
റാവൽപിണ്ടി: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ പുറത്തായതിന് പിന്നാലെ ബാറ്റുകൊണ്ട് സ്റ്റമ്പിനിടിച്ച ബാറ്റർ ബാബർ അസമിന് പിഴയും താക്കീതും നൽകി ഐസിസി. പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ശിക്ഷ. മാച്ച് ഫീയുടെ പത്തു ശതമാനം പിഴയായി നൽകണം. 24 മാസത്തിനുള്ളിൽ കുറ്റകൃത്യം വീണ്ടും ആവർത്തിച്ചാൽ വിലക്ക് ഉൾപ്പെടെയുള്ള നടപടിയെടുക്കും. മത്സരത്തിന്റെ 21–ാം ഓവറിലായിരുന്നു സംഭവം. ലങ്കൻ ബോളർ ജെഫ്രി വാൻഡർസെ എറിഞ്ഞ പന്തിൽ ക്ലീൻ ബൗൾഡായ ബാബർ രോഷത്തോടെ ബാറ്റു കൊണ്ടു സ്റ്റംപിൽ അടിച്ചു.
പുറത്താകുമ്പോൾ 52 പന്തിൽ 34 റൺസാണ് ബാബർ നേടിയത്. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 ലംഘിച്ചതിനാണ് ഐസിസി ശിക്ഷിച്ചത്. മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ പാകിസ്ഥാൻ ആറു വിക്കറ്റിന് വിജയിച്ചു. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര തൂത്തുവാരി. ശ്രീലങ്ക: 45.2 ഓവറിൽ 211 റൺസിന് പുറത്തായപ്പോൾ, പാക്കിസ്ഥാൻ 44.4 ഓവറിൽ 4ന് ലക്ഷ്യത്തിലെത്തി.