രണ്ടാം ഏകദിനത്തില്‍ അവരെ രണ്ടുപേരെയും കളിപ്പിക്കണം; ആവശ്യവുമായി ഹര്‍ഭജന്‍ സിംഗ്

By Web TeamFirst Published Feb 7, 2020, 11:38 AM IST
Highlights

10 ഓവര്‍ എറിഞ്ഞ കുല്‍ദീപ് യാദവ് 84 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ രണ്ട് വിക്കറ്റുകളാണ് നേടിയത്

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ നാല് വിക്കറ്റിന് തോറ്റതോടെ പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്താന്‍ ഇന്ത്യക്ക് രണ്ടാം മത്സരം ജയിച്ചേ മതിയാകൂ. ഹാമില്‍ട്ടണില്‍ ആദ്യം ബാറ്റ് ചെയ്ത് കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും ബൗളിംഗ് പാളിച്ചകളാണ് ഇന്ത്യക്ക് പാരയായത്. അതിനാല്‍ ഈ വീഴ്‌ച പരിഹരിക്കാന്‍ തന്‍റെ നിര്‍ദേശം മുന്നോട്ടുവെക്കുകയാണ് വെറ്ററന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. 

റിസ്റ്റ് സ്‌പിന്നര്‍മാരായ കുല്‍ദീപ് യാദവിനെയും യുസ്‌വേന്ദ്ര ചാഹലിനെയും ടീം ഇന്ത്യ കളിപ്പിക്കണമെന്ന് ഭാജി ആവശ്യപ്പെട്ടു. 'നിലവിലെ ന്യൂസിലന്‍ഡ് ടീം പേസര്‍മാരെ നന്നായി കളിക്കും. എന്നാല്‍ സ്‌പിന്‍ എക്കാലവും അവര്‍ക്കൊരു പ്രശ്‌നമാണ്. മധ്യ ഓവറുകളില്‍ സ്‌പിന്നര്‍മാരെ ഉപയോഗിച്ചാല്‍ വിക്കറ്റുകള്‍ നേടാം. കേദാര്‍ ജാദവിനെ ഒഴിവാക്കിയെങ്കിലും ഒരു അധിക സ്‌പിന്നറെ ഉള്‍പ്പെടുത്താവുന്നതാണ്' എന്നും ഹര്‍ഭജന്‍ സിംഗ് വ്യക്തമാക്കി. 

കേദാറിനെ ഒഴിവാക്കുമോ, കാത്തിരുന്ന് കാണാം

കഴിഞ്ഞ വര്‍ഷാദ്യം നാഗ്‌പൂരില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് കേദാര്‍ ജാദവ് അവസാനമായി അന്താരാഷ്‌ട്ര വിക്കറ്റ് നേടിയത്. അതിന് ശേഷം കളിച്ച 16 ഏകദിനങ്ങളില്‍ ഒന്‍പതിലും പന്തെറിഞ്ഞപ്പോള്‍ വിക്കറ്റ് നേടാനായില്ല. 4.90ല്‍ നിന്ന് ഇക്കോണമി റേറ്റ് 6.95ലേക്ക് ഉയരുകയും ചെയ്തു. എന്നാല്‍ ഹാമില്‍ട്ടണില്‍ 15 പന്തില്‍ പുറത്താകാതെ 26 റണ്‍സെടുത്ത കേദാറിനെ ഒഴിവാക്കുമോ എന്ന് കണ്ടറിയണം. കേദാറിന്‍റെ അവസാന ഓവറുകളിലെ ബാറ്റിംഗ് കൂടിയാണ് ഇന്ത്യയെ 347/4 എന്ന മികച്ച സ്‌കോറിലെത്തിച്ചത്. 

ഹാമില്‍ട്ടണ്‍ ഏകദിനത്തില്‍ യുസ്‌വേന്ദ്ര ചാഹല്‍ കളിച്ചിരുന്നില്ല. അതേസമയം 10 ഓവര്‍ എറിഞ്ഞ കുല്‍ദീപ് യാദവ് 84 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ രണ്ട് വിക്കറ്റുകളാണ് നേടിയത്. ഒരു ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ മൂന്നാമത്തെ ഇന്ത്യന്‍ സ്‌പിന്നര്‍ എന്ന നേട്ടത്തിലെത്തിയിരുന്നു ഇതോടെ കുല്‍ദീപ് യാദവ്. 

click me!