
കൊൽക്കത്ത: ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെമിയിൽ ഇന്ത്യയുടെ എതിരാളികളെ ഇന്നറിയാം. ജീവന്മരണപോരാട്ടത്തിൽ ഇംഗ്ലണ്ടിനെ പാകിസ്ഥാൻ നേരിടും. ഉച്ചയ്ക്ക് രണ്ടിന് കൊൽക്കത്തയിലാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്‌സും ഡിസ്‌നി+ഹോട്‌സ്റ്റാറും വഴി മത്സരം ഇന്ത്യയില്‍ തല്‍സമയം കാണാം.
സ്വപ്നം കാണാന്‍ ചെലവില്ലാത്തതിനാൽ പാകിസ്ഥാന്‍റെ സെമിമോഹത്തിന് അതിരില്ല. എന്നാൽ ഈഡൻ ഗാര്‍ഡൻസിൽ ക്രിക്കറ്റ് ചരിത്രത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത അത്ഭുതങ്ങൾ സംഭവിക്കണം ബാബറും സംഘവും അവസാന നാലിലെത്താൻ. ഈ ലോകകപ്പിൽ അമ്പേ പരാജയമെങ്കിലും നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ആദ്യം ബാറ്റ് ചെയ്യുകയാണെങ്കിൽ 287 റണ്‍സിന് തോൽപ്പിക്കണം. ഇനി ചേസിംഗ് എങ്കിൽ 283 പന്ത് ബാക്കിനിൽക്ക വിജയലക്ഷ്യം മറികടക്കണം. അതായത് പാകിസ്ഥാൻ 300 റണ്‍സ് ഉയര്‍ത്തിയാൽ ഇംഗ്ലണ്ട് വെറും 13 റണ്‍സിന് പുറത്താവണം. ഇനി 400 റണ്‍സെങ്കിൽ 112 റണ്‍സേ ആകെ വഴങ്ങാവൂ. ഏകദിന ചരിത്രത്തിൽ പാകിസ്ഥാന്‍റെ ഉയര്‍ന്ന സ്കോര്‍ 399 ആണ് എന്നതിനാല്‍ എല്ലാം വെറും സ്വപ്‌നമായി തീരാനാണ് സാധ്യത.
ചേസിംഗിലെ കണക്കുകൾ ഇങ്ങനെ. ഇംഗ്ലണ്ടിനെ 50 റണ്‍സിന് എറഞ്ഞിട്ട് 12 പന്തുകളിൽ വിജയലക്ഷ്യം മറികടക്കണം. 100 റണ്‍സെങ്കിൽ 17 പന്തിലും 200 റണ്‍സെങ്കിൽ 27 പന്തിലും ചേസ് ചെയ്യണം പാക് പടയ്ക്ക്. കളി ക്രിക്കറ്റ് ആയതിനാൽ എന്തും നടക്കുമെന്ന പ്രതീക്ഷയിലാണ് പാകിസ്ഥാൻ ടീം. അതേസമയം ടൂര്‍ണമെന്‍റില്‍ നിറംമങ്ങിയെങ്കിലും മൂന്നാം ജയത്തോടെ 2025ലെ ചാമ്പ്യൻസ് ട്രോഫി യോഗ്യത ഉറപ്പാക്കുകയാണ് ഇംഗ്ലണ്ടിന്‍റെ ലക്ഷ്യം. ലോകകപ്പിലെ നേര്‍ക്കുനേര്‍ പോരിൽ ഇംഗ്ലണ്ടിനാണ് നേരിയ മുൻതൂക്കം. 10 മത്സരങ്ങളിൽ ഇംഗ്ലണ്ട് ജയിച്ചു. അവസാന ലോകകപ്പിലെ ഉൾപ്പടെ നാല് എണ്ണത്തിൽ പാകിസ്ഥാൻ ജയിച്ചപ്പോൾ ഒരു മത്സരം ഉപേക്ഷിച്ചു.
ലോകകപ്പിലെ ഇന്നത്തെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്ക് ബംഗ്ലാദേശാണ് എതിരാളികള്‍. രാവിലെ പത്തരയ്ക്ക് പൂനെയില്‍ മത്സരം തുടങ്ങി. സെമിയുറപ്പിച്ച കഴിഞ്ഞ ഓസീസ് വമ്പൻ ജയത്തോടെ ദക്ഷിണാഫ്രിക്കയെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് ഉയരാമെന്ന പ്രതീക്ഷയിലാണ്. അതേസമയം ജയത്തോടെ ചാമ്പ്യൻസ് ട്രോഫി യോഗ്യത പ്രതീക്ഷ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ബംഗ്ലാദേശ്. പരിക്കേറ്റ് പുറത്തായ ഷാക്കിബ് അൽ ഹസന് പകരം നജ്മുൾ ഷാന്തോയായിരിക്കും ബംഗ്ലാദേശിനെ നയിക്കുക. ലോകകപ്പിൽ ഇതിന് മുമ്പ് ഏറ്റുമുട്ടിയ മൂന്ന് കളിയിലും ജയം ഓസ്ട്രേലിയക്കായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!