ദ്രാവിഡിന് കീഴില്‍ എല്ലാര്‍ക്കും ആത്മവിശ്വാസം മാത്രം; 2007 ലോകകപ്പിലെ അനുഭവം പങ്കുവച്ച് ഇര്‍ഫാന്‍ പത്താന്‍

By Web TeamFirst Published Jul 8, 2021, 8:40 PM IST
Highlights

പത്താനും ദ്രാവിഡിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്. യുവതാരങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ നിര്‍ത്താന്‍ ദ്രാവിഡിനാകുമെന്നാണ് ദ്രാവിഡ് പറയുന്നത്.

മുംബൈ: ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തത് മുതല്‍ രാഹുല്‍ ദ്രാവിഡിന് ആശംസാപ്രവാഹമാണ്. രവി ശാസ്ത്രിക്ക് പകരം ദ്രാവിഡിനെ സ്ഥിരം പരിശീലകനാക്കണമെന്ന് ക്രിക്കറ്റ് ആരാധകര്‍ പലരും അഭിപ്രായപ്പെട്ടു. ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളെ പരിശീലിപ്പിച്ചുള്ള പരിചയമുണ്ട് ദ്രാവിഡിന്. ഈ അനുഭവസമ്പത്ത് തന്നെയാണ് ദ്രാവിഡിന് ഗുണമായത്.

നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്നു ദ്രാവിഡ്. അദ്ദേഹത്തിന് കീഴില്‍ കളിച്ച താരമാണ് ഇര്‍ഫാന്‍ പത്താന്‍. ഇപ്പോള്‍ പത്താനും ദ്രാവിഡിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ്. യുവതാരങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ നിര്‍ത്താന്‍ ദ്രാവിഡിനാകുമെന്നാണ് ദ്രാവിഡ് പറയുന്നത്. ''ദ്രാവിഡിന് കീഴില്‍ താരങ്ങളെല്ലാം സ്വാതന്ത്ര്യം അനുഭവിക്കുന്നു. എല്ലാവരും കംഫെര്‍ട്ട് ആയിരിക്കും. വ്യക്തമായി കാര്യങ്ങള്‍ പഠിപ്പിച്ച് തരും അദ്ദേഹം. ദ്രാവിഡ് ക്യാപ്റ്റനായിരുന്നപ്പോഴും അങ്ങനെയായിരുന്നു.

താരങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് അദ്ദേഹത്തിന് തോന്നിയില്‍ അടുത്തുവന്നിരുന്ന് സംസാരിക്കും അദ്ദേഹം. 2007 ലോകകപ്പിന് ശേഷമുണ്ടായ ഒരു സംഭവം എനിക്കോര്‍മയുണ്ട്. അന്ന് ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യ പുറത്തായ വിഷമത്തിലായിരുന്നു ഞാനും ധോണിയും. അദ്ദേഹം അടുത്ത് വന്നിരുന്നു. ഞങ്ങളോട് സംസാരിച്ചു. എന്നിട്ട് ഒരു സിനിമയ്ക്ക് കൊണ്ടുപോയി. അത്രത്തോളം വിഷമത്തിലായ ഞങ്ങളുടെ മാനസികാവസ്ഥ മാറ്റിയെടുക്കാനാണ് ദ്രാവിഡ് അങ്ങനെ ചെയ്തത്.

സിനിമയ്ക്ക് ശേഷവും അര മണിക്കൂറോളം ഞങ്ങള്‍ സംസാരിച്ചു. ജീവിതം വിശാലമാണെന്നും, ലോകകപ്പ് തോല്‍വി ഒന്നിന്റേയും അവസാനമല്ലെന്നും അന്ന് അദ്ദേഹം ഞങ്ങളെ പറഞ്ഞ് പഠിപ്പിച്ചു. ഇത്തരത്തിലൊരു മനുഷ്യനാണ് ദ്രാവിഡ്. താരങ്ങള്‍ക്കിടയില്‍ എപ്പോഴും അദ്ദേഹം പോസിറ്റീവ് ഊര്‍ജം പടര്‍ത്തികൊണ്ടിരിക്കും.'' പത്താന്‍ പറഞ്ഞു.

രവി ശാസ്ത്രി പ്രധാന ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോയ ഒഴിവിലാണ് ദ്രാവിഡ് പരിശീലകനാകുന്നത്. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവന്‍ കൂടിയാണ് ദ്രാവിഡ്. ശ്രീലങ്കയില്‍ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക.

click me!