താൻ വന്നതിനു ശേഷമാണ് പാകിസ്ഥാൻ ക്രിക്കറ്റ് തകർന്നതെന്ന ആരോപണങ്ങളെയും നഖ്‌വി ശക്തമായി എതിർത്തു. പുതിയ പരിശീലക സംഘം ചുമതലയേറ്റ ശേഷമുള്ള ടീമിന്‍റെ റാങ്കിങ് കണക്കുകൾ ചൂണ്ടിക്കാട്ടിയായിരുന്നു നഖ്‌വിയുടെ മറുപടി.
ലാഹോർ: പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്‍റെ തുടർ തോൽവികളിലും മോശം പ്രകടനങ്ങളിലും ബോർഡിനെതിരെ വിമർശനങ്ങൾ കടുക്കവെ, വ്യത്യസ്ത ന്യായീകരണവുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അധ്യക്ഷൻ മൊഹ്സിൻ നഖ്‌വി. മുൻനിര ടീമുകൾക്കും ഇത്തരം അപ്രതീക്ഷിത തിരിച്ചടികൾ നേരിടാറുണ്ടെന്ന് ചൂണ്ടിക്കാട്ടിയ നഖ്‌വി, ഇന്ത്യ അയർലൻഡിനോടും ദക്ഷിണാഫ്രിക്ക നമീബിയയോടും തോറ്റിട്ടില്ലേ എന്നും അതുകൊണ്ട് അവിടെയൊന്നും ക്രിക്കറ്റ് അവസാനിച്ചിട്ടില്ലല്ലോ എന്നും ചോദിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിലാണ് പിസിബി അധ്യക്ഷൻ തന്‍റെ നിലപാട് വ്യക്തമാക്കിയത്.
ഇംഗ്ലണ്ട് പര്യടനത്തിലെ കനത്ത തോൽവിക്ക് പിന്നാലെ പാക് ടീമിലും പരിശീലക സംഘത്തിലും വൻ അഴിച്ചുപണിയാണ് ബോർഡ് നടത്തിയത്. പര്യടനം പകുതിവഴിയിൽ നിൽക്കെ ഏഴ് താരങ്ങളെ നാട്ടിലേക്ക് തിരിച്ചയച്ച പിസിബി, മുൻ ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദ്, ബൗളിങ് കോച്ച് ഉമർ ഗുൽ എന്നിവരടങ്ങുന്ന പരിശീലക സംഘത്തെ പുറത്താക്കുകയും ചെയ്തു. ടീമിൽ ഫോമിലല്ലാത്ത താരങ്ങളെ മാറ്റുക എന്നത് സ്വാഭാവിക നടപടിയാണെന്നും, സൽമാൻ ആഘയെപ്പോലുള്ള മികച്ച കളിക്കാർ പോലും നിലവിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്നുണ്ടെന്നും നഖ്‌വി പറഞ്ഞു. മികച്ച പ്രകടനം നടത്താൻ കഴിയാത്ത ഘട്ടത്തിൽ മാറ്റങ്ങൾ അനിവാര്യമാണെന്നാണ് ഇതിനെക്കുറിച്ച് നഖ്‌വിയുടെ വിശദീകരണം.
താൻ വന്നതിനു ശേഷമാണ് പാകിസ്ഥാൻ ക്രിക്കറ്റ് തകർന്നതെന്ന ആരോപണങ്ങളെയും നഖ്‌വി ശക്തമായി എതിർത്തു. പുതിയ പരിശീലക സംഘം ചുമതലയേറ്റ ശേഷമുള്ള ടീമിന്‍റെ റാങ്കിങ് കണക്കുകൾ ചൂണ്ടിക്കാട്ടിയായിരുന്നു നഖ്‌വിയുടെ മറുപടി. താന്‍ ചിമതലയേല്‍ക്കുമ്പോള്‍ ഏകദിന റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തായിരുന്ന പാകിസ്ഥാൻ നിലവിൽ അഞ്ചാം സ്ഥാനത്തും, ടി20യിൽ ഒൻപതാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്കും ഉയർന്നതായി നഖ്‌വി അവകാശപ്പെട്ടു. ടെസ്റ്റ് മത്സരങ്ങളിലെ രണ്ട് തോൽവികൾ നിരാശാജനകമാണെങ്കിലും, പരിമിത ഓവർ ക്രിക്കറ്റിൽ കൈവരിച്ച മുന്നേറ്റം പോലെ ദൈവാനുഗ്രഹമുണ്ടെങ്കിൽ ടെസ്റ്റിലും പാകിസ്ഥാൻ തിരിച്ചുവരുമെന്നും വിമർശനങ്ങളെ ഭയക്കുന്നില്ലെന്നും പിസിബി അധ്യക്ഷൻ കൂട്ടിച്ചേർത്തു.
