
ചെന്നൈ: സഞ്ജു സാംസണ് വേണ്ടി വീണ്ടും ചെന്നൈ സൂപ്പര്‍ കിങ്സ് രംഗത്ത്. രാജസ്ഥാന്‍ റോയല്‍സ് ഉടമയുമായി സിഎസ്‌കെ അധികൃതര്‍ സംസാരിച്ചു. ഒരു പ്രമുഖ സിഎസ്‌കെ താരത്തെ രാജസ്ഥാന്‍ റോയല്‍സ് പകരം ചോദിക്കുകയും ചെയ്തു. എന്നാല്‍ താരത്തിന്റെ പേര് വ്യക്തമാക്കിയിട്ടില്ല. ആ താരത്തോട് രാജസ്ഥാനിലേക്ക് മാറാന്‍ താല്‍പ്പര്യമുണ്ടോ എന്നറിയാന്‍ ഒരു സന്ദേശം അയച്ചിട്ടുണ്ടെന്നാണ് വിവരം. ഈ മാസം 11ന് മുന്‍പ് തീരുമാനം ഉണ്ടാകും. ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകളും സഞ്ജുവിന്റെ ട്രേഡ് സംബന്ധിച്ച ചര്‍ച്ചകളില്‍ സജീവമാണ്.
അടുത്ത സീസണിലേക്കുള്ള ടീം ഒരുക്കുന്നതില്‍ ധോണിയും പങ്കാളിയാണ്. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദും ധോണിയും കോച്ച് സ്റ്റീഫന്‍ ഫ്‌ളമിംഗും ചെന്നൈ സിഇഒ കാശി വിശ്വനാഥനും ചേര്‍ന്ന് സഞ്ജുവിന്റെ കാര്യത്തില്‍ തീരുമാനമെടുക്കും. നവംബര്‍ 10, 11 തീയതികളില്‍ അവര്‍ തമ്മിലുള്ള ഒരു യോഗം നടക്കാന്‍ സാധ്യതയുണ്ട്. അടുത്ത കുറച്ച് ദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്തിടെ ലണ്ടനില്‍ നിന്ന് മുംബൈയിലെത്തിയ രാജസ്ഥാന്‍ റോയല്‍സ് ഉടമ മനോജ് ബദ്‌ലെ എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്.
അടുത്തിടെ സഞ്ജു ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് പോകുമെന്നുള്ള വാര്‍ത്തകളുമുണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ ടീമിലെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലിനെ രാജസ്ഥാന് നല്‍കി പകരം സഞ്ജുവിനെ സ്വന്തമാക്കാനാണ് ഡല്‍ഹി ശ്രമിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇത് സാധ്യമായാല്‍ ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലി താരകൈമാറ്റങ്ങളിലൊന്നാകും അതെന്നാണ് വിലയിരുത്തല്‍. സഞ്ജുവിന്റെ മുന്‍ ടീം കൂടിയാണ് ഡല്‍ഹി. ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് രാജസ്ഥാന് വിലക്ക് നേരിട്ട 2016, 2017 സീസണുകളിലാണ് സഞ്ജു ഡല്‍ഹി കുപ്പായത്തില്‍ കളിച്ചത്.
കഴിഞ്ഞ ഐപിഎല്ലില്‍ പരിക്കുമൂലം പല മത്സരങ്ങളിലും പുറത്തിരുന്ന സഞ്ജുവിന് കാര്യമായി ശോഭിക്കാനായിരുന്നില്ല. എന്നാല്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് കഴിഞ്ഞ സീസണില്‍ 14 കോടി രൂപക്ക് ഡല്‍ഹിയിലെത്തിയ രാഹുല്‍ 13 മത്സരങ്ങളില്‍ 539 റണ്‍സടിച്ച് തിളങ്ങി. കഴിഞ്ഞ ഐപിഎല്‍ താരലേലത്തിന് മുമ്പ് 18 കോടി രൂപ നല്‍കിയാണ് സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയത്.