അക്കാര്യത്തില്‍ കേമന്‍ ധോണി തന്നെ; രസകരമായ പട്ടികയിലേക്ക് സഞ്ജുവും പന്തും

By Web TeamFirst Published Apr 1, 2021, 1:03 PM IST
Highlights

എട്ട് ടീമുകളില്‍ നാലെണ്ണത്തേയും നയിക്കുന്നത് വിക്കറ്റ് കീപ്പര്‍മാരാണ്. മലയാളിതാരം സഞ്ജു സാംസണും റിഷഭ് പന്തും ക്യാപ്റ്റന്മാരായതോടെയാണ് എണ്ണം ഉയര്‍ന്നത്.
 

ചെന്നൈ: ഐപിഎല്‍ അടുത്തെത്തി നില്‍ക്കെ വിവിധ ടീമുകളെ നയിക്കുന്ന ക്യാപ്റ്റന്മാരുടെ കാര്യത്തില്‍ രസകരമായ വസ്തുതയുണ്ട്. എട്ട് ടീമുകളില്‍ നാലെണ്ണത്തേയും നയിക്കുന്നത് വിക്കറ്റ് കീപ്പര്‍മാരാണ്. മലയാളിതാരം സഞ്ജു സാംസണും റിഷഭ് പന്തും ക്യാപ്റ്റന്മാരായതോടെയാണ് എണ്ണം ഉയര്‍ന്നത്. ഇരുവരും യഥാക്രമം രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി കാപിറ്റല്‍സ് എന്നിവരെയാണ് നയിക്കുന്നത്. 

കീപ്പര്‍മാരിലും നായകന്‍മാരിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തല എം എസ് ധോണി തന്നെ കേമനെന്ന് നിസംശയം പറയാം. ഐപിഎല്‍ ആദ്യ സീസണ്‍ മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിക്കുന്ന ധോണി മൂന്ന് തവണ കിരീടം ഉയര്‍ത്തി. 188 കളിയില്‍ 110ല്‍ സി എസ് കെയെ ജയത്തിലേക്ക് നയിക്കുകയും ചെയ്തു. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ടീമെന്ന നിലയിലും നായകനെന്ന നിലയിലും മറുപടി നല്‍കാന്‍കൂടിയാണ് ധോണി ഇത്തവണ ഇറങ്ങുന്നത്. 

പഞ്ചാബ് കിംഗ്‌സ് നായകന്‍ കെഎല്‍ രാഹുല്‍ വിക്കറ്റിന് മുന്നിലും ഒരുപോലെ തിളങ്ങിയ താരം. കഴിഞ്ഞ സീസണില്‍ ഓറഞ്ച് ക്യാപ് നേടിയ രാഹുല്‍ വിക്കറ്റ് കീപ്പറാവുന്നതോടെ പഞ്ചാബിന് ഒരുബാറ്റ്‌സ്മാനെയോ ബൗളറെയോ അധികം ടീമിലുള്‍പ്പെടുത്താനും കഴിയും. രാജസ്ഥാന്‍ റോയല്‍സിനെ നയിക്കാന്‍ ഇത്തവണയെത്തുന്നത് മലയാളികളുടെ പ്രതീക്ഷയായ സഞ്ജു സാംസണ്‍. ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട സ്റ്റീവ് സ്മിത്തിന് പകരമാണ് സഞ്ജുവിനെ നായകനാക്കിയത്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താന്‍ സഞ്ജുവിന് ഐ പി എല്ലിലെ പ്രകടനം നിര്‍ണായകമാവും.

ഇന്ത്യന്‍ ടീമിലെ ഉഗ്രന്‍ പ്രകടനത്തോടെ ഐപിഎല്ലിന് ഒരുങ്ങുന്ന റിഷഭ് പന്തിന് ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സില്‍ നായകന്റെ റോളുമുണ്ട്. പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് പകരമാണ് പന്തിന്റെ നിയമനം. ആര്‍ അശ്വിന്‍, അജിങ്ക്യ രഹാനെ, സ്റ്റീവ് സ്മിത്ത് തുടങ്ങിയ സീനിയര്‍ താരങ്ങളെ മറികടന്നാണ് പന്ത് ഡല്‍ഹിയെ നയിക്കാനെത്തുന്നത്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ വിരാട് കോലിയും മുംബൈ ഇന്ത്യന്‍സിനെ രോഹിത് ശര്‍മ്മയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഡേവിഡ് വാര്‍ണറും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഓയിന്‍ മോര്‍ഗനുമാണ് നയിക്കുന്നത്.

click me!