
മുംബൈ: ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോ പുറത്തുവിട്ട് സംഗീത സംവിധായകന്‍ പലാഷ് മുച്ചല്‍. ഇന്ത്യൻ ടീം വനിതാ ഏകദിന ലോകകപ്പുയര്‍ത്തിയ മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് പലാഷ് മുച്ചല്‍ സ്മൃതിയെ ഔദ്യോഗികമായി പ്രപ്പോസ് ചെയ്തത്. ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലെ പിച്ചിലേക്ക് സ്മൃതിയെ കണ്ണുകെട്ടി കൈപിടിച്ച് കൂട്ടിക്കൊണ്ടുവന്നശേഷമാണ് മൈതാനമധ്യത്തില്‍ മുട്ടുകുത്തി നിന്ന് പലാഷ് സ്മൃതിയെ പ്രപ്പോസ് ചെയ്തത്.
പലാഷ് മുച്ചലുമായുള്ള വിവാഹ നിശ്ചയം സ്മൃതി സോഷ്യല്‍ മീഡിയയിലൂടെ ഇന്നലെ ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നു. ഇന്ത്യൻ താരങ്ങളായ ജെമീമ റോഡ്രിഗസ്, രാധാ യാദവ്, ശ്രേയങ്ക പാട്ടീൽ, അരുന്ധതി റെഡ്ഡി എന്നിവർക്കൊപ്പം ചിത്രീകരിച്ച വീഡിയോയിലൂടെ ആയിരുന്നു സ്മൃതി ആരാധകരുമായി വിവാഹ നിശ്ചയ വിവരം പങ്കുവെച്ചത്. ഞായറാഴ്ചയാണ് പലാഷ് മുച്ചാലുമായുള്ള സ്മൃതിയുടെ വിവാഹം.
വിവാഹിതാരവാന്‍ പോകുന്ന സ്മൃതി മന്ദാനയ്‌ക്കും പലാഷ് മുച്ചാലിനും പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തിലൂടെ ആശംസകൾ നേർന്നിരുന്നു. സ്മൃതിക്കും പലാഷിനും എന്നേക്കും സന്തോഷകരമായ ജീവിതം ആശംസിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും കത്തയച്ചിരുന്നു. നേരത്തെ ഇന്ത്യ വനിതാ ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ തന്‍റെ ഇടത് കൈത്തണ്ടയിൽ സ്മൃതിയുടെ ജേഴ്സി നമ്പറിനെ അനുസ്മരിപ്പിച്ച് 'എസ്എം 18' എന്നെഴുതിയ ടാറ്റൂ പതിപ്പിച്ച വീഡിയോ പലാഷ് മുച്ചല്‍ പുറത്തുവിട്ടിരുന്നു. 2019ലാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായത്. 2024 വരെ ഇരുവരും സ്വകാര്യമായി സൂക്ഷിച്ച പ്രണയകഥ കഴിഞ്ഞ വര്‍ഷമാണ് പരസ്യമായത്.
ലോകകപ്പിൽ 54.25 ശരാശരിയിൽ ഒരു സെഞ്ചുറിയും രണ്ട് അർദ്ധസെഞ്ചുറികളും ഉൾപ്പെടെ 434 റൺസ് നേടിയ സ്മൃതി മന്ദാന ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു. ദക്ഷിണാഫ്രിക്കൻ താരം ലോറ വോൾവാർഡിന് പിന്നിലായി ടൂർണമെന്‍റിൽ രണ്ടാമത്തെ ഉയർന്ന റൺസ് നേടിയ താരം സ്മൃതിയായിരുന്നു. നവി മുംബൈയിൽ ന്യൂസിലൻഡിനെതിരെ നേടിയ 109 റൺസായിരുന്നു ലോകകപ്പിലെ സ്മൃതിയുടെ ഏറ്റവും മികച്ച പ്രകടനം.
സെഞ്ചുറിക്ക് മുൻപ് ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനുമെതിരെ നേടിയ 80, 88 എന്നിങ്ങനെ തുടർച്ചയായ സ്കോറുകളും നേടിയിരുന്നു. ഐസിസിയുടെ ലോകകപ്പ് 2025 ടീമിലും സ്മൃതിയെ ഉൾപ്പെടുത്തി, ജമീമ റോഡ്രിഗസ്, ദീപ്തി ശർമ്മ എന്നിവരാണ് ടീമിൽ ഇടം നേടിയ മറ്റ് രണ്ട് ഇന്ത്യൻ താരങ്ങൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക