
കാന്‍ബറ: ഓപ്പണറായി തിളങ്ങിയ സഞ്ജു സാംസണോട് അനീതി കാട്ടിയിട്ടില്ലെന്ന് തെളിയിക്കാന്‍ ശുഭ്മാന്‍ ഗില്ലിന് ലഭിക്കുന്ന അവസാന അവസരമായിരിക്കും ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയെന്ന് തുറന്നു പറഞ്ഞ് മുന്‍ താരം ആകാശ് ചോപ്ര. ഏഷ്യാ കപ്പില്‍ സഞ്ജുവിന് പകരമാണ് ശുഭ്മാന്‍ ഗില്‍ ഓപ്പണര്‍ സ്ഥാനം കരസ്ഥമാക്കി ടി20 ടീമില്‍ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തിയത്. ഇതോടെ തന്‍റെ പതിവ് സ്ഥാനം വിട്ട് സഞ്ജുവിന് മധ്യനിരയിലേക്ക് ഇറങ്ങേണ്ടിവന്നിരുന്നു.
ഏഷ്യാ കപ്പില്‍ ഓപ്പണറായി ഇറങ്ങിയ ആറ് മത്സരങ്ങളില്‍ ഗില്ലിന് കാര്യമായി ശോഭിക്കാനായിരുന്നില്ല. 47 റണ്‍സായിരുന്നു ഗില്ലിന്‍റെ ഉയര്‍ന്ന സ്കോര്‍. പിന്നാലെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഏകദിന ക്യാപ്റ്റനായി അരങ്ങേറിയെങ്കിലും മൂന്ന് കളികളില്‍ 43 റണ്‍സ് മാത്രമാണ് നേടാനായത്. ഇന്ന് തുടങ്ങുന്ന ടി20 പരമ്പരയിലും ഓപ്പണറായി തിളങ്ങാനായില്ലെങ്കില്‍ അത് സഞ്ജുവിനോട് ചെയ്ത അനീതിയായെ കണക്കാക്കാനാവു എന്ന് ആകാശ് ചോപ്ര പറഞ്ഞു. തന്‍റെ ഓപ്പണിംഗ് സ്ഥാനം തിരിച്ചുപിടിക്കാന്‍ സഞ്ജു തയാറായി നില്‍ക്കുന്നുണ്ടെന്നത് ഗില്ലിന് അധികസമ്മര്‍ദ്ദമാകും.
ഏകദിന പരമ്പര നഷ്ടമായത് കാര്യമാക്കേണ്ട കാര്യമില്ല. ഒറ്റ പരമ്പര കൊണ്ട് ഒരു ക്യാപ്റ്റനെ വിലയിരുത്താനാവില്ല. എന്നാല്‍ ടി20 ടീമിലെ ഓപ്പണര്‍ സ്ഥാനം അങ്ങനെയല്ല. ഏഷ്യാ കപ്പില്‍ ഓപ്പണറായി ഇറങ്ങി നിറം മങ്ങിയതോടെ ആളുകള്‍ ഗില്ലിന്‍റെ രക്തത്തിനായി മുറവിളി തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര ഗില്ലിനെ സംബന്ധിച്ച് നിര്‍ണായകമാണ്. കാരണം, ഓപ്പണറായി ഇറങ്ങി മൂന്ന് സെഞ്ചുറികള്‍ നേടിയ സഞ്ജു സാംസണെ മാറ്റിയാണ് ടീം മാനേജ്മെന്‍റ് ഗില്ലിനെ ഓപ്പണറാക്കിയത്. എന്നിട്ട് സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റി.
ഈ പരമ്പരയിലും ഗില്ലിന് തിളങ്ങാനായില്ലെങ്കില്‍ അത് സഞ്ജുവിനോട് ചെയ്യുന്ന നീതികേടാകുമെന്നെ പറയാനാവു. സഞ്ജു മാത്രമല്ല, ടി20യില്‍ ഓപ്പണറായി മികച്ച റെക്കോര്‍ഡുള്ള യശസ്വി ജയ്സ്വാളും പുറത്തിരിക്കുകയാണ്. അതുകൊണ്ട് ഈ പരമ്പരയില്‍ ഓപ്പണറായി കഴിവു തെളിയിക്കേണ്ട സമ്മര്‍ദ്ദം മുഴുവന്‍ ശുഭ്മാന്‍ ഗില്ലിനായിരിക്കുമെന്നും ആകാശ് ചോപ്ര പറഞ്ഞു. ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനാണ് ഇന്ന് കാന്‍ബറയിലെ മനൗക ഓവലില്‍ തുടക്കമാകുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക