ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി പാകിസ്ഥാൻ, ഏഷ്യാ കപ്പ് ചരിത്രത്തിലാദ്യമായി ഇന്ത്യ-പാക് സ്വപ്ന ഫൈനല്‍

Published : Sep 26, 2025, 12:01 AM IST
Shaheen Afridi

Synopsis

ഏഷ്യാ കപ്പിലെ നിർണായക സൂപ്പർ ഫോർ മത്സരത്തിൽ ബംഗ്ലാദേശിനെ 11 റൺസിന് തോൽപ്പിച്ച് പാകിസ്ഥാൻ ഫൈനലിൽ. ഇതോടെ, ഏഷ്യാ കപ്പ് ചരിത്രത്തിലാദ്യമായി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സ്വപ്ന ഫൈനലിന് കളമൊരുങ്ങി. 

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ സ്വപ്നഫൈനല്‍. നിര്‍ണായക സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ 11 റണ്‍സിന് തോല്‍പ്പിച്ചാണ് ഞായറാഴ്ച നടക്കുന്ന കിരീടപ്പോരാട്ടത്തിലേക്ക് ഇന്ത്യക്കൊപ്പം പാകിസ്ഥാനും എത്തിയത്. ഏഷ്യാ കപ്പ് ചരിത്രത്തിലാദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഉയര്‍ത്തിയ136 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 25 പന്തില്‍ 30 റണ്‍സെടുത്ത ഷമീം ഹൊസൈന്‍ ആണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. സൈഫ് ഹസന്‍ 18 റണ്‍സെുത്തപ്പോള്‍ നൂറുല്‍ ഹസന്‍ 16 റണ്‍സെടുത്തു. വാലറ്റത്ത് റിഷാദ് ഹൊസൈന്‍ 10 പന്തിൽ 16 റണ്‍സുമായി പൊരുതിയെങ്കിലും പാകിസ്ഥാന്‍റെ ജയം തടയാനായില്ല. പാകിസ്ഥാനുവേണ്ടി ഷഹീന്‍ അഫ്രീദി 17 റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഹാരിസ് റൗഫ് 33 റണ്‍സിന് മൂന്നും സയ്യിം അയൂബ് 16 റണ്‍സിന് രണ്ടു വിക്കറ്റുമെടുത്തു. സ്കോര്‍ പാകിസ്ഥാന്‍ 20 ഓവറില്‍ 135-8, ബംഗ്ലാദേശ് 20 ഓവറില്‍ 124-9

തുടക്കത്തിലെ അടിതെറ്റി

136 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ബംഗ്ലാദേശിന് തുടക്കത്തിലെ അടിതെറ്റി. ഷഹീന്‍ അഫ്രീദി എറിഞ്ഞ ആദ്യ ഓവറിലെ അ‍ഞ്ചാം പന്തില്‍ പര്‍വേസ് ഹൊസൈന്‍ ഇമോണിനെ(0) മടക്കിയ ഷഹീന്‍ അഫ്രീദിയാണ് ബംഗ്ലാദേശിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. ഇന്ത്യക്കെതിരെ അര്‍ധസെഞ്ചുറി നേടിയ സെയ്ഫ് ഹസന്‍ പ്രതീക്ഷ നല്‍കിയെങ്കിലും തൗഹിദ് ഹൃദോയിയെ വീഴ്ത്തിയ ഷഹീന്‍ തന്നെ ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കി. പിന്നാലെ ഹാരിസ് റൗഫ് സെയ്ഫ് ഹസനെ മടക്കിയതോടെ ബംഗ്ലാദേശ് പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സിലൊതുങ്ങി. പവര്‍ പ്ലേക്ക് പിന്നാലെ മെഹ്ദി ഹസനെ(11) വീഴ്ത്തിയ മുഹമ്മദ് നവാസ് ബംഗ്ലാദേശിനെ 44-4ലേക്ക് തള്ളിയിട്ടെങ്കിലും നൂറുല്‍ ഹസനും(21 പന്തില്‍ 16) ഷമീം ഹൊസൈനും ചേര്‍ന്ന് ബംഗ്ലാദേശിനെ 50 കടത്തി.

സ്കോര്‍ 63ല്‍ നില്‍ക്കെ നൂറുല്‍ ഹസനെയും 73ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ ജേക്കര്‍ അലിയെയും(5) വീഴ്ത്തിയ സയ്യിം അയൂബ് ബംഗ്ലാദേശിന് ഇരട്ട പ്രഹരമേല്‍പ്പിച്ചെങ്കിലും ക്രീസിലുറച്ച ഷമീം ഹൊസൈന്‍ ബംഗ്ലാദേശിന് പ്രതീക്ഷ നല്‍കി. അവസാന നാലോവറിൽ 46 റണ്‍സായിരുന്നു ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഷഹീന്‍ അഫ്രീദിയെറിഞ്ഞ പതിനേഴാം ഓവറിലെ ആദ്യ പന്തില്‍ തന്‍സിം ഹസന്‍ ബൗണ്ടറി നേടി ബംഗ്ലാദേശിന് പ്രതീക്ഷ നല്‍കിയെങ്കിലും അഞ്ചാം പന്തില്‍ മനോഹരമായൊരു സ്ലോ ബോളില്‍ ഷമീമിനെ(25 പന്തില്‍ 30) ഹാരിസ് റൗഫിന്‍റെ കൈകളിലെത്തിച്ച ഷഹീന്‍ അഫ്രീദി അവരുടെ അവസാന പ്രതീക്ഷയും തകര്‍ത്തു. തന്‍സിം ഹസന്‍ സാക്കിബിനെയും(10), ടസ്കിന്‍ അഹമ്മദിനെയും(4) ഒരോവറില്‍ മടക്കിയ ഹാരിസ് റൗഫ് ബംഗ്ലാദേശിന്‍റെ വാലറുത്തു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 135 റണ്‍സെടുത്തത്. മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ ആദ്യ 12 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സ് മാത്രമെടുത്ത പാകിസ്ഥാന്‍ അവസാന എട്ടോവറില്‍ 80 റണ്‍സടിച്ചാണ് പൊരുതാവുന്ന സ്കോറിലെത്തിയത്. 23 പന്തില്‍ 31 റണ്‍സെടുത്ത മുഹമ്മദ് ഹാരിസാണ് പാകിസ്ഥാന്‍റെ ടോപ് സ്കോററായത്. മുഹമ്മദ് നവാസ് 15 പന്തില്‍ 25 റണ്‍സടിച്ചപ്പോള്‍ ഷഹീന്‍ അഫ്രീദിയും ക്യാപറ്റൻ സല്‍മാന്‍ ആഗയും 19 റണ്‍സ് വീതമെടുത്തു. ബംഗ്ലാദേശിനായി ടസ്കിന്‍ അഹമ്മദ് മൂന്നും മെഹ്ദി ഹസന്‍, റിഷാദ് ഹൊസൈന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ബംഗ്ലാദേശ് ഫീല്‍ഡര്‍മാര്‍ നിരവധി ക്യാച്ചുകള്‍ കൈവിട്ടില്ലായിരുന്നെങ്കില്‍ പാകിസ്ഥാൻ 100 പോലും കടക്കില്ലായിരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സഞ്ജുവോ ജിതേഷോ, ഹര്‍ഷിതോ അര്‍ഷ്‌ദീപോ, പ്ലേയിംഗ് ഇലവന്‍റെ കാര്യത്തില്‍ ഗംഭീറിന് ആശയക്കുഴപ്പം
ആഷസ്: ഹേസല്‍വുഡിന് പരമ്പര നഷ്ടമാകും; പാറ്റ് കമ്മിന്‍സ് തിരിച്ചെത്തി