ഏഷ്യാ കപ്പ് വിവാദങ്ങള്‍ അവസാനിക്കുന്നില്ല; ജയ് ഷാ മത്സരക്രമം നേരത്തെ പുറത്തുവിട്ടതിനെതിരെ പിസിബി

Published : Jul 21, 2023, 03:43 PM ISTUpdated : Jul 21, 2023, 08:52 PM IST
ഏഷ്യാ കപ്പ് വിവാദങ്ങള്‍ അവസാനിക്കുന്നില്ല; ജയ് ഷാ മത്സരക്രമം നേരത്തെ പുറത്തുവിട്ടതിനെതിരെ പിസിബി

Synopsis

വേദിയെ ചൊല്ലിയുള്ള നീണ്ട നാടകീയതകള്‍ക്കൊടുവില്‍ ജൂലൈ 19-ാം തിയതിയാണ് ട്വിറ്ററിലൂടെ ജയ് ഷാ ഏഷ്യാ കപ്പ് മത്സരക്രമം പ്രഖ്യാപിച്ചത്

ലാഹോര്‍: ഏഷ്യാ കപ്പ് പുരുഷ ക്രിക്കറ്റ് ടൂര്‍ണമെന്‍റിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ടൂര്‍ണമെന്‍റിന്‍റെ മത്സരക്രമം പ്രഖ്യാപിക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നടത്താനിരുന്ന ചടങ്ങ് ആരംഭിക്കുന്നതിന് മുമ്പ് എസിസി തലവനും ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷാ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു എന്നതാണ് പുതിയ വിവാദമായി പിസിബി ഉയര്‍ത്തിക്കാട്ടുന്നത്. 

വേദിയെ ചൊല്ലിയുള്ള നീണ്ട നാടകീയതകള്‍ക്കൊടുവില്‍ ജൂലൈ 19-ാം തിയതിയാണ് ട്വിറ്ററിലൂടെ ജയ് ഷാ ഏഷ്യാ കപ്പ് മത്സരക്രമം പ്രഖ്യാപിച്ചത്. ഇതില്‍ പിസിബി ഒട്ടും സംതൃപ്‌തരല്ല എന്നാണ് റിപ്പോര്‍ട്ട്. ലാഹോറില്‍ വ്യാഴാഴ്‌ച വൈകിട്ട് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മത്സരക്രമം പ്രഖ്യാപിക്കാനും ട്രോഫി അനാവരണം ചെയ്യാനും പദ്ധതിയിട്ടിരുന്നു. ഈ ചടങ്ങില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് മാനേജ്‌മെന്‍റ് കമ്മിറ്റിയും മുന്‍ താരങ്ങളും പങ്കെടുത്തു. എന്നാല്‍ ഈ ചടങ്ങ് തുടങ്ങാന്‍ അര മണിക്കൂര്‍ മാത്രം അവശേഷിക്കേ ട്വിറ്ററിലൂടെ ഷാ ഏഷ്യാ കപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിക്കുകയായിരുന്നു. മത്സരക്രമം പ്രഖ്യാപിക്കേണ്ടിയിരുന്നത് പിസിബിയാണ് എന്ന് എസിസിയുമായി ധാരണയിലെത്തിയിരുന്നു എന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ വാദം. ജയ് ഷായുടെ പ്രഖ്യാപനത്തോടെ ലാഹോറിലെ പരിപാടിയുടെ പ്രസക്‌തി ഇല്ലാതായി എന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വാദിക്കുന്നു. 

ഏഷ്യാ കപ്പില്‍ ഇക്കുറി ഹൈബ്രിഡ് മോഡലിലാണ് മത്സരങ്ങള്‍. 4 മത്സരങ്ങള്‍ക്ക് പാകിസ്ഥാനും 9 മത്സരങ്ങള്‍ക്ക് ലങ്കയും വേദിയാവും. ഫൈനല്‍ അടക്കമുള്ള നിർണായക മത്സരങ്ങള്‍ ശ്രീലങ്കയില്‍ വച്ചാണ് നടക്കുക. രണ്ട് ഗ്രൂപ്പുകളിലായാണ് ഏഷ്യാ കപ്പ് മത്സരങ്ങള്‍. ഗ്രൂപ്പ് എയില്‍ ബന്ധവൈരികളായ ഇന്ത്യക്കും പാകിസ്ഥാനുമൊപ്പം നേപ്പാളാണ്. ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്‍ഗാനിസ്ഥാന്‍ ടീമുകള്‍ വരും. മുള്‍ട്ടാനില്‍ ഓഗസ്റ്റ് 30-ാം തിയതി ആതിഥേയരായ പാകിസ്ഥാന്‍ നേപ്പാളിനെ നേരിടുന്നതോടെയാണ് ഏഷ്യാ കപ്പ് 2023ന് തുടക്കമാവുക. സെപ്റ്റംബർ രണ്ടിന് കാന്‍ഡിയില്‍ വച്ചാണ് ടൂർണമെന്‍റിലെ ആദ്യ ഇന്ത്യ-പാകിസ്ഥാന്‍ ആവേശപ്പോരാട്ടം. ഗ്രൂപ്പ് ഘട്ടം കടന്നാല്‍ സൂപ്പര്‍ ഫോറിലും ഫൈനലിലും ഇന്ത്യ-പാക് മത്സരം വരുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. 

Read more: നാടകങ്ങള്‍ക്കൊടുവില്‍ ഏഷ്യാ കപ്പ് വേദികളും തിയതികളും പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ലീഡ്
മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ നേട്ടം, വിക്കറ്റ് നേട്ടത്തില്‍ 'ട്രിപ്പിള്‍ സെഞ്ചുറി' തികച്ച് ജസ്പ്രീത് ബുമ്ര