PAK vs WI: രണ്ടാം ടി20, വിന്‍ഡീസിനെ തകര്‍ത്ത് പാക്കിസ്ഥാന് പരമ്പര

By Web TeamFirst Published Dec 14, 2021, 10:24 PM IST
Highlights

തുടക്കത്തിലെ ഓപ്പണര്‍ ഷായ് ഹോപ്പിനെയും(1), അധികം വൈകാതെ ഷമ്രാ ബ്രൂക്സിനെയും(10) നഷ്ടമായ വിന്‍ഡീസിനെ ബ്രണ്ടന്‍ കിംഗ്സും ക്യാപ്റ്റന്‍ നിക്കോളാസ് പുരാനും(26) ചേര്‍ന്ന് വിജയപ്രതീക്ഷ നല്‍കിയെങ്കിലും പുരാന്‍ പുറത്തായതോടെ വിന്‍ഡീസ് തകര്‍ന്നടിഞ്ഞു.

കറാച്ചി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20യില്‍(PAK vs WI) ഒമ്പത് റണ്‍സിന്‍റെ ആവേശ ജയവുമായി മൂന്ന് മത്സര ടി20 പരമ്പര പാക്കിസ്ഥാന്‍ 2-0ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 20 ഓവറില്‍ 163 റണ്‍സിന് ഓള്‍ ഔട്ടായി. ഒരോവറില്‍ മൂന്ന് വിക്കറ്റെടുത്ത ഷഹീന്‍ അഫ്രീദിയാണ്(Shaheen Afridi) പാക് ജയം എളുപ്പമാക്കിയത്.

തുടക്കത്തിലെ ഓപ്പണര്‍ ഷായ് ഹോപ്പിനെയും(1), അധികം വൈകാതെ ഷമ്രാ ബ്രൂക്സിനെയും(10) നഷ്ടമായ വിന്‍ഡീസിന് ബ്രണ്ടന്‍ കിംഗും(Brandon King) ക്യാപ്റ്റന്‍ നിക്കോളാസ് പുരാനും(26)(Nicholas Pooran) ചേര്‍ന്ന് വിജയപ്രതീക്ഷ നല്‍കിയെങ്കിലും പുരാന്‍ പുറത്തായതോടെ വിന്‍ഡീസ് തകര്‍ന്നടിഞ്ഞു. അവസാന ഓവറുകളില്‍ രണ്ട് ഫോറും രണ്ട് സിക്സും പറത്തി തകര്‍ത്തടിച്ച റൊമാരിയോ ഷെപ്പേര്‍ഡ്(19 പന്തില്‍ 35*) പൊരുതി നോക്കിയെങ്കിലും വിന്‍ഡീസിനെ വിജയവര കടത്താനായില്ല. 43 പന്തില്‍ ആറ് ഫോറും മൂന്ന് സിക്സും പറത്തി 67 റണ്‍സടിച്ച ബ്രാണ്ടന്‍ കിംഗാണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് തുടക്കത്തിലെ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ(7) റണ്ണൗട്ടിലൂടെ നഷ്ടമായി. ഫഖര്‍ സമനും(10) ക്രീസില്‍ അധികനേരം പിടിച്ചു നില്‍ക്കാനായില്ല. മൂന്നാം വിക്കറ്റില്‍ മുഹമ്മദ് റിസ്‌വാനും(30 പന്തില്‍ 38), ഹൈദര്‍ അലിയും(34 പന്തില്‍ 31) ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി പാക്കിസ്ഥാനെ കരകയറ്റി.

റിസ്‌വാന്‍ പുറത്തായശേഷം ഇഫ്തിഖര്‍ അഹമ്മദും(19 പന്തില്‍ 32), വാലറ്റത്ത് ഷദാബ് ഖാനും(12 പന്തില്‍ 28) തകര്‍ത്തടിച്ചതോടെ പാക് സ്കോര്‍ 150 കടന്നു. പതിനെട്ടാം ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് മാത്രമായിരുന്നു പാക് സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. അവസാന രണ്ടോവറില്‍ 31 റണ്‍സാണ് ഷദാബും ആസിഫ് അലിയും അടിച്ചു കൂട്ടിയത്. വിന്‍ഡീസിനായി ഒഡീന്‍ സ്മിത്ത് രണ്ട് വിക്കറ്റെടുത്തു. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന്‍ 63 റണ്‍സിന് ജയിച്ചിരുന്നു. പരമ്പരയിലെ മൂന്നാം മത്സരം വ്യാഴാഴ്ച നടക്കും.

click me!