
മുംബൈ: അടുത്ത ആഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള തയാറെടുപ്പിലാണ് ഇന്ത്യൻ ടീം. അഫ്ഗാനിസ്ഥാന്‍റെ 'ഹോം' പരമ്പരയായി ഇന്ത്യയിൽ വെച്ചുതന്നെ നടക്കുന്ന പോരാട്ടത്തിന് ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസിയില്‍ കരുത്തുറ്റ ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ ഓപ്പണറും വിക്കറ്റ് കീപ്പറുമായി ടീമിലേക്ക് തിരിച്ചെത്തിയതാണ് പ്രധാന മാറ്റം.
ഏഷ്യൻ ഗെയിംസ് സ്വർണ്ണമെഡൽ നിലനിർത്താനുള്ള പോരാട്ടങ്ങൾക്ക് തൊട്ടുമുമ്പ് നടക്കുന്ന ഈ പരമ്പരയിൽ ഇന്ത്യയുടെ ഓപ്പണിങ് സഖ്യം ആരായിരിക്കുമെന്നാണ് ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. കഴിഞ്ഞ സിംബാബ്‌വെ പര്യടനത്തിൽ സഞ്ജുവിന് വിശ്രമം അനുവദിച്ചപ്പോൾ കൗമാര താരം വൈഭവ് സൂര്യവംശിയും അഭിഷേക് ശർമയുമാണ് ഇന്ത്യക്കായി ഓപ്പൺ ചെയ്തത്. സീനിയർ ടീമിൽ അരങ്ങേറിയ വൈഭവ് സിംബാബ്‌വെക്കെതിരെ രണ്ടു അർധസെഞ്ചുറികൾ അടക്കം (81, 49) മിന്നുന്ന പ്രകടനത്തോടെ ടോപ് സ്കോററായിരുന്നു.
എന്നാൽ വരാനിരിക്കുന്ന പരമ്പരയിൽ സഞ്ജു സാംസണും വൈഭവ് സൂര്യവംശിയും ചേരുന്ന പുതിയൊരു ഓപ്പണിങ് സഖ്യത്തെ പരീക്ഷിക്കാവുന്നതാണെന്ന് മുൻ ഇന്ത്യൻ താരം ദീപ് ദാസ്ഗുപ്ത അഭിപ്രായപ്പെട്ടു. തന്‍റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ദീപ്ദാസ് ഗുപ്തയുടെ പ്രതികരണം. ഇതുവരെ നമ്മൾ അഭിഷേക്-വൈഭവ്, അഭിഷേക്-സഞ്ജു കൂട്ടുകെട്ടുകളാണ് കണ്ടിട്ടുള്ളത്. എന്നാൽ സഞ്ജുവും വൈഭവും ചേരുന്ന ഒരു ഓപ്പണിങ് കോമ്പിനേഷൻ നമ്മൾ കണ്ടിട്ടില്ല. അടുത്ത ലോകകപ്പിന് മുൻപായി എല്ലാ സഖ്യങ്ങൾക്കും സാധ്യതകൾക്കും കൃത്യമായ അവസരം നൽകുന്നത് നല്ലൊരു ആശയമായിരിക്കും. ആരെയും ടീമിൽ നിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ചല്ല ഞാൻ പറയുന്നത്, മറിച്ച് ഏത് കൂട്ടുകെട്ടാണ് ഏറ്റവും നന്നായി പ്രവർത്തിക്കുന്നതെന്ന് മനസിലാക്കാനാണ് ഈ പരീക്ഷണമെന്നും ദീപ് ദാസ്ഗുപ്ത പറഞ്ഞു.
ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ വരാനിരിക്കുന്ന 6-8 മാസങ്ങളിൽ ടീമിൽ വൻ മാറ്റങ്ങളും റൊട്ടേഷനുകളും വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 20-25 കളിക്കാരടങ്ങുന്ന ഒരു പൂളിൽ നിന്ന് താരങ്ങൾക്ക് മാറിമാറി അവസരം നൽകുന്നത് ലോകകപ്പിന് തൊട്ടുമുമ്പ് മികച്ച ഇലവനെ കണ്ടെത്താൻ മാനേജ്‌മെന്‍റിനെ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!