
ദുബായ്: മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന ആവശ്യം ഐസിസി നിരസിച്ചതിനെത്തുടര്‍ന്ന് ഏഷ്യാ കപ്പില്‍ നിന്ന് പിന്‍മാറുന്നുവെന്ന് അറിയിച്ച പാകിസ്ഥാന്‍ ഒടുവില്‍ നിലപാട് മാറ്റി. യുഎഇക്കെതിരായ മത്സരത്തില്‍ കളിക്കാനായി പാക് താരങ്ങള്‍ സ്റ്റേഡിയത്തിലെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. മാച്ച് റഫറിയെ മാറ്റാനാവില്ലെന്ന് ഐസിസി കര്‍ശന നിലപാടെടടുത്തതോടെയാണ് പാകിസ്ഥാന്‍ ബഹിഷ്കരണ ഭീഷണി ഉപേക്ഷിച്ച് മത്സരത്തില്‍ കളിക്കാന്‍ തയാറായത്.
പാകിസ്ഥാന്‍-യുഎഇ മത്സരം പുതിയ സമയക്രമം അനുസരിച്ച് ഒമ്പത് മണിക്ക് തുടങ്ങുമെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു. പാക് താരങ്ങളോട് മത്സരത്തില്‍ കളിക്കാനായി സ്റ്റേഡിയത്തിലെത്താന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റുമായ മൊഹ്സിന്‍ നഖ്‌വി ആവശ്യപ്പെട്ടിരുന്നു.
ലാഹോറിലും ദുബായിലും നടന്നത് നാടകീയ നീക്കങ്ങൾ
നേരത്തെ പൈക്രോഫ്റ്റിനെ മാറ്റാൻ ധാരണ ഉണ്ടാക്കിയിട്ടില്ലെന്ന് ഐ സി സി വൃത്തങ്ങൾ അറിയിച്ചതോടെയാണ് പാകിസ്ഥാൻ ഏഷ്യാകപ്പിൽ നിന്ന് പിന്മാറാനുള്ള തീരുമാനം പ്രഖ്യാപിക്കാനൊരുങ്ങിയത്. പി സി ബിയുടെ രണ്ടാമത്തെ മെയിലും ഐ സി സി തള്ളിയതോടെയാണ് ഇന്ന് യുഎഇയ്ക്ക് എതിരായ നിർണായക മത്സരം ഉപേക്ഷിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് പാകിസ്ഥാനെ അനുനയിപ്പിക്കാൻ തിരക്കിട്ട നീക്കം ഐ സി സി തുടങ്ങിയത്. ലാഹോറിലും ദുബായിലുമായി നാടകീയ നീക്കങ്ങൾ നടന്നുവെന്നാണ് വിവരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക