വീണ്ടും ബാറ്റിംഗ് പരാജയം; കോലിക്കെതിരെ തുറന്നടിച്ച് വിവിഎസ് ലക്ഷ്‌മണ്‍; കിംഗിന് ഉപദേശം

By Web TeamFirst Published Feb 23, 2020, 2:26 PM IST
Highlights

വെല്ലിംഗ്‌ടണ്‍ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സിലും കോലി കുറഞ്ഞ സ്‌കോറില്‍ പുറത്തായതിന് പിന്നാലെയാണ് വിവിഎസിന്‍റെ രൂക്ഷ വിമര്‍ശനം

വെല്ലിംഗ്‌ടണ്‍: ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബാറ്റിംഗില്‍ കൂടുതല്‍ ഉത്തരവാദിത്വം കാട്ടണമെന്ന് ഇതിഹാസ താരം വിവിഎസ് ലക്ഷ്‌മണ്‍. ന്യൂസിലന്‍ഡിന് എതിരായ വെല്ലിംഗ്‌ടണ്‍ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സിലും കോലി കുറഞ്ഞ സ്‌കോറില്‍ പുറത്തായതിന് പിന്നാലെയാണ് വിവിഎസിന്‍റെ രൂക്ഷ വിമര്‍ശനം. കഴിഞ്ഞ 20 ഇന്നിംഗ്‌സിലും കോലിക്ക് സെഞ്ചുറി നേടാനായിട്ടില്ല. 

Read more: 2014ന് ശേഷം ഇതാദ്യം; ബാറ്റിംഗില്‍ വിരാട് കോലിക്ക് വമ്പന്‍ നാണക്കേട്

'വെല്ലിംഗ്‌ടണിലെ പിച്ച് സാവധാനമാണ്. വലിയ സ്വിങ് ലഭിക്കുന്നുമില്ല. ബോഡിലൈനില്‍ ഷോര്‍ട്ട് പിച്ച് പന്തുകളെറിഞ്ഞ് ആക്രമിക്കുകയാണ് ന്യൂസിലന്‍ഡ് പേസര്‍മാര്‍. ന്യൂസിലന്‍ഡ് ബാറ്റ്സ്‌മാന്‍മാര്‍ ക്ഷമയോടെ കളിക്കുന്നതും കണ്ടു. കോലി കൂടുതല്‍ അച്ചടക്കവും ക്ഷമയും കാട്ടണം. ചെറിയ സ്‌കോറില്‍ സമ്മര്‍ദത്തിലായിരിക്കുന്ന സാഹചര്യത്തില്‍ എതിരാളിയുടെ ലൈനും ലെങ്തും തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ് വേണ്ടത്. അത് ന്യൂസിലന്‍ഡ് നന്നായി ചെയ്‌തെന്നും' ഇന്ത്യന്‍ മുന്‍ താരം പറഞ്ഞു. 

'മുന്‍നിരയിലെ നാല് താരങ്ങളും നന്നായി സ്‌ട്രോക്കുകള്‍ കളിക്കുന്നവരാണ്. വേഗത്തില്‍ റണ്‍സ് കണ്ടെത്തുന്നവരാണ്. എന്നാല്‍ ഓഫ്‌സ്റ്റംപിന് പുറത്തുള്ള പന്ത് കളിക്കാന്‍ കോലി പ്രചോദിതനാകുന്നു.  ഇന്നിംഗ്‌സിന്‍റെ തുടക്കത്തില്‍ കാട്ടുന്ന ക്ഷമ കോലിക്ക് നഷ്‌ടപ്പെടുന്നു. സ്റ്റംപിന് നേര്‍ക്ക് പന്തെറിയുമ്പോള്‍ കോലി റണ്‍സ് കണ്ടെത്തുന്നു. എന്നാല്‍ ഷോര്‍ട്ട് പിച്ച് പന്തുകള്‍ കോലിയുടെ ക്ഷമയെ പരീക്ഷിക്കുകയാണ്. ഇന്നിംഗ്‌സിന്‍റെ തുടക്കത്തില്‍ മികച്ച പന്തുകളെ ബഹുമാനിക്കണം. ആദ്യ ഇന്നിംഗ്‌സില്‍ കെയ്‌ന്‍ വില്യംസണ്‍ അത് കാട്ടിയെന്നും' വിവിഎസ് പറഞ്ഞു. 

Read more: വെല്ലിംഗ്‌ടണ്‍ ടെസ്റ്റ്: ബോള്‍ട്ടാക്രമണത്തില്‍ പതറി ഇന്ത്യ; തോല്‍വി ഒഴിവാക്കാന്‍ പൊരുതുന്നു

പൂജാര പുറത്തായ ശേഷം ക്രീസിലെത്തിയ കോലി തുടക്കത്തില്‍ കിവീസ് താരങ്ങളുടെ ഫുള്‍ ലെങ്‌ത് പന്തുകളില്‍ സമ്മര്‍ദത്തിലായിരുന്നു. പിന്നാലെ ട്രെന്‍ഡ് ബോള്‍ട്ടിന്‍റെ ഷോര്‍ട്ട് പിച്ച് പന്തില്‍ പുറത്തായി. 183 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ടീമിനായി കോലി 19 റണ്‍സ് മാത്രമാണ് നേടിയത്. കോലിയെ വിക്കറ്റ് കീപ്പര്‍ ബി ജെ വാട്‌ലിങ് പിടികൂടുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ രണ്ട് റണ്‍സിന് കോലി പുറത്തായിരുന്നു. പേസര്‍ കെയ്‌ല്‍ ജമൈസണായിരുന്നു വിക്കറ്റ്. 

click me!