ്‍ എന്നിവര്‍ക്കൊപ്പം പുതിയ പേരുമായി ആകാശ് ചോപ്ര

By Web TeamFirst Published Sep 8, 2021, 5:29 PM IST
Highlights

ബൗളര്‍മാര്‍ കരുതിയിരിക്കുക. ഇനി നിങ്ങള്‍ക്ക് നേരിടേണ്ടത് ഫാബ് ഫോറിനെയല്ല, ഫാബ് ഫൈവിനെയാണ്. കാരണം ടെസ്റ്റ് ക്രിക്കറ്റ് ബാറ്റിംഗിനെ രോഹിത് ശര്‍മ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു.

ദില്ലി: സമകാലീന ക്രിക്കറ്റിലെ ഫാബ് ഫോറാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണും ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും. ടെസ്റ്റ് ക്രിക്കറ്റില്‍ ക്ലാസ് കൊണ്ടും പ്രകടനത്തിലെ സ്ഥിരതകൊണ്ടുമാണ് ഇവര്‍ നാലുപേരും ഫാബ് ഫോറായത്.

എന്നാല്‍ ഇംഗ്ലണ്ട് പര്യടനം കഴിയുന്നതോടെ ഫാബ് ഫോറിനെ പൊളിച്ചെഴുതി ഫാബ് ഫൈവ് ഉണ്ടാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓപ്പണറെന്ന നിലയില്‍ തിളങ്ങിയ രോഹിത് ശര്‍മയുടെ പേരാണ് ഫാബ് ഫോറിലേക്ക് ആകാശ് ചോപ്ര പുതുതായി നിര്‍ദേശിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ രോഹിത് സെഞ്ചുറി നേടിയതിന് പിന്നാലെയായിരുന്നു ചോപ്രയുടെ പ്രതികരണം.

യുട്യൂബ് ചാനലില്‍ ചോപ്ര പറഞ്ഞത്- ഫാബ് ഫോറിന് പകരം ഇനി നമ്മള്‍ ടെസ്റ്റില്‍ ഫാബ് ഫൈവ് എന്ന് പറയേണ്ടിവരും. രോഹിത് ശര്‍മയുടെ പേരുകൂടി ചേര്‍ത്തെ ഇനി പറയാനാവു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രോഹിത് എതിരാളികളില്ലാത്ത താരമാണ്. ഇപ്പോഴിതാ ടെസ്റ്റിലും റണ്‍സ് നേടുന്നതിന്‍റെ രുചി രോഹിത് തിരിച്ചറിഞ്ഞിരിക്കുന്നു. പന്തുകള്‍ കളിക്കാതെ വിടുന്നതും പ്രതിരോധിക്കുന്നതുമെല്ലാം രോഹിത് ആസ്വദിക്കുന്നു.

ഷോട്ടുകള്‍ കളിക്കുക എന്നത് അദ്ദേഹത്തിന്‍റെ ഡിഎന്‍എയില്‍ തന്നെ ഉള്ള കാര്യമാണ്. അതുകൊണ്ടുതന്നെ ബൗളര്‍മാര്‍ കരുതിയിരിക്കുക. ഇനി നിങ്ങള്‍ക്ക് നേരിടേണ്ടത് ഫാബ് ഫോറിനെയല്ല, ഫാബ് ഫൈവിനെയാണ്. കാരണം ടെസ്റ്റ് ക്രിക്കറ്റ് ബാറ്റിംഗിനെ രോഹിത് ശര്‍മ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു. അവര്‍ തമ്മിലുള്ള ബന്ധം സുന്ദരമാണ്. ടെസ്റ്റില്‍ റണ്‍സ് നേടാനുള്ള  രോഹിത്തിന്‍റെ അടങ്ങാത്ത ദാഹവും പ്രശംസനീയമാണെന്നും ചോപ്ര പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!