ചെന്നൈ: ഇന്ത്യക്കെതിരെ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ കൂറ്റന്‍ ലീഡ് നേടിയ ശേഷം രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച. ചെന്നൈ ചിദംബരം സ്‌റ്റേഡിയത്തില്‍ നാലാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ അഞ്ചിന് 119 എന്ന നിലയിലാണ് ഇംഗ്ലണ്ട്.  എന്നാല്‍ ആദ്യ ഇന്നിങ്‌സില്‍ നേടിയ 241 റണ്‍സ് ലീഡ് അവര്‍ക്ക് തുണയായി. നിലവില്‍ രണ്ട് ഇന്നിങ്‌സിലുമായി 360 റണ്‍സിന്റെ ലീഡുണ്ട് സന്ദര്‍ശകര്‍ക്ക്. ആദ്യ ഇന്നിങ്‌സിലെ ഇംഗ്ലണ്ടിന്റെ 578നെതിരെ ഇന്ത്യ 337ന് എല്ലാവരും പുറത്തായിരുന്നു. 

തകര്‍ച്ചയ്ക്ക് തുടക്കമിട്ടത് അശ്വിന്‍

അശ്വിനാണ് ഇംഗ്ലണ്ടിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ആദ്യ പന്തില്‍ തന്നെ റോറി ബേണ്‍സിനെ (0) മടക്കിയയച്ചു. പിന്നാലെ ഡൊമിനിക് സിബ്ലി (16), ബെന്‍ സ്റ്റോക്‌സ് (7) എന്നിവരും അശ്വിന്റെ തിരിപ്പിന് മുന്നില്‍ കീഴടങ്ങി. ആക്രമിച്ച് കളിച്ച ജോ റൂട്ടിനെ (32 പന്തില്‍ 40), ജസ്പ്രീത് ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കി. മൂന്നാമനായി ക്രീസിലെത്തിയ ഡാനിയേല്‍ ലോറന്‍സിനെ ഇശാന്ത് വിക്കറ്റിന് മുന്നില്‍ കുടുക്കകയായിരുന്നു. ഇശാന്തിന്റെ മൂന്നൂറാം ടെസ്റ്റ് വിക്കറ്റായിരുന്നു ഇത്. നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ മാത്രം ഇന്ത്യന്‍ ബൗളറാ് ഇശാന്ത്. മൂന്നാമത്തെ പേസ് ബൗളറും. ഒല്ലി പോപ്പ് (), ജോസ് ബട്‌ലര്‍ എന്നിവരാണ് ക്രീസില്‍. 

വാലറ്റത്തെ കൂട്ടുപിടിച്ച് വാഷിംഗ്ടണ്‍

ആറിന് 257 എന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ആരംഭിച്ചത്. വാഷിംഗ്ടണ്‍- അശ്വിന്‍ സഖ്യമായിരുന്നു ക്രീസില്‍. ഇരുവരും മികച്ച രീതിയില്‍ മുന്നോട്ട് നീങ്ങി. ഇരുവരും 80 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ 31 റണ്‍സ് നേടിയ അശ്വിനെ തിരിച്ചയച്ച് ജാക്ക് ലീച്ച് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ വന്ന താരങ്ങള്‍ക്കാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. ഷഹ്ബാസ് നദീം (0), ഇശാന്ത് ശര്‍മ (4), ജസ്പ്രീത് ബുമ്ര (0) എന്നിവര്‍ വന്നതുപോലെ മടങ്ങി. ഇതിനിടെ വാഷിംഗ്ടണ്‍ അര്‍ധ സെഞ്ചുറിയും മറികടന്നു. 138 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സിന്റേയും 12 ഫോറിന്റേയും അകമ്പടിയോടെ 85 റണ്‍സാണ് നേടിയത്. 

നട്ടെല്ലൊടിച്ചത് ഡൊമിനിക് ബെസ്സ്

ഡോം ബെസ്സിന്റെ നാല് വിക്കറ്റുകളാണ് ഇന്ത്യന്‍ ഇന്നിങ്സിന്റെ നട്ടെല്ലൊടിച്ചത്. വിരാട് കോലി (11), അജിന്‍ക്യ രഹാനെ (1), ചേതേശ്വര്‍ പൂജാര (73), ഋഷഭ് പന്ത് (91) എന്നീ വമ്പന്മാരായെയാണ് ബെസ്സ് പുറത്താക്കിയത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (6), ശുഭ്മാന്‍ ഗില്‍ (29) എന്നിവരെ ജോഫ്ര ആര്‍ച്ചര്‍ മടക്കിയിരിരുന്നു. ആര്‍ച്ചറുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു രോഹിത്. വലിയ ഇന്നിങ്സ് കളിക്കുമെന്ന തോന്നലുണ്ടാക്കിയാണ് ഗില്‍ മടങ്ങിയത്. തകര്‍പ്പന്‍ തുടക്കമാണ് യുവതാരത്തിന് ലഭിച്ചത്. 28 പന്തുകളില്‍ നിന്നാണ് ഗില്‍ 29 റണ്‍സ് നേടിയത്. എന്നാല്‍ ആര്‍ച്ചറുടെ പന്തില്‍ മിഡ്ഓണില്‍ ആന്‍ഡേഴ്സണ് ക്യാച്ച് നല്‍കി ഗില്‍ മടങ്ങി.

കോലിയും രഹാനെയും പൊരുതാതെകീഴടങ്ങി

ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ കോലി നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. 48 പന്തില്‍ നിന്ന് 11 റണ്‍സെടുത്ത കോലി ബെസ്സിന്റെ സ്പിന്നില്‍ മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. ബെസ്സിന്റെ പന്ത് ഫ്രണ്ട്ഫൂട്ടില്‍ പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ ഷോര്‍ട്ട് ലെഗ്ഗില്‍ ഒല്ലീ പോപ്പിന് ക്യാച്ച് നല്‍കുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. പിന്നീടെത്തിയ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയ്ക്ക് ആറ് പന്ത് മാത്രമായിരുന്നു ആയുസ്. ബെസ്സിന്റെ അടുത്ത ഓവറിലാണ് രഹാനെ മടങ്ങിയത്. ബെസ്സിന്റെ പന്തില്‍ ഡ്രൈവിന് ശ്രമിക്കുമ്പോല്‍ കവറില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കുകയായിരുന്നു.

തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് പന്ത്-പൂജാര സഖ്യം

ഒരു ഘട്ടത്തില്‍ നാലിന് 73 എന്ന നിലയില്‍ ഇന്ത്യ പ്രതിരോധത്തിലായെങ്കിലും പന്തിന്റെ കൂറ്റനടികള്‍ തുണയായി. കേവലം 88 പന്തുകള്‍ മാത്രം നേരിട്ടാണ് പന്ത് 91 റണ്‍സെടുത്തത്. ഇതില്‍ അഞ്ച് സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടും. ബെസ്സിനെ അതിര്‍ത്തി കടത്താനുളള ശ്രമത്തില്‍ ഡീപ് കവറില്‍ ലീച്ചിന് ക്യാച്ച് നല്‍കുകയായിരുന്ന പന്ത്. പൂജാരയ്ക്കൊപ്പം 119 റണ്‍സ് താരം കൂട്ടിച്ചേര്‍ത്തിരുന്നു. നിര്‍ഭാഗ്യമാണ് പൂജാരയുടെ പുറത്താകലിന് വഴിവച്ചെത്. ബെസ്സിന്റെ ഒരു ഷോര്‍ട്ട് പിച്ച് പന്ത് പൂജാര പുള്‍ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഒല്ലി പോപ്പിന്റെ തോളില്‍ ഇടിച്ച് പന്ത് മിഡ് വിക്കറ്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന റോറി ബേണ്‍സിന്റെ കൈകളിലേക്ക്. പുറത്താവുമ്പോള്‍ 143 പന്തില്‍ 11 ബൗണ്ടറികലുടെ സഹായത്തോടെ 73 റണ്‍സ് നേടിയിരുന്നു പൂജാര.

ആദ്യ സെഷനില്‍ ഇംഗ്ലണ്ട് മടങ്ങി

എട്ടിന് 555 എന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാംദിനം ആരംഭിച്ചത്. ഇന്ന് 23 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി ഇംഗ്ലണ്ടി നഷ്ടമായി. ക്രീസിലുണ്ടായിരുന്ന ഡൊമിനിക് ബെസ്സിനെ (34) ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കി. തൊട്ടുപിന്നാലെ ജയിംസ് ആന്‍ഡേഴ്‌സണിനെ (1) അശ്വിന്‍ ബൗള്‍ഡാക്കി. ജാക്ക് ലീച്ച് (14) പുറത്താവാതെ നിന്നു.

റൂട്ട്- സ്റ്റോക്സ് കൂട്ടുകെട്ട്

രണ്ടാം ദിനം നാലാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ റൂട്ടും സ്റ്റോക്‌സും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. രണ്ടാം ദിനം 263/3 എന്ന സ്‌കോറില്‍ ക്രീസില്‍ ഒത്തു ചേര്‍ന്ന് ഇരുവരും 387 റണ്‍സിലെത്തിയപ്പോഴാണ് വേര്‍ പിരിഞ്ഞത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ സ്റ്റോക്‌സ് 118 പന്തില്‍ 82 റണ്‍സെടുത്തു. സ്റ്റോക്‌സിനെ മടക്കി നദീമാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ഓലി പോപ്പിനെ കൂട്ടുപിടിച്ച് പോരാട്ടം തുടര്‍ന്ന റൂട്ട് ഇംഗ്ലണ്ടിനെ 450 കടത്തി. പോപ്പിനെ(34) അശ്വിന്‍വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ഡബിള്‍ തികച്ച റൂട്ടിനെ(218) നദീം പുറത്താക്കി. ജോസ് ബട്ലറും(30) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇന്ത്യയെ ഫോളോഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി.