വീമ്പിളക്കലുമായി വീണ്ടും അഫ്രീദി; 'കളിയില്‍ തോറ്റശേഷം ഇന്ത്യ പാക്കിസ്ഥാനോട് മാപ്പ് പറഞ്ഞിട്ടുണ്ട്'

By Web TeamFirst Published Jul 5, 2020, 5:53 PM IST
Highlights

ഇന്ത്യക്കെതിരെയും ഓസ്ട്രേലിയക്കെതിരെയും കളിക്കാനാണ് എനിക്കേറ്റവും ഇഷ്ടം. കാരണം, വമ്പന്‍ ടീമുകളാണവര്‍. അവര്‍ക്കെതിരെ കളിക്കുമ്പോഴുള്ള സമ്മര്‍ദ്ദം വലുതാണ്.

കറാച്ചി: കൊവിഡില്‍ നിന്ന് മോചിതനായതിന് പിന്നാലെ ഇന്ത്യക്കെതിരെ വീമ്പു പറച്ചിലുമായി പാക് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി വീണ്ടും രംഗത്ത്. കളിയില്‍ ഇന്ത്യയെ അടിച്ചുതകര്‍ത്തശേഷം ഇന്ത്യന്‍ ടീം പാക്കിസ്ഥാനോട് മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് അഫ്രീദി പറഞ്ഞു. ക്രിക്ക് കാസ്റ്റ് എന്ന യുട്യൂബ് ചാനലിലായിരുന്നു അഫ്രീദിയുടെ വീമ്പ് പറച്ചില്‍.

ഇന്ത്യക്കെതിരായ മത്സരങ്ങള്‍ ഞാന്‍ എപ്പോഴും ആസ്വദിച്ചിട്ടുണ്ട്. ഒട്ടേറെ തവണ ഇന്ത്യയെ നമ്മള്‍ തോല്‍പ്പിച്ചിട്ടുണ്ട്, വ്യക്തമായ മാര്‍ജിനില്‍ തന്നെ. എന്തിന് കളിക്കുശേഷം നമ്മുടെ അടുത്ത് വന്ന് മാപ്പ് പറയുന്ന തരത്തില്‍ നമ്മള്‍ ഇന്ത്യയെ പല മത്സരങ്ങളിലും അടിച്ചോടിച്ചിട്ടുണ്ട്.-അഫ്രീദി പറഞ്ഞു.

ഇന്ത്യക്കെതിരെയും ഓസ്ട്രേലിയക്കെതിരെയും കളിക്കാനാണ് എനിക്കേറ്റവും ഇഷ്ടം. കാരണം, വമ്പന്‍ ടീമുകളാണവര്‍. അവര്‍ക്കെതിരെ കളിക്കുമ്പോഴുള്ള സമ്മര്‍ദ്ദം വലുതാണ്. അവര്‍ക്ക് അനുകൂലമായ സാഹചര്യങ്ങളുള്ളിടത്ത് പോയി മികച്ച പ്രകടനം നടത്തുക എന്നത് വലിയ കാര്യമാണ്. കളിക്കളത്തില്‍ എനിക്കേറ്റവും സ്നേഹവും പിന്തുണയും തന്നിട്ടുള്ളത് ഇന്ത്യന്‍ ആരാധകരാണ്.

1999ല്‍ ഇന്ത്യക്കെതിരെ ചെന്നൈ ടെസ്റ്റില്‍ നേടിയ 141 റണ്‍സാണ് കരിയറില്‍ ഒരിക്കലും മറക്കാത്ത എന്റെ ഇന്നിംഗ്സ്. അന്ന് എന്നെ പാക് ടീമിനൊപ്പം ഇന്ത്യയിലേക്ക് കൊണ്ടുപോകാന്‍ ടീം മാനേജ്മെന്റിന് താല്‍പര്യമുണ്ടായിരുന്നില്ല. പക്ഷെ ക്യാപ്റ്റനായിരുന്ന വസീം അക്രവും ചീഫ് സെലക്ടറും എന്നെ പിന്തുണച്ചു. അങ്ങനെയാണ് ഇന്ത്യക്കെതിരെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനായത്. വളരെ പ്രയാസമേറിയ പരമ്പരയായിരുന്നു അത്.

ഇന്ത്യന്‍ ആരാധകരില്‍ നിന്നാണ് കളിക്കളത്തില്‍ ഏറ്റവുമധികം സ്നേഹവും പിന്തുണയും ലഭിച്ചതെന്ന് ഞാന്‍ മുമ്പും പറഞ്ഞിരുന്നു. ഇപ്പോഴും അതില്‍ ഉറച്ചു നില്‍ക്കുന്നു. 2016ല്‍ ടി20 ലോകകപ്പിനായി ഇന്ത്യയിലെത്തിപ്പോള്‍ സാഹചര്യങ്ങള്‍ സങ്കീര്‍ണമായിരുന്നു. ഇന്ത്യയില്‍ കളിക്കാന്‍ അനുവാദം ലഭിക്കുമോ എന്നുപോലും ഞങ്ങള്‍ക്ക് ഉറപ്പില്ലായിരുന്നു. പാക്കിസ്ഥാന്‍ നായകനെന്ന നിലയ്ക്ക് രാജ്യത്തിന്റെ അംബാസഡര്‍ എന്ന ഉത്തരവാദിത്തവും എന്റെ ചുമലില്‍ ഉണ്ടായിരുന്നു-അഫ്രീദി പറഞ്ഞു.

വീമ്പ് പറച്ചിലിനോട് പൊരുത്തപ്പെടാത്ത കണക്കുകള്‍


കണക്കുകളും ചരിത്രവും പരിശോധിച്ചാല്‍ അഫ്രീദിയുടേത് വെറും വീമ്പടിയാണെന്ന് വ്യക്തമാവും. പരസ്പരമുള്ള പോരാട്ടങ്ങളില്‍ ഏകദിനങ്ങളില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് 73-55 ലീഡുണ്ട്. എന്നാല്‍ പാക് വിജയങ്ങളില്‍ ഏറെയും 80കളിലായിരുന്നു. 80കളില്‍ ഇന്ത്യക്കെതിരെ കളിച്ച 30 കളികളില്‍ 19 എണ്ണത്തില്‍ പാക്കിസ്ഥാന്‍ ജയിച്ചപ്പോള്‍ ഇന്ത്യക്ക് ജയിക്കാനായത് ഒമ്പതെണ്ണത്തില്‍ മാത്രമാണ്. 90കളിലും പാക്കിസ്ഥാന് മുന്‍തൂക്കമുണ്ടായിരുന്നു.

പരസ്പരം ആകെ കളിച്ച 48 കളികളില്‍ പാക്കിസ്ഥാന്‍ 28 എണ്ണം ജയിച്ചപ്പോള്‍ ഇന്ത്യ 18 എണ്ണം ജയിച്ചു. 2000ത്തില്‍ എത്തുമ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള അന്തരം കുറഞ്ഞുവന്നു. മാത്രമല്ല ഇന്ത്യ മേധാവിത്വം നേടുകയും ചെയ്തു. 2000 മുതല്‍ 2010വരെ കളിച്ച 25-23ന് ഇന്ത്യ മുന്നിട്ട് നില്‍ക്കുന്നു. 2010 മുതല്‍ 2020 വരെയുള്ള കണക്കുകളെടുത്താല്‍ 10-4ന്റെ വ്യക്തമായ ആധിപത്യം ഇന്ത്യക്കാണ്. ലോകകപ്പിലാകട്ടെ 7-0ന് ഇന്ത്യ തന്നെയാണ് മുന്നില്‍. ടി20കളിലാകട്ടെ 6-1ന് ഇന്ത്യ മുന്നിലാണ്.

click me!