അര്‍ധസെഞ്ചുറി പോലുമില്ല; എന്നിട്ടും മായങ്കിന് അഭിമാനനേട്ടം; 30 വര്‍ഷത്തിനിടെ ആദ്യം

By Web TeamFirst Published Feb 21, 2020, 10:23 PM IST
Highlights

വെല്ലിംഗ്‌ടണിലെ ആദ്യദിനം ഇന്ത്യ ആദ്യ സെഷന്‍ പൂര്‍ത്തിയാക്കുമ്പോള്‍ 29 റണ്‍സാണ് മായങ്കിനുണ്ടായിരുന്നത്

വെല്ലിംഗ്‌ടണ്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ വമ്പന്‍ സ്‌കോര്‍ കണ്ടെത്താനായില്ലെങ്കിലും ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന് ചരിത്രനേട്ടം. ന്യൂസിലന്‍ഡില്‍ ടെസ്റ്റില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടെ ആദ്യ സെഷന്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണറാണ് മായങ്ക്. 1990ല്‍ മനോജ് പ്രഭാകര്‍ ആണ് ആദ്യ സെഷനില്‍ വിക്കറ്റ് വലിച്ചെറിയാതെ പിടിച്ചുനിന്നിട്ടുള്ള ആദ്യ ഇന്ത്യന്‍ ഓപ്പണര്‍. 

വെല്ലിംഗ്‌ടണിലെ ആദ്യദിനം ഇന്ത്യ ആദ്യ സെഷന്‍ പൂര്‍ത്തിയാക്കുമ്പോള്‍ 29 റണ്‍സാണ് മായങ്കിനുണ്ടായിരുന്നത്. എന്നാല്‍ 84 പന്തില്‍ 34 റണ്‍സെടുത്ത താരം 35-ാം ഓവറില്‍ പുറത്തായി. ട്രെന്‍ഡ് ബോള്‍ട്ട് മായങ്കിനെ കെയ്‌ല്‍ ജമൈസനിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. 

മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നേപ്പിയറിലായിരുന്നു മനോജ് പ്രഭാകറിന്‍റെ ഇന്നിംഗ്‌സ്. അന്ന് അദേഹം 268 പന്തുകള്‍ പ്രതിരോധിച്ച് 95 റണ്‍സ് കണ്ടെത്തി. ടീം ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 358/9 എന്ന സ്‌കോറില്‍ ഡിക്ലെയര്‍ ചെയ്തപ്പോള്‍ ന്യൂസിലന്‍ഡിന്‍റെ മറുപടി 178/1ല്‍ നില്‍ക്കേ മത്സരം സമനിലയില്‍ അവസാനിച്ചു. മത്സരത്തിലെ ആദ്യ-അവസാന ദിനങ്ങള്‍ മഴ കവരുകയായിരുന്നു. 

വെല്ലിംഗ്‌ടണില്‍ ആദ്യദിനം അവസാനിച്ചപ്പോള്‍ 122/5 എന്ന സ്‌കോറിലാണ് ടീം ഇന്ത്യ. അജിങ്ക്യ രഹാനെയും(38*), ഋഷഭ് പന്തുമാണ്(10*) ക്രീസില്‍. പൃഥ്വി ഷാ(16), മായങ്ക് അഗര്‍വാള്‍(34), ചേതേശ്വര്‍ പൂജാര(11), വിരാട് കോലി(2), ഹനുമ വിഹാരി(7) എന്നിവരാണ് പുറത്തായത്. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ അരങ്ങേറ്റക്കാരന്‍ പേസര്‍ കെയ്‌ല്‍ ജമൈസനാണ് ഇന്ത്യയെ വിറപ്പിച്ചത്. 14 ഓവറില്‍ 38 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു ഈ വിക്കറ്റുകള്‍. ബോള്‍ട്ടും സൗത്തിയും ഓരോ വിക്കറ്റ് നേടി. 

click me!