വെടിനിര്‍ത്തി എന്നറിഞ്ഞത് വിമാനത്തില്‍ കയറിയശേഷം, വിദേശതാരങ്ങളെയും കൂട്ടി ഉടൻ തിരിച്ചിറങ്ങി പോണ്ടിംഗ്

Published : May 12, 2025, 04:36 PM IST
വെടിനിര്‍ത്തി എന്നറിഞ്ഞത് വിമാനത്തില്‍ കയറിയശേഷം, വിദേശതാരങ്ങളെയും കൂട്ടി ഉടൻ തിരിച്ചിറങ്ങി പോണ്ടിംഗ്

Synopsis

പഞ്ചാബിന്‍റെ ഓസീസ് താരങ്ങളായ മാർക്കസ് സ്റ്റോയിനിസ്, ജോഷ് ഇംഗ്ലിസ്, സേവ്യർ ബാർട്ട്‍ലെറ്റ് തുടങ്ങിയവർ പോണ്ടിംഗിന്‍റെ നിർദേശത്തെ തുടർന്ന് നാട്ടിലേക്കുളള യാത്ര റദ്ദാക്കി.

ചണ്ഡീഗഡ്: അതിർത്തിയിലെ വെടിനിർത്തൽ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഓസ്ട്രേലിയയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് പഞ്ചാബ് കിംഗ്സ് പരിശീലകന്‍ റിക്കി പോണ്ടിംഗ്. ഇന്ത്യ-പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതോടെ അസിസ്റ്റന്‍റ് കോച്ച് ബ്രാഡ് ഹാഡിനൊപ്പം ഓസ്ട്രേലിയയിലേക്ക് മടങ്ങാൻ പോണ്ടിംഗ് വിമാനത്തിൽ കയറിയിരുന്നു. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുൻപ് വെടിനിർത്തൽ പ്രഖ്യാപനത്തിന്‍റെ വാർത്ത അറിഞ്ഞതോടെ പോണ്ടിംഗ്, ഹാഡിനൊപ്പം മടക്കയാത്ര വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

പ‍ഞ്ചാബ് കിംഗ്സ് സിഇഒ സതീഷ് മേനോനാണ് ഇക്കാര്യം അറിയിച്ചത്. പോണ്ടിംഗിന് മാത്രമെ അത്തരമൊരു തീരുമാനമെടുക്കാന്‍ കഴിയുമായിരുന്നുള്ളുവെന്നും അദ്ദേഹത്തിന്‍റെ ധൈര്യമാണ് ടീം അംഗങ്ങള്‍ നാട്ടിലേക്ക് പോകുന്നത് ത‍ടഞ്ഞതെന്നും സതീഷ് മേനോന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. പഞ്ചാബിന്‍റെ ഓസീസ് താരങ്ങളായ മാർക്കസ് സ്റ്റോയിനിസ്, ജോഷ് ഇംഗ്ലിസ്, സേവ്യർ ബാർട്ട്‍ലെറ്റ് തുടങ്ങിയവർ പോണ്ടിംഗിന്‍റെ നിർദേശത്തെ തുടർന്ന് നാട്ടിലേക്കുളള യാത്ര റദ്ദാക്കി. ദക്ഷിണാഫ്രിക്കൻ താരം മാർകോ യാൻസൻ മാത്രമാണ് നാട്ടിലേക്ക് മടങ്ങിയ പഞ്ചാബിന്‍റെ വിദേശതാരം.

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ പഞ്ചാബ് കിംഗ്സിന്‍റെ മത്സരം ധരംശാലയില്‍ പുരോഗമിക്കുന്നതിനിടെയാണ് അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്ന് സ്റ്റേഡിയത്തിലെ ഫ്ലഡ് ലൈറ്റുകള്‍ നിര്‍ത്തിവെക്കുകയും കാണികളെ സ്റ്റേഡിയത്തില്‍ നിന്ന് ഒഴിപ്പിക്കുകയും ചെയ്തത്. ഈ സമയം 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെന്ന മികച്ച നിലയിലായിരുന്നു പഞ്ചാബ്. ജയിച്ചിരുന്നെങ്കില്‍ പഞ്ചാബിന് പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനവും പ്ലേ ഓഫും ഉറപ്പിക്കാമായിരുന്നു.

നിര്‍ത്തിവെച്ച മത്സരം വീണ്ടും നടത്തുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പഞ്ചാബിന്‍റെ ഹോം മത്സരങ്ങളുടെ വേദി ധരംശാലയില്‍ നിന്ന് നിഷ്പക്ഷ ഗ്രൗണ്ടിലേക്ക് മാറ്റാനും സാധ്യതയുണ്ട്. 11 കളികളില്‍ 15 പോയന്‍റുള്ള പഞ്ചാബ് പ്ലേ ഓഫിന് തൊട്ടടുത്താണ്. അവശേഷിക്കുന്ന മൂന്ന് കളികളില്‍ ഒരെണ്ണം ജയിച്ചാല്‍ പഞ്ചാബിന് പ്ലേ ഓഫ് ഉറപ്പിക്കാം. ഡല്‍ഹിക്കെതരായ മത്സരം കഴിഞ്ഞാല്‍ മുംബൈയും രാജസ്ഥാനുമാണ് അവസാന രണ്ട് മത്സരങ്ങളില്‍ പഞ്ചാബിന്‍റെ എതിരാളികള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി: കേരളം-ഝാര്‍ഖണ്ഡ് മത്സരം സമനിലയില്‍
അവസാന പന്തില്‍ ഏദന്റെ വക സിക്‌സ്! രാജസ്ഥാന്റെ 344 റണ്‍സ് വിജയലക്ഷ്യം മറികടന്ന് കേരളം