സൂപ്പര്‍താരം പിന്മാറി; ഐപിഎല്ലിന് ഒരുങ്ങുന്ന ധോണിക്കും സംഘത്തിനും കനത്ത തിരിച്ചടി

By Web TeamFirst Published Apr 1, 2021, 12:00 PM IST
Highlights

അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് 30-കാരന്‍ പിന്മാറുന്നത്. കഴിഞ്ഞ സീസണിലും താരം ടീമിനൊപ്പം ഉണ്ടായിരുന്നെങ്കിലും മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് കളിച്ചത്.

ചെന്നൈ: ഐപിഎല്‍ പടിവാതില്‍ എത്തിനില്‍ക്കെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കനത്ത തിരിച്ചടി. അവരുടെ ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് പുതിയ സീസണ്‍ ഐപിഎല്ലില്‍ നിന്ന് പിന്മാറി. അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് 30-കാരന്‍ പിന്മാറുന്നത്. കഴിഞ്ഞ സീസണിലും താരം ടീമിനൊപ്പം ഉണ്ടായിരുന്നെങ്കിലും മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് കളിച്ചത്. ചെന്നൈ ഇതുവരെ ഹേസല്‍വുഡിന്റെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. 

ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഹേസല്‍വുഡ് പറയുന്നതിങ്ങനെ... ''വിവിധ ക്രിക്കറ്റ് പരമ്പരകളുടെ ഭാഗമായി ഒരുപാട് ദിവസം ബയോ ബബിള്‍ സര്‍ക്കിളിലൂടെയും ക്വാറന്റൈനിലൂടെയും കടന്നു പോവുകയാണ്. വരും പരമ്പരകളിലും ഇങ്ങനെ ചെയ്യേണ്ടിവരും. ഒരുപാട് സമയം ഇതിന് ചെലവഴിക്കേണ്ടി വരുന്നത് മടുപ്പുളവാക്കുന്നു. അന്താരാഷ്ട്ര പരമ്പരകള്‍ വരുമ്പോള്‍ മാനസികമായും ശാരീരികമായും ആരോഗ്യത്തോടെ ഇരിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഐപിഎല്ലില്‍ നിന്ന് പിന്മാറുകയാണ്.'' ഹേസല്‍വുഡ് വ്യക്തമാക്കി. 

നേരത്തെ രണ്ട് ഓസീസ് താരങ്ങള്‍ ഐപിഎല്‍ ഒഴിവാക്കിയിരുന്നു. ജോഷ് ഫിലിപ്, മിച്ചല്‍ മാര്‍ഷ് എന്നിവരാണ് പിന്മാറിയ താരങ്ങള്‍. യഥാക്രമം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നി ടീമുകള്‍ക്ക് വേണ്ടി കളിക്കുന്ന താരങ്ങളാണ് ഇരുവരും. വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരെ ഓസ്‌ട്രേലിയക്ക് കളിക്കേണ്ടതുണ്ട്. പിന്നാലെ ടി20 ലോകകപ്പ്, ആഷസ് എന്നിവയിലാണ് ഓസീസ് കളിക്കുക.
 

click me!