പരമ്പര ജയത്തിന് പിന്നാലെ ന്യൂസിലന്‍ഡിന് കനത്ത തിരിച്ചടി; വമ്പന്‍ നാണക്കേട്

By Web TeamFirst Published Feb 9, 2020, 8:46 AM IST
Highlights

ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിന് ഐസിസിയുടെ കുരുക്ക്. പരമ്പര ജയത്തിന് പിന്നാലെയാണ് നടപടി. 

ഓക്‌ലന്‍ഡ്: ഇന്ത്യക്കെതിരായ ഏകദിന പരമ്പര ജയത്തിന് പിന്നാലെ ന്യൂസിലന്‍ഡിന് വമ്പന്‍ തിരിച്ചടി. രണ്ടാം ഏകദിനത്തിലെ കുറഞ്ഞ ഓവർ നിരക്കിന് ന്യൂസിലൻഡിന് പിഴശിക്ഷ. മാച്ച് ഫീസിന്റെ 60 ശതമാനമാണ് ഐസിസി പിഴ ചുമത്തിയിരിക്കുന്നത്. നിശ്ചിത സമയത്ത് മൂന്ന് ഓവ‍ർ കുറച്ചാണ് കിവീസ് പന്തെറിഞ്ഞത്. മാച്ച് റഫറി ക്രിസ് ബ്രോഡാണ് പിഴ ചുമത്തിയത്. ആദ്യ മത്സരത്തിൽ ഇന്ത്യക്കും കുറഞ്ഞ ഓവർനിരക്കിന് ഐസിസി പിഴ ചുമത്തിയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 50 ഓവറില്‍ എട്ട് വിക്കറ്റിന് 273 റണ്‍സെടുത്തപ്പോള്‍ ഗപ്റ്റിലായിരുന്നു ടോപ് സ്‌കോറര്‍(79). ആദ്യ വിക്കറ്റില്‍ ഹെന്‍റി നിക്കോള്‍സിനൊപ്പം 93 റണ്‍സ് ചേര്‍ത്തു. 73 റണ്‍സുമായി വാലറ്റത്തെ കൂട്ടുപിടിച്ച് റോസ് ടെയ്‌ലര്‍ നടത്തിയ പ്രകടനമാണ് ആതിഥേയരെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. മറുപടി ബാറ്റിംഗില്‍ മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ ടീം ഇന്ത്യ വമ്പന്‍ നാണക്കേട് ഒഴിവാക്കിയത് വാലറ്റത്തിന്‍റെ കരുത്തിലാണ്. മധ്യനിരയില്‍ അര്‍ധ സെഞ്ചുറി(52) നേടിയ ശ്രേയസ് അയ്യര്‍ മാത്രമാണ് തിളങ്ങിയത്. 

ഏഴാമനായി ഇറങ്ങി 55 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ നിരയില്‍ ടോപ് സ്‌കോറര്‍. ജഡേജക്കൊപ്പം പൊരുതിയ നവ്‌ദീപ് സെയ്‌നി 49 പന്തില്‍ 45 ഉം ശാര്‍ദുല്‍ ഠാക്കൂര്‍ 15 പന്തില്‍ 18 ഉം യുസ്‌വേന്ദ്ര ചാഹല്‍ 12 പന്തില്‍ 10 ഉം റണ്‍സെടുത്തു. ജിമ്മി നീഷാം എറിഞ്ഞ 49-ാം ഓവറിലെ മൂന്നാം പന്തില്‍ അവസാനക്കാരനായി ജഡേജ ഗ്രാന്‍‌ഹോമിന് ക്യാച്ച് നല്‍കി മടങ്ങിയതോടെ ഇന്ത്യ 22 റണ്‍സിന്‍റെ തോല്‍വി സമ്മതിക്കുകയായിരുന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ന് കിവീസ് നേടി. 

click me!