പാകിസ്ഥാന്‍ പേസര്‍ ഉമര്‍ ഗുല്‍ വിരമിച്ചു

By Web TeamFirst Published Oct 17, 2020, 11:46 AM IST
Highlights

ലൈനും ലെങ്‌തും കൃത്യതയും കൊണ്ട് അമ്പരപ്പിച്ച താരങ്ങളിലൊരാളാണ് ഉമര്‍ ഗുല്‍. റിവേഴ്‌സ് സ്വിങും യോര്‍ക്കറുകളും സ്ലോ ബോളുകളും അനായാസം എറിയാന്‍ കഴിഞ്ഞിരുന്ന താരം. 

ലാഹോര്‍: ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച് പാകിസ്ഥാന്‍ പേസര്‍ ഉമര്‍ ഗുല്‍. നാഷണല്‍ ടി20 കപ്പില്‍ തന്‍റെ ടീം തോറ്റതോടെയാണ് രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറിന് വിരാമമിടുന്നതായി മുപ്പത്തിയാറുകാരനായ ഗുല്‍ പ്രഖ്യാപിച്ചത്. വസീം അക്രം-വഖാര്‍ യൂനിസ് യുഗത്തിന് ശേഷം മികച്ച പേസ് ബൗളര്‍മാരെ തേടിയിരുന്ന പാകിസ്ഥാന്‍ ക്രിക്കറ്റിന് ലഭിച്ച പ്രതിഭകളില്‍ ഒരാളായിരുന്നു. സമകാലികരായ ആസിഫിനെയോ അക്‌തറിനെയോ പോലെ വിവാദങ്ങളുടെ തോഴനുമായില്ല ഗുല്‍. 

2002ലെ അണ്ടര്‍ 19 ലോകകപ്പിലൂടെയാണ് ഉമര്‍ ഗുല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ശ്രദ്ധിക്കപ്പെടുന്നത്. തൊട്ടടുത്ത വര്‍ഷം ഷാര്‍ജയില്‍ സിംബാബ്‌വെക്കെതിരെ ഏകദിനത്തില്‍ അരങ്ങേറി. അതേവര്‍ഷം തന്നെ കറാച്ചിയില്‍ ടെസ്റ്റ് അരങ്ങേറ്റവും നടത്തി. പാകിസ്ഥാനായി 47 ടെസ്റ്റുകളും 130 ഏകദിനങ്ങളും 60 ടി20കളും കളിച്ച താരത്തിന്‍റെ പേരില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 427 വിക്കറ്റുകളുണ്ട്. 

ടി20യില്‍ ഷാഹിദ് അഫ്രീദിക്ക്(97) പിന്നിലായി പാകിസ്ഥാനായി കൂടുതല്‍ വിക്കറ്റ് നേടിയ താരമാണ്(85). രണ്ട് ടി20 ലോകകപ്പുകളാണ് ഉമര്‍ ഗുല്ലിന്‍റെ പേരില്‍ ഓര്‍മ്മിക്കപ്പെടുന്നത്. 2007ല്‍ ഇന്ത്യ ചാമ്പ്യന്‍മാരാകുമ്പോള്‍ ടൂര്‍ണമെന്‍റിലെ റണ്ണേഴ്‌സ്‌അപ്പുകളായിരുന്നു പാകിസ്ഥാന്‍. 13 വിക്കറ്റുകളുമായി ഈ ലോകകപ്പിലെ മികച്ച വിക്കറ്റ്‌വേട്ടക്കാരനായി ഗുല്‍. അടുത്ത ടി20 ലോകകപ്പില്‍ 2009ല്‍ പാകിസ്ഥാന്‍ കിരീടം നേടുമ്പോഴും നിര്‍ണായക സാന്നിധ്യമായി. ന്യൂസിലന്‍ഡിനെതിരെ ആറ് റണ്‍സില്‍ അഞ്ച് വിക്കറ്റ് നേടി അത്ഭുതം തീര്‍ത്തു. ഐപിഎല്ലില്‍ 2008ല്‍ കൊല്‍ക്കത്തക്കായി കളിച്ച് ആറ് മത്സരങ്ങളില്‍ 12 വിക്കറ്റും പേരിലാക്കി.

ലൈനും ലെങ്‌തും കൃത്യതയും കൊണ്ട് അമ്പരപ്പിച്ച താരങ്ങളിലൊരാളാണ് ഉമര്‍ ഗുല്‍. റിവേഴ്‌സ് സ്വിങും യോര്‍ക്കറുകളും സ്ലോ ബോളുകളും അനായാസം എറിയാന്‍ കഴിഞ്ഞിരുന്ന താരം. എന്നാല്‍ യുവപേസര്‍മാരുടെ ഉദയവും തുടര്‍ച്ചയായ പരിക്കും ദേശീയ ടീമില്‍ ഗുല്ലിന് വിലങ്ങുതടിയായി. ടി20യില്‍ ഗുല്ലിനോളം കൃത്യതയില്‍ പന്തെറിയുന്ന താരങ്ങള്‍ ഇപ്പോഴും അപൂര്‍വമാണ് എന്നാണ് ക്രിക്കറ്റ് പണ്ഡിതരുടെ വിലയിരുത്തല്‍. 2016ലാണ് ഗുല്‍ അവസാനമായി ദേശീയ ടീമിനായി മത്സരം കളിച്ചത്. പിന്നീട് ആഭ്യന്തര ക്രിക്കറ്റില്‍ തുടരുകയായിരുന്നു താരം.   

പാതിവഴിയില്‍ സ്‌മിത്തിനെ മാറ്റുമോ; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി രാജസ്ഥാന്‍ റോയല്‍സ്

click me!