സച്ചിന്‍ എന്ന വന്‍മരത്തെ കടപുഴക്കി രച്ചിന്‍ രവീന്ദ്ര, റെക്കോര്‍ഡ്; ഇനി ഐപിഎല്ലിലേക്ക്? മനസില്‍ സൂപ്പര്‍ ടീം
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലുണ്ടായിരുന്ന ലോകകപ്പ് റെക്കോര്‍ഡിന് അവകാശിയായി രച്ചിന്‍ രവീന്ദ്ര

ബെംഗളൂരു: തന്‍റെ അരങ്ങേറ്റ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ റണ്‍വേട്ടയുമായി റെക്കോര്‍ഡുകള്‍ കടപുഴക്കുകയാണ് ന്യൂസിലന്‍ഡ് ഓപ്പണര്‍ രച്ചിന്‍ രവീന്ദ്ര. ലോകകപ്പ് റൺവേട്ടയിൽ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് രച്ചിന്‍ മറികടന്നു. ഐപിഎൽ താരലേലത്തിലൂടെ രച്ചിനെ സ്വന്തമാക്കാൻ റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂര്‍ ശ്രമിക്കുമെന്ന സൂചനകള്‍ ഇതിനകം ശക്തമായിട്ടുണ്ട്.
13 വര്‍ഷം മുന്‍പ് സച്ചിന്‍ ടെന്‍ഡുൽക്കര്‍ ടെസ്റ്റ് ക്രിക്കറ്റിൽ 14,000 റൺസ് തികയ്ക്കുമ്പോള്‍ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ കയ്യടിക്കാന്‍ ഉണ്ടായിരുന്ന 10 വയസുകാരനാണ് ഇന്നത്തെ കിവീസ് സ്റ്റാര്‍ ഓപ്പണറായ രച്ചിന്‍ രവീന്ദ്ര. ഇന്ന് അതേ ഗ്യാലറികളുടെ കയ്യടിക്കിടെ സച്ചിന്‍റെ പേരിലുണ്ടായിരുന്ന ലോകകപ്പ് റെക്കോര്‍ഡിന് അവകാശിയായി രച്ചിന്‍ രവീന്ദ്ര മാറി. 25 വയസിനിടെ ഏറ്റവും കൂടുതൽ ലോകകപ്പ് റൺസടിക്കുന്ന താരമെന്ന റെക്കോര്‍ഡാണ് ന്യൂസിലൻഡിന്‍റെ ഇന്ത്യൻ വംശജനായ ഓപ്പണര്‍ക്ക് സ്വന്തമായത്. 1996ലെ ലോകകപ്പിൽ 523 റൺസടിച്ച സച്ചിന്‍റെ റെക്കോര്‍ഡ് രച്ചിന്‍ അനായാസം മറികടന്നു. അരങ്ങേറ്റ ലോകകപ്പിലെ 9 ഇന്നിംഗ്സില്‍ രച്ചിന് 565 റൺസായി.
ആര്‍ബിസിയിലേക്ക്?
കുടുംബവേരുകളുള്ള കര്‍ണാടകത്തിന്‍റെ ഐപിഎൽ ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ജേഴ്സിയിൽ രച്ചിന്‍റെ വരവ് കാക്കുകയാണ് ഇപ്പോള്‍ ആര്‍സിബി ആരാധകര്‍. ആര്‍സിബിയിലെത്താനുള്ള സാധ്യതയേക്കുറിച്ചുള്ള ചോദ്യത്തിന് രച്ചിന്‍ രവീന്ദ്ര മറുപടി നല്‍കി. അടുത്തമാസം ദുബായിൽ നടക്കുന്ന താരലേലത്തിൽ രച്ചിന്‍റെ പ്രതിഫലം 10 കോടി കടന്നാലും അത്ഭുതം വേണ്ട. ശ്രീലങ്കയ്‌ക്ക് എതിരായ കഴിഞ്ഞ മത്സരത്തില്‍ രച്ചിന്‍ 34 പന്തില്‍ മൂന്ന് വീതം ഫോറും സിക്‌സറുകളും സഹിതം 42 റണ്‍സെടുത്തിരുന്നു. 9 ഇന്നിംഗ്‌സുകളില്‍ മൂന്ന് സെഞ്ചുറികള്‍ സഹിതം 70.62 ശരാശരിയിലും 108.45 സ്ട്രൈക്ക് റേറ്റിലും 565 റണ്‍സുമായി രച്ചിന്‍ രവീന്ദ്രയാണ് നിലവില്‍ ടൂര്‍ണമെന്‍റിലെ ടോപ് സ്കോറര്‍.