മത്സരങ്ങള്‍ക്ക് പാകിസ്ഥാനും മത്സരങ്ങള്‍ക്ക് ലങ്കയും വേദിയാവും. ഫൈനല്‍ അടക്കമുള്ള നിർണായക മത്സരങ്ങള്‍ ശ്രീലങ്കയില്‍ വച്ചാണ് നടക്കുക.

ഇസ്ലാമാബാദ്: നീണ്ട നാടകീയതകള്‍ക്കൊടുവില്‍ ഏഷ്യാ കപ്പ് മത്സരക്രമം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തലവന്‍ ജയ് ഷാ പ്രഖ്യാപിച്ചു. പാകിസ്ഥാനാണ് ആതിഥേയരെങ്കിലും നേരത്തെ അംഗീകരിച്ച ഹൈബ്രിഡ് മോഡലിലാണ് മത്സരങ്ങള്‍. 4 മത്സരങ്ങള്‍ക്ക് പാകിസ്ഥാനും 9 മത്സരങ്ങള്‍ക്ക് ലങ്കയും വേദിയാവും. ഫൈനല്‍ അടക്കമുള്ള നിർണായക മത്സരങ്ങള്‍ ശ്രീലങ്കയില്‍ വച്ചാണ് നടക്കുക. രണ്ട് ഗ്രൂപ്പുകളിലായാണ് ഏഷ്യാ കപ്പ് മത്സരങ്ങള്‍. ഗ്രൂപ്പ് എയില്‍ ബന്ധവൈരികളായ ഇന്ത്യക്കും പാകിസ്ഥാനുമൊപ്പം നേപ്പാളാണ്. ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്‍ഗാനിസ്ഥാന്‍ ടീമുകള്‍ വരും. 

മുള്‍ട്ടാനില്‍ ഓഗസ്റ്റ് 30-ാം തിയതി ആതിഥേയരായ പാകിസ്ഥാന്‍ നേപ്പാളിനെ നേരിടുന്നതോടെയാണ് ഏഷ്യാ കപ്പ് 2023ന് തുടക്കമാവുക. ഉദ്ഘാടന ചടങ്ങുകളും മുള്‍ട്ടാനിലായിരിക്കും. തൊട്ടടുത്ത ദിവസം 31-ാം തിയതി ശ്രീലങ്കയിലെ കാന്‍ഡിയില്‍ വച്ച് ബംഗ്ലാദേശ്-ശ്രീലങ്ക പോരാട്ടം നടക്കും. സെപ്റ്റംബർ രണ്ടിന് കാന്‍ഡിയില്‍ വച്ചാണ് ടൂർണമെന്‍റിലെ ആദ്യ ഇന്ത്യ-പാകിസ്ഥാന്‍ ആവേശപ്പോരാട്ടം. സെപ്റ്റംബർ 3ന് പാകിസ്ഥാനിലെ ലാഹോറില്‍ ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാന്‍ മത്സരവും 4ന് കാന്‍ഡിയില്‍ ഇന്ത്യ-നേപ്പാള്‍ അങ്കവും നടക്കും. അഞ്ചാം തിയതി ലാഹോറില്‍ ശ്രീലങ്ക-അഫ്ഗാന്‍‌ പോരാട്ടത്തോടെ ആദ്യ റൗണ്ട് മത്സരങ്ങള്‍ തീരും. സെപ്റ്റംബർ 6 മുതല്‍ 15 വരെ ലാഹോർ, കാന്‍ഡി, ദംബുള്ള എന്നിവിടങ്ങളിലായാണ് സൂപ്പർ ഫോർ മത്സരങ്ങള്‍. സെപ്റ്റംബർ 17ന് കൊളംബോയിലാണ് കലാശപ്പോര്. 

Scroll to load tweet…

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് യാത്ര ചെയ്യില്ല എന്ന് ബിസിസിഐ നിലപാടെടുത്തതോടെയാണ് ഏഷ്യാ കപ്പ് ഹൈബ്രിഡ് മോഡലില്‍ നടത്താന്‍ തീരുമാനമായത്. ഇത് ആതിഥേയരായ പാകിസ്ഥാന്‍ അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ കൂടുതല്‍ മത്സരങ്ങള്‍ പാകിസ്ഥാനില്‍ വച്ച് നടത്തണമെന്നും ലങ്കയില്‍ നടക്കുന്ന ഇന്ത്യ-പാക് മത്സരം ഉള്‍പ്പടെയുള്ള നിർണായക പോരാട്ടങ്ങളില്‍ നിന്ന് കൂടുതല്‍ വരുമാനം ബോർഡിന് നല്‍കണമെന്നും പിസിബി കടുപിടുത്തം പിടിച്ചതോടെയാണ് മത്സരക്രമത്തിന്‍റെ പ്രഖ്യാപനം വൈകിയത്. ഏഷ്യാ കപ്പ് ഷെഡ്യൂള്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിക്കേണ്ടതായിരുന്നു. 

Read more: കളി ഇന്ത്യന്‍ ചെക്കന്‍മാരോടോ; കഷ്‍ടിച്ച് 200 കടന്ന് പാകിസ്ഥാന്‍ എ ഓൾഔട്ട്, ഹംഗർഗേക്കറിന് 5 വിക്കറ്റ്