ഇംഗ്ലണ്ടിന്റെ രണ്ടാംനിര ടീമിനോടും പാകിസ്ഥാന് പിടിച്ചുനില്‍ക്കായില്ല; സംപൂജ്യനായി ബാബര്‍ അസം

By Web TeamFirst Published Jul 8, 2021, 9:18 PM IST
Highlights

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാനെ നാല് വിക്കറ്റ് നേടിയ സാക്വിബ് മഹ്‌മൂദാണ് തകര്‍ത്തത്. 47 റണ്‍സ് നേടിയ ഫഖര്‍ സമാനാണ് പാക് നിരയില്‍ തിളങ്ങിയത്.
 

കാര്‍ഡിഫ്: ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തില്‍ പാകിസ്ഥാന് ബാറ്റിങ് തകര്‍ച്ച. ടീമിലുണ്ടായ കൊവിഡ് ബാധയെ തുടര്‍ന്ന് രണ്ടാംനിര ടീമുമായാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. ഇതില്‍ നാല് താരങ്ങള്‍ ആദ്യ ഏകദിനം കളിക്കുന്നവരാണ്. എന്നിട്ടും പാകിസ്ഥാന്‍ 141ന് പുറത്തായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാനെ നാല് വിക്കറ്റ് നേടിയ സാക്വിബ് മഹ്‌മൂദാണ് തകര്‍ത്തത്. 47 റണ്‍സ് നേടിയ ഫഖര്‍ സമാനാണ് പാക് നിരയില്‍ തിളങ്ങിയത്.

ഇമാം ഉള്‍ ഹഖ് (0), ബാബര്‍ അസം (0), മുഹമ്മദ് റിസ്‌വാന്‍ (13), അരങ്ങേറ്റക്കാന്‍ സൗദ് ഷക്കീല്‍ (5), ഷൊയ്ബ് മക്‌സൂദ് (19), ഷദാബ് ഖാന്‍ (30), ഫഹീം അഷ്‌റഫ് (5), ഹാസന്‍ അലി (6), ഷഹീന്‍ അഫ്രീദി (12) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഹാരിസ് റൗഫ് (0) പുറത്താവാതെ നിന്നു. സാക്വിബിന് പുറമെ ക്രെയ്ഗ്, മാത്യു പാര്‍ക്കിന്‍സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ലൂയിസ് ഗ്രിഗോറി ഒരു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒമ്പത് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സെടുത്തിട്ടുണ്ട്. ഡേവിഡ് മലാന്‍ (29), സാക് ക്രൗളി (14) എന്നിവരാണ് ക്രീസില്‍. ഫിലിപ് സാള്‍ട്ടിന്റെ (7) വിക്കറ്റാണ് നഷ്ടമായത്. ഷഹീന്‍ അഫ്രീദിക്കാണ് വിക്കറ്റ്. 

നേരത്തെ ഒമ്പത് പുതുമുഖ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ഇംഗ്ലണ്ട് പാകിസ്ഥാനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചിരുന്നത്. മൂന്ന് താരങ്ങള്‍ ഉള്‍പ്പെടെ ഇംഗ്ലീഷ് ടീമിനൊപ്പമുള്ള ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന തുടര്‍ന്നാണ് സെലക്റ്റര്‍മാര്‍ക്ക് മറ്റൊരു സ്‌ക്വാഡ് പ്രഖ്യാപിക്കേണ്ടിവന്നത്. ആദ്യം പ്രഖ്യാപിച്ച ടീമില്‍ ഓയിന്‍ മോര്‍ഗനായിരുന്നു ക്യാപ്റ്റന്‍. എന്നാലിപ്പോള്‍ ബെന്‍ സ്റ്റോക്സാണ് ടീമിനെ നയിക്കുന്നത്. 

യുകെ സര്‍ക്കാരിന്റെ മാനദണ്ഡ പ്രകാരം കൊവിഡ് സ്ഥിരീകരിച്ച കളിക്കാരെ ഐസൊലേഷനില്‍ വിടുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഇവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ടീം അംഗങ്ങളും ക്വാറന്റീനില്‍ കഴിയണം.

click me!