ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ കരുത്തരായ മുംബൈയെ തോൽപ്പിച്ച് കേരളം തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കി. അഖിൽ സ്കറിയയുടെ മികച്ച ഓൾറൗണ്ട് പ്രകടനമാണ് കേരളത്തിന് ആവേശകരമായ വിജയം സമ്മാനിച്ചത്.

ഒമാന്‍: ഒമാന്‍ ഇന്‍വിറ്റേഷന്‍ ടൂര്‍ണ്ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കേരളത്തിന് വിജയം. അവസാന പന്ത് വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തില്‍ കരുത്തരായ മുംബൈയെ ഒരു വിക്കറ്റിനാണ് കേരളം തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 42.3 ഓവറില്‍ 186 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 44.4 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ അഖില്‍ സ്‌കറിയയുടെ ഓള്‍റൗണ്ട് മികവാണ് കേരളത്തിന് വിജയം ഒരുക്കിയത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈയുടെ മുന്‍നിര കേരളത്തിന്റെ ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ആദ്യ ആറ് ബാറ്റര്‍മാരില്‍ 19 റണ്‍സെടുത്ത സുമീര്‍ സവേരി മാത്രമാണ് രണ്ടക്കം കണ്ടത്. വിക്കറ്റുകള്‍ മുറയ്ക്ക് വീണതോടെ ഒരു ഘട്ടത്തില്‍ ആറ് വിക്കറ്റിന് 45 റണ്‍സെന്ന നിലയിലായിരുന്നു മുംബൈ. ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വേദാന്ത് മുര്‍ക്കാറും മാക്‌സ്വെല്‍ ഡേവിഡും ചേര്‍ന്ന 98 റണ്‍സ് കൂട്ടുകെട്ടാണ് മുംബൈയുടെ സ്‌കോര്‍ 186ല്‍ എത്തിച്ചത്. വേദാന്ത് 50 റണ്‍സെടുത്ത് പുറത്തായപ്പോള്‍ മാക്‌സ്വെല്‍ 64 റണ്‍സുമായി പുറത്താകാതെ നിന്നു. 8.3 ഓവറില്‍ 32 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ അഖില്‍ സ്‌കറിയയാണ് കേരള ബൗളിങ് നിരയില്‍ തിളങ്ങിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനും തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായി. വത്സല്‍ ഗോവിന്ദ് 17-ഉം ക്യാപ്റ്റന്‍ കൃഷ്ണപ്രസാദ് അഞ്ചും ഗോവിന്ദ് ദേവ് പൈ 11-ഉം റണ്‍സ് നേടി മടങ്ങി. അഖില്‍ സ്‌കറിയയും രോഹന്‍ നായരും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തെ കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രോഹന്‍ 44 റണ്‍സെടുത്ത് പുറത്തായി. മറുവശത്ത് ഉറച്ചുനിന്ന അഖില്‍ സ്‌കറിയയുടെയും വാലറ്റത്ത് തകര്‍ത്തടിച്ച ആനന്ദ് ജോസഫിന്റെയും പ്രകടനമാണ് കേരളത്തിന് വിജയമൊരുക്കിയത്.

അഖില്‍ സ്‌കറിയ 39-ഉം ആനന്ദ് ജോസഫ് 29 പന്തുകളില്‍ നിന്ന് 36-ഉം റണ്‍സെടുത്തു. മുംബൈയ്ക്ക് വേണ്ടി മാക്‌സ്വെല്‍ ഡേവിഡ് മൂന്നും ഇര്‍ഫാന്‍ ഉമൈര്‍, കാര്‍ത്തിക് ഷാജി, സായ്രാജ് പാട്ടീല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി.

YouTube video player