
അഹമ്മദാബാദ്: ഐപിഎൽ ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 191 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന പഞ്ചാബ് കിംഗ്സിന് മികച്ച തുടക്കം. പവര്‍ പ്ലേ പൂര്‍ത്തിയായപ്പോൾ പഞ്ചാബ് ഒരു വിക്കറ്റ് നഷ്ടത്തിൽ 52 റൺസ് എന്ന നിലയിലാണ്. പ്രിയാൻഷ് ആര്യയുടെ വിക്കറ്റാണ് പഞ്ചാബിന് നഷ്ടമായത്. 15 റൺസുമായി പ്രഭ്സിമ്രാൻ സിംഗും 8 റൺസുമായി ജോഷ് ഇംഗ്ലിസുമാണ് ക്രീസിൽ.
ഭുവനേശ്വര്‍ കുമാറാണ് ആര്‍സിബിക്ക് വേണ്ടി ആദ്യ ഓവര്‍ എറിയാനെത്തിയത്. എന്നാൽ, ആദ്യ പന്ത് തന്നെ ബൗണ്ടറിയിലേയ്ക്ക് പായിച്ചാണ് പ്രിയാൻഷ് ആര്യ ഭുവനേശ്വറിനെ സ്വാഗതം ചെയ്തത്. അവസാന പന്തിൽ പ്രഭ്സിമ്രാൻ സിംഗ് സിക്സർ കൂടി നേടിയതോടെ ആദ്യ ഓവറിൽ തന്നെ 13 റൺസ് പിറന്നു. രണ്ടാം ഓവറിൽ യാഷ് ദയാലും രണ്ട് ബൗണ്ടറികൾ വഴങ്ങിയതോടെ 10 റൺസ് കൂടി കൂട്ടിച്ചേര്‍ക്കാൻ പഞ്ചാബിന്റെ ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞു. പഞ്ചാബിന്റെ റണ്ണൊഴുക്ക് തടയാൻ സ്റ്റാര്‍ പേസര്‍ ജോഷ് ഹേസൽവുഡിനെ തന്നെ നായകൻ രജത് പാട്ടീദാര്‍ പന്തേൽപ്പിച്ചു. നാലാം പന്തിൽ പ്രഭ്സിമ്രാൻ സിംഗിനെ പുറത്താക്കാൻ ലഭിച്ച മികച്ച ഒരു അവസരം റൊമാരിയോ ഷെപ്പേര്‍ഡ് കൈവിട്ടുകളഞ്ഞു. ആകെ 5 റൺസ് മാത്രമേ പഞ്ചാബ് ബാറ്റര്‍മാര്‍ക്ക് ഹേസൽവുഡിനെതിരെ നേടാനായുള്ളൂ. 3 ഓവര്‍ പൂര്‍ത്തിയായപ്പോൾ പഞ്ചാബിന്റെ സ്കോര്‍ വിക്കറ്റ് നഷ്ടമില്ലാതെ 28 റൺസ്.
നാലാം ഓവറിൽ ഭുവനേശ്വര്‍ കുമാര്‍ വീണ്ടുമെത്തി. വെറും 4 റൺസ് മാത്രമാണ് ഈ ഓവറിൽ ഭുവനേശ്വര്‍ വഴങ്ങിയത്. ഇതോടെ 3, 4 ഓവറുകളിൽ ബൗണ്ടറി കണ്ടെത്താൻ പഞ്ചാബ് ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞില്ല. അഞ്ചാം ഓവറിൽ വീണ്ടും പഞ്ചാബിന് മേൽ സമ്മര്‍ദ്ദമേറ്റാൻ ഹേസൽവുഡിനെ തന്നെ പാട്ടീദാര്‍ പന്തേൽപ്പിച്ചു. എന്നാൽ, രണ്ടാം പന്തിലും മൂന്നാം പന്തിലും പ്രിയാൻഷ് ആര്യ ബൗണ്ടറി കണ്ടെത്തി. അവസാന പന്തിൽ സിക്സര്‍ നേടാനുള്ള പ്രിയാൻഷിന്റെ ശ്രമം ബൗണ്ടറി ലൈനിൽ ഫിൽ സാൾട്ടിന്റെ മനോഹരമായ ക്യാച്ചിൽ അവസാനിച്ചു. 19 പന്തിൽ 24 റൺസ് നേടിയാണ് പ്രിയാൻഷ് മടങ്ങിയത്. ഇതോടെ ജോഷ് ഇംഗ്ലിസ് ക്രീസിലെത്തി. ആറാം ഓവറിന്റെ അഞ്ചാം പന്തിൽ സിക്സറടിച്ച് ഇംഗ്ലിസ് പഞ്ചാബിന്റെ സ്കോര്‍ 50 കടത്തി.