
ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ബുദ്ധിമാനായ ക്രിക്കറ്റ് താരം എം എസ് ധോണിയല്ലെന്ന് മുന്‍ ഇംഗ്ലണ്ട് താരം മൊയീന്‍ അലി. 'ബിയേർഡ് ബിഫോർ വിക്കറ്റ്' പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് ലോകത്തിലെ മികച്ച ക്യാപ്റ്റന്മാരെയും പരിശീലകരെയും മാറ്റിനിർത്തി മൊയീൻ ആ സര്‍പ്രൈസ് പേര് പറഞ്ഞത്. മുന്‍ ഇന്ത്യൻ പേസറും ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിന്‍റെ പരിശീലകനുമായ അലി നെഹ്റയാണ് തന്ത്രശാലിയായ ഇന്ത്യൻ താരമെന്ന് മൊയീന്‍ അലി പറഞ്ഞു.
ചെന്നൈ സൂപ്പർ കിംഗ്സിൽ എം.എസ്. ധോണിക്ക് കീഴിൽ വർഷങ്ങളോളം കളിച്ച പരിചയസമ്പത്തുള്ള താരമാണ് മൊയീൻ അലി. 2018, 2019 ഐ.പി.എൽ സീസണുകളിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിൽ നെഹ്റ ബൗളിംഗ് കോച്ചായിരുന്നപ്പോഴാണ് ഇരുവരും ഒന്നിക്കുന്നത്. മത്സരത്തിലെ ഏത് പ്രതിസന്ധി ഘട്ടത്തെയും കൃത്യമായി വായിച്ചെടുക്കാനുള്ള നെഹ്റയുടെ കഴിവാണ് അദ്ദേഹത്തെ വേറിട്ടുനിർത്തുന്നതെന്ന് മൊയീൻ വ്യക്തമാക്കുന്നു.
കളിയിലെ ഏത് സാഹചര്യത്തിനും കൃത്യമായ ഉത്തരമോ തിയറിയോ അദ്ദേഹത്തിന്‍റെ പക്കലുണ്ടാകും. വെറും ഊഹങ്ങളുടെ അടിസ്ഥാനത്തിലല്ല അദ്ദേഹം സംസാരിക്കുന്നത്, അതിന് പിന്നിൽ വ്യക്തമായ ഡാറ്റയോ മുൻകാല അനുഭവങ്ങളോ ഉണ്ടാകും. കളിക്കാരെയും കോച്ചുകളെയും എങ്ങനെ കൈകാര്യം ചെയ്യണമെന്നും ഡ്രസിംഗ് റൂമിൽ മികച്ച അന്തരീക്ഷം എങ്ങനെ ഉണ്ടാക്കണമെന്നും അദ്ദേഹത്തിന് കൃത്യമായി അറിയാം- മൊയീൻ അലി പറഞ്ഞു.
മൊയീൻ അലിയുടെ വാക്കുകളെ ശരിവെക്കുന്നതാണ് ഐ.പി.എല്ലിലെ നെഹ്റയുടെ പരിശീലന റെക്കോർഡ്. 2022-ൽ ഗുജറാത്ത് ടൈറ്റൻസിനെ അവരുടെ കന്നി സീസണിൽ തന്നെ ഐ.പി.എൽ ചാമ്പ്യന്മാരാക്കിക്കൊണ്ട് ഐ.പി.എൽ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ ഹെഡ് കോച്ചെന്ന ചരിത്രനേട്ടം നെഹ്റ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ അഞ്ച് സീസണുകളിൽ ഒരൊറ്റ തവണ മാത്രമാണ് ഗുജറാത്തിന് പ്ലേഓഫ് നഷ്ടമായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!