വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് റിഷഭ് പന്തിനെ ഒഴിവാക്കിയതോടെ താരത്തിന്റെ വൈറ്റ് ബോൾ കരിയറിനെക്കുറിച്ച് സെലക്ടർമാർ തീരുമാനമെടുത്തതായി മുൻ താരം ആകാശ് ചോപ്ര. ഇറാനി കപ്പിൽ റെസ്റ്റ് ഓഫ് ഇന്ത്യയുടെ ക്യാപ്റ്റനായി പന്തിനെ നിയമിച്ചെങ്കിലും ഏകദിന ടീമിൽ നിന്ന് തഴഞ്ഞത് ഇതിന് തെളിവാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ദില്ലി: വെസ്റ്റ് ഇന്‍ഡീസിനെതിരായ വരാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെ ഒഴിവാക്കിയതോടെ, പരിമിത ഓവര്‍ ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് സെലക്ടര്‍മാര്‍ ഒരു തീരുമാനത്തിലെത്തിയതായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിന്റെ നായകനായി പന്തിനെ നിയമിച്ചിട്ടുണ്ടെങ്കിലും, ഏകദിന ടീമില്‍ നിന്ന് അദ്ദേഹത്തെ തഴഞ്ഞത് ഇതിന് തെളിവാണെന്ന് ചോപ്ര ചൂണ്ടിക്കാണിച്ചു. ജിയോ സ്റ്റാറിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

''റിഷഭ് പന്ത് വളരെ വ്യത്യസ്തനായ ഒരു കേസ് ആണ്. ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹം പ്രധാനപ്പെട്ട ഒരു അംഗമാണെങ്കിലും, വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും അദ്ദേഹത്തെ മാറ്റിയിരുന്നു. എന്നാല്‍ ഏകദിന ക്രിക്കറ്റില്‍, അടുത്ത കാലത്തൊന്നും കളിക്കാതെ തന്നെ അദ്ദേത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു.'' ചോപ്ര പറഞ്ഞു. അതേസമയം, റെസ്റ്റ് ഓഫ് ഇന്ത്യയുടെ ക്യാപ്റ്റനായി അദ്ദേഹത്തെ നിയമിച്ചത് റെസ്റ്റ് ഓഫ് ഇന്ത്യക്കായി വലിയൊരു റോള്‍ നല്‍കാന്‍ സെലക്ടര്‍മാര്‍ ആഗ്രഹിക്കുന്നുണ്ട് എന്നതിന്റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഒരു ഏകദിനം മാത്രമാണ് പന്ത് കളിച്ചിട്ടുള്ളത്. 2024 ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം അദ്ദേഹത്തിന് ടി20 ടീമിലും സ്ഥാനം നഷ്ടപ്പെട്ടിരുന്നു. 2027 ലെ ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് വിന്‍ഡീസിനെതിരായ പരമ്പരയില്‍ ശുഭ്മാന്‍ ഗില്ലിനെ നായകനായി പ്രഖ്യാപിച്ചിരിക്കുന്നത്. രോഹിത് ശര്‍മയും വിരാട് കോലിയും 15 അംഗ ടീമില്‍ ഇടംനേടിയിട്ടുണ്ട്. ധ്രുവ് ജുറേലാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍ ഓപ്ഷന്‍. ഏഷ്യന്‍ ഗെയിംസ് ക്യാമ്പിലുളള ശ്രേയസ് അയ്യര്‍ക്ക് പകരം കെ എല്‍ രാഹുലിനെ പുതിയ വൈസ് ക്യാപ്റ്റനായി നിയമിച്ചു.

ലോകകപ്പിനായി റിസര്‍വ് കളിക്കാരെ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യവും ചോപ്ര എടുത്തുപറഞ്ഞു. യശസ്വി ജൈസ്വാളും റുതുരാജ് ഗെയ്ക്വാദും മികച്ച പ്രകടനം പുറത്തെടുക്കുന്നതിനാല്‍ അവര്‍ തമ്മില്‍ കടുത്ത മത്സരം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബര്‍ 27-ന് തിരുവനന്തപുരത്താണ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് തുടക്കമാകുന്നത്. തുടര്‍ന്ന് സെപ്റ്റംബര്‍ 30-ന് ഗുവാഹത്തിയിലും ഒക്ടോബര്‍ 3-ന് ന്യൂ ചണ്ഡീഗഡിലും മത്സരങ്ങള്‍ നടക്കും.

YouTube video player