മുന്‍ഗാമി രണ്ട് താരങ്ങള്‍ മാത്രം, ഒരാള്‍ ധോണി; ന്യൂസിലന്‍ഡില്‍ കോലിയെ കാത്ത് ചരിത്രനേട്ടം

By Web TeamFirst Published Feb 17, 2020, 3:09 PM IST
Highlights

നായകന്‍ വിരാട് കോലിക്ക് സുവര്‍ണ നേട്ടം സ്വന്തമാക്കാനുള്ള അവസരമാണ് ന്യൂസിലന്‍ഡില്‍ കാത്തിരിക്കുന്നത്

വെല്ലിങ്‌ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഫൈനല്‍ കസേര ഉറപ്പിക്കാനുള്ള അവസരമാണ് ടീം ഇന്ത്യക്ക് ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര. രണ്ട് മത്സരങ്ങളുടെ പരമ്പര വിജയിച്ചാല്‍ കോലിപ്പടയ്‌ക്ക് ബഹുദൂരം മുന്നേറാം. ഇന്ത്യന്‍ ടീമിന് മാത്രമല്ല നായകന്‍ വിരാട് കോലിക്കും സുവര്‍ണ നേട്ടം സ്വന്തമാക്കാനുള്ള അവസരമാണ് ന്യൂസിലന്‍ഡില്‍ കാത്തിരിക്കുന്നത്. 

കിവികളുടെ മണ്ണില്‍ മൂന്നാം ടെസ്റ്റ് പരമ്പര ജയമെന്ന ലക്ഷ്യമാണ് ടീം ഇന്ത്യക്കുള്ളത്. മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയും എം എസ് ധോണിയുമാണ് ഇതിനുമുന്‍പ് ന്യൂസിലന്‍ഡില്‍ ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യന്‍ നായകന്‍മാര്‍. പട്ടൗഡി 1968ലും ധോണി 2009ലുമാണ് പരമ്പര നേടിയത്. പരമ്പര നേടാനായാല്‍ ഓസ്‌ട്രേലിയയിലെ വിജയത്തിന് ശേഷം കോലിക്കൊരു പൊന്‍തൂവല്‍ ആവും ഇത്. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വന്‍ കുതിപ്പാണ് ടീം ഇന്ത്യ നടത്തുന്നത്. കളിച്ച ഏഴ് മത്സരങ്ങളിലും വിജയിച്ചു. വിന്‍ഡീസ്(2-0), ദക്ഷിണാഫ്രിക്ക(3-0), ബംഗ്ലാദേശ്(2-0) ടീമുകളെ വൈറ്റ്‌വാഷ് ചെയ്ത ഇന്ത്യ 360 പോയിന്‍റുമായി മുന്നിലാണ്. ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകളോട് എവേ മത്സരങ്ങളും ഇംഗ്ലണ്ടിനോട് ഹോം പരമ്പരയുമാണ് ടീം ഇന്ത്യ കളിക്കാന്‍ ബാക്കിയുള്ളത്. ഫെബ്രുവരി 21ന് ന്യൂസിലന്‍ഡിന് എതിരായ ആദ്യ ടെസ്റ്റിന് തുടക്കമാകും. 

ഇന്ത്യന്‍ സ്‌ക്വാഡ്: വിരാട് കോലി(നായകന്‍), മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ(ഉപനായകന്‍), ഹനുമാ വിഹാരി, വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), ഋഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജസ്‌പ്രീത് ബുമ്ര, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, നവ്‌ദീപ് സെയ്‌നി, ഇശാന്ത് ശര്‍മ്മ.  

ന്യൂസിലന്‍ഡ് സ്‌ക്വാഡ്: കെയ്‌ന്‍ വില്യംസണ്‍(നായകന്‍), ടോം ബ്ലന്‍ഡല്‍, ട്രെന്‍ഡ് ബോള്‍ട്ട്, കോളിന്‍ ഗ്രാന്‍ഹോം, കെയ്‌ല്‍ ജമൈസണ്‍, ടോം ലാഥം, ഡാരില്‍ മിച്ചല്‍, ഹെന്‍‌റി നിക്കോള്‍സ്, അജാസ് പട്ടേല്‍, ടിം സൗത്തി, റോസ് ടെയ്‌ലര്‍, നീല്‍ വാഗ്‌നര്‍, ബി ജെ വാട്‌ലിങ്

click me!