ഗാംഗുലി തലക്കനമുള്ള ആളെന്ന് കരുതി, പക്ഷെ ആ സംഭവം എല്ലാം മാറ്റിമറിച്ചു; വെളിപ്പെടുത്തി സഖ്‌ലെയ്ന്‍ മുഷ്താഖ്

By Gopala krishnanFirst Published Sep 20, 2022, 6:48 PM IST
Highlights

അന്ന് പരിശീലന മത്സരത്തിലെ കളിക്കുശേഷം സ്റ്റേഡിയത്തിലെ മുകള്‍ നിലയിലുള്ള ഞങ്ങളുടെ ഡ്രസ്സിംഗ് റൂമിലേക്ക് രണ്ട് കൈയിലും ഓരോ കാപ്പിയും എടുത്ത് സൗരവ് ഗാംഗുലി കയറിവന്നു. ഇന്ത്യയുടെയും ഞങ്ങളുടെയും ഡ്രസ്സിംഗ് റൂമുകള്‍ തമ്മില്‍ ഒരു കൈമതിലിന്‍റെ അകലമേ ഉണ്ടായിരുന്നുള്ളു. ചാടിക്കടന്നോ ചുറ്റിവന്നോ ‌ഞങ്ങള്‍ക്ക് അടുത്തേക്ക് വരാം

കറാച്ചി: ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയെക്കുറിച്ച തനിക്ക് തെറ്റായ കുറേ ധാരണകളും മുന്‍വിധികളും ഉണ്ടായിരുന്നുവെനന് മുന്‍ പാക് താരവും പാക് ടീമിന്‍റെ ഇപ്പോഴത്തെ പരിശീലകനുമായ സഖ്‌ലെയ്ന്‍ മുഷ്താഖ്. ഗാംഗുലി തലക്കനമുള്ളയാളും ഞാനാണ് വലിയവനെന്ന ഈഗോ കൊണ്ടു നടക്കുന്ന ആളുമാണെന്നായിരുന്നു തന്‍റെ ധാരണയെന്നും എന്നാല്‍ പിന്നീട് നടന്ന ഒരു സംഭവം തന്‍റെ തെറ്റിദ്ധാരണകളെല്ലാം മാറ്റിമറിച്ചുവെന്നും സ്പോര്‍ട്സ്കീഡക്ക് നല്‍കിയ അഭിമുഖത്തില്‍ സഖ്‌ലെയ്ന്‍ മുഷ്താഖ് വ്യക്തമാക്കി.

കളിക്കുന്ന കാലത്ത് ഞാനും ഗാംഗുലിയും തമ്മില്‍ ഹായ്, ഹലോ ബന്ധം മാത്രമെ ഉണ്ടായിരുന്നുള്ളു. ഗാംഗുലി സ്വയം വലിയവനെന്ന് കരുതി ഈഗോയുമായി നടക്കുന്ന ആളാണ് എന്നായിരുന്നു എന്‍റെ ധാരണ. അത് മാറ്റാനുള്ള കാര്യങ്ങളൊന്നും ഞങ്ങള്‍ക്കിടയില്‍ നടന്നിട്ടുമില്ല. എന്നാല്‍ 2003-2004ലെ ഇന്ത്യന്‍ ടീമിന്‍റെ പാക്കിസ്ഥാന്‍ പര്യടനത്തിലാണ് ഇത്രയും നല്ല മനുഷ്യനെയാണല്ലോ താന്‍ ഇത്രയും കാലം തെറ്റിദ്ധരിച്ചതെന്ന് ഞാനാദ്യമായി തിരിച്ചറിഞ്ഞത്.

ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് ടോസ്, റിഷഭ് പന്ത് പുറത്ത്, ഓസീസ് ടീമില്‍ ടിം ഡേവിഡിന് അരങ്ങേറ്റം

കളിക്കുന്ന കാലത്ത് ചില കളിക്കാരോട് നമുക്ക് അടുത്തിടപഴകാനോ അടുപ്പമുണ്ടാക്കാനോ തോന്നാറില്ല. അത്തരമൊരു കളിക്കാരനായിരുന്നു ഗാംഗുലി. ഇന്ത്യന്‍ നായകനും മികച്ച ബാറ്ററുമൊക്കെയാണെങ്കിലും എന്തോ ഗാംഗുലിയോട് ഞാനെപ്പോഴും അകലം പാലിച്ചു. പരസ്പരം കാണുമ്പോള്‍ ഒരു ഹായ്, ഹലോ അത്രമാത്രമെ ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടുള്ളു. 2003-2004ല്‍ എന്‍റെ കാല്‍മുട്ടിലെ ശസ്ത്രക്രിയക്ക് ശേഷം തിരിച്ചുവരാനുള്ള ഒരുക്കത്തിലായിരുന്നു ഞാന്‍. ഇന്ത്യയുടെ പാക്കിസ്ഥാന്‍ പര്യടനത്തില്‍ പരിശീലന മത്സരങ്ങളിലൊന്നില്‍ അവര്‍ക്കെതിരെ ഞാനും കളിച്ചിരുന്നു. സച്ചിനും ആ പരമ്പരയിലുണ്ടായിരുന്നു. പരിക്കില്‍ നിന്ന് മോചിതനായശേഷമുള്ള എന്‍റെ ആദ്യ മത്സരമായിരുന്നു അത്.

അന്ന് പരിശീലന മത്സരത്തിലെ കളിക്കുശേഷം സ്റ്റേഡിയത്തിലെ മുകള്‍ നിലയിലുള്ള ഞങ്ങളുടെ ഡ്രസ്സിംഗ് റൂമിലേക്ക് രണ്ട് കൈയിലും ഓരോ കാപ്പിയും എടുത്ത് സൗരവ് ഗാംഗുലി കയറിവന്നു. ഇന്ത്യയുടെയും ഞങ്ങളുടെയും ഡ്രസ്സിംഗ് റൂമുകള്‍ തമ്മില്‍ ഒരു കൈമതിലിന്‍റെ അകലമേ ഉണ്ടായിരുന്നുള്ളു. ചാടിക്കടന്നോ ചുറ്റിവന്നോ ‌ഞങ്ങള്‍ക്ക് അടുത്തേക്ക് വരാം. എന്നെ അത്ഭുതപ്പെടുത്തി കാപ്പിയും കൈയിലെടുത്ത് ഗാംഗുലി കൈമതില്‍ ചാടിക്കടന്ന് എന്‍റെ അടുക്കലേക്ക് വന്നു. അദ്ദേഹം ഇതെന്താണ് ചെയ്യുന്നതെന്ന് ഞാന്‍ ആലോചിച്ചു നില്‍ക്കെ എനിക്കുനേരെ കാപ്പി കപ്പ് നീട്ടി എന്‍റെ അടുത്തിരുന്ന് ഒരുപാട് നേരം സംസാരിച്ചു.

ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്ത് ഗാംഗുലിയുടെ ഭാവി അടുത്തമാസം അറിയാം, വാര്‍ഷിക ജനറല്‍ ബോഡി അടുത്ത മാസം 18ന്

എന്‍റെ കാല്‍മുട്ടിലെ പരിക്കിനെക്കുറിച്ചും ശസ്ത്രക്രിയയെ കുറിച്ചും സംസാരിച്ചു, പ്രചോദിപ്പിച്ചു. ജീവിതത്തെക്കുറിച്ചും ക്രിക്കറ്റിനെക്കുറിച്ചും ഒരുപാട് സംസാരിച്ചു, തമാശ പറഞ്ഞു, കുറെ സമയം കഴിഞ്ഞ് ഗാംഗുലി തിരിച്ചുപോകാന്‍ ഒരുങ്ങിയപ്പോള്‍ ഞാനദ്ദേഹത്തോട് മാപ്പു പറഞ്ഞു, താങ്കളെ ഞാനൊരുപാട് തെറ്റിദ്ധരിച്ചിരുന്നു, എന്നാല്‍ ഇന്നത്തെ കൂടിക്കാഴ്ചയോടെ അതെല്ലാം മാറി. വ്യക്തിയെന്ന നിലയില്‍ ഞാന്‍ നിങ്ങളുടെ ആരാധകനായി. കളിക്കാരനെന്ന നിലയില്‍ അദ്ദേഹത്തിന്‍റെ  നേട്ടങ്ങളെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ല, പക്ഷെ വ്യക്തിയെന്ന നിലയില്‍ ആ കൂടിക്കാഴ്ചക്കുശേഷം അദ്ദേഹം എന്‍റെ മനസ് കീഴടക്കി-സഖ്‌ലെയ്ന്‍ മുഷ്താഖ് പറഞ്ഞു.

click me!